Sunday, September 22, 2013

എന്നെപ്പറ്റി അവരൊക്കെ എന്ത് പറയുന്നു.......

എന്നെപ്പറ്റി അവരൊക്കെ എന്ത് പറയുന്നു.......
ജോബിന് പകരക്കാരനായി മലപ്പുറത്ത് എത്തിയശേഷമുള്ള ഓരോ ഫോണ്‍ സംഭാഷണത്തിനും അവന്‍ തുടക്കമിടുന്നത് ഇങ്ങനെയാവും. പിന്നെ പേരെടുത്ത് ഓരോരുത്തരെക്കുറിച്ചും അന്വേഷണം. ഇടക്കിടെ  എന്നെക്കുറിച്ച് അവന്‍ എന്തെങ്കിലും പറഞ്ഞോയെന്ന ചോദ്യം.....ജോബിന്‍െറ ഓര്‍മകള്‍ കുറിക്കാനിരിക്കുമ്പോഴും ഈ ചോദ്യം മുഴങ്ങുന്നു. ഈ ഓര്‍മക്കുറുപ്പ് അവനെ തൃപ്തനാക്കുമോ? എത്രയെഴുതിയിട്ടും ഒന്നും പോരെന്നൊരു തോന്നല്‍. അവന് ഇഷ്ടമാകുമോയെന്ന സംശയം. ഒടുവില്‍ കുറിച്ചിട്ട നെല്ലിയാംമ്പതി യാത്രയും അട്ടപ്പാടി വിശേഷവും പാലക്കാടന്‍ കോട്ടയിലെ ജയില്‍ കാഴ്ചയും മായിച്ചു. ഓര്‍മകളൊന്നും പോരെന്ന തോന്നല്‍. 
----------------------

എടാ പോടാ വിളികളില്ലാതെ പേരുവിളിച്ചുമാത്രം സംസാരത്തിന് തുടക്കമിടുന്ന ജോബിന്‍ കോഴിക്കോടന്‍ കാലത്ത്  ആദ്യം കൗതുകമായിരുന്നു. സംസാരത്തില്‍ പാലാ ചുവ നിറയുന്ന ‘ഹിന്ദു’ പത്രത്തിന്‍െറ ആരാധകനായിരുന്ന അവന്‍  പിന്നെ നല്ല ചങ്ങായിയായി... പക്ഷേ ഈ പാലാക്കാരന്‍ മാണി സാറിന്‍െറ ഏതിര്‍ചേരിയിലായിരുന്നുവെന്ന കാര്യം മാത്രം ഉറക്കെപ്പറഞ്ഞു. താമസസ്ഥലത്തിനടുത്ത വീട്ടുകാര്‍ക്കൊപ്പം പള്ളിയില്‍ പോകാന്‍ അവനൊപ്പം ഞങ്ങള്‍ മല്‍സരിച്ചു.എങ്കിലും അവന്‍ തന്നെയാവും ഒന്നാമത്. വയനാട്ടിലെ പേരറിയാത്ത കുന്നിന്‍മുകളില്‍ ഓടിക്കയറുമ്പോഴും എന്നും ഉയരം മാത്രം സ്വപ്നം കണ്ടിരുന്ന അവന്‍ തന്നെയായിരുന്നു മുന്നില്‍. യാത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ഒരു യാത്രയില്‍ തന്നെ മടങ്ങിയ നിന്നെ പറ്റി എല്ലാവരും എന്ത് പറയും.?? ബുള്‍ഗാന്‍ ആരെങ്കിലും ഓര്‍ത്തെടുക്കുമോ....

എബി തോമസ്

തെറ്റുകള്‍ക്കെതിരെ സദാ പ്രതികരിക്കുന്ന ജോബിന്‍

മരണം തിരിച്ചറിഞ്ഞ് അതിനുള്ള അടയാളങ്ങളും സമ്മാനിച്ചാണ്  ജോബിന്‍ എന്ന പ്രിയ കൂട്ടുകാരന്‍ വിട്ടുപിരിഞ്ഞത്. തെറ്റുകള്‍ക്കെതിരെ സദാ പ്രതികരിക്കുന്ന അവന്‍ എന്‍െറ തൊട്ടടുത്ത മുറിയിലായിരുന്നു താമസം.
2010 സെപ്റ്റംബര്‍ 14 ന് മാധ്യമം ദിനപ്പത്രത്തിലെ തൃശൂര്‍ സബ് എഡിറ്ററായിരുന്ന ഉറക്കത്തില്‍ സൈലന്‍റ് അറ്റാക്കിലൂടെ നമ്മെ വിട്ടുപിരിഞ്ഞ എന്‍.കെ. റിയാസിന്‍െറ അനുസ്മരണ യോഗത്തില്‍ ജോബിന്‍ അഗസ്റ്റിന്‍ സംസാരിച്ചു- കണ്ണുകള്‍ നിറഞ്ഞ്... ദുഖ ഹൃദയത്താല്‍...‘റിയാസിന്‍െറ കുടുംബത്തെ സഹായിക്കണം. അതാണ് ഇനി നമ്മുടെ ഉത്തരവാദിത്വമെന്ന്’- റിയാസിന്‍െറ മരണശേഷം കൃത്യം 19 ാം ദിവസം ജോലി കഴിഞ്ഞ് കോട്ടയത്തുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നും തെറിച്ച് വീണ് ജോബിന്‍ ആശുപത്രിയിലായി. ജോലി സ്ഥലത്തുവെച്ച് സുഹൃത്തുക്കള്‍ പറഞ്ഞു. ജോബിന് ആക്സിഡന്‍റായെന്ന്. ഞങ്ങള്‍ കാര്യമാക്കിയില്ല. ആ ആക്സിഡന്‍റിന് ഇത്ര തീവ്രത ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ കരുതിയില്ല. പിന്നെ ഒരു ഫോണ്‍ കോള്‍. ‘ജോബിന്‍ മരിച്ചു’. രണ്ട് വാക്കുകള്‍.. ജോബിന്‍ .... മരിച്ചു.. ഒരു ജീവിതം തീര്‍ന്നു.
ഇടക്കിടക്ക് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റില്‍ ഞങ്ങള്‍ ഒരുമിച്ച് ചായകുടിക്കാന്‍ പോകുമായിരുന്നു. എല്ലാ വിഷയങ്ങളെപ്പറ്റിയും സംസാരിക്കും. സംസാരിച്ച് മതിവരാതെ ഞങ്ങള്‍ പിരിയും. അങ്ങനെ എത്ര എത്രയോ ദിനങ്ങള്‍..
മരിക്കുന്നതിന്‍െറ തലേദിവസം ജോബിന്‍ മാധ്യമത്തിലെ പ്രസില്‍ കയറി. മെഷീന്‍െറ മുകളിലേക്ക് കയറിയ ജോബിന്‍ അവിടെയെല്ലാം നോക്കി കണ്ടു. സാധാരണ പ്രസിലെ ആളുകളും മെഷീന്‍ ഓപ്പറേറ്റ് ചെയ്യുന്നവരുമല്ലാത്തവര്‍ കയറിയാല്‍ ഷൗക്കത്ത് ഇക്ക അടക്കമുള്ളവര്‍ ചീത്ത പറയാറുണ്ട്. അന്ന് ജോബിന്‍ കയറി എല്ലാം കണ്ടപ്പോള്‍ അവനോട് ആരും ഒന്നും പറഞ്ഞില്ല. പ്രസില്‍ കയറി എല്ലാം കണ്ടശേഷം അവന്‍ പ്ളേറ്റ് കഴുകുന്ന മുറിയില്‍ ചെന്നു. അവിടെ ആതിഥ്യന്‍ ചേട്ടനും സുബൈര്‍ ഇക്കയും ഉണ്ടായിരുന്നു, അവരോടെല്ലാം സംസാരിക്കുന്നതിനിടയില്‍ ജോബിന്‍ ഒരു കുസൃതി കാട്ടി. അവന്‍െറ ഫോട്ടോയെടുത്ത് പ്ളേറ്റ് കഴുകുന്ന റൂമില്‍ ഒട്ടിച്ചു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ നാളെ ചരമത്തില്‍ കൊടുത്തോളാന്‍ പറഞ്ഞു. ആ വാക്ക് അറം പറ്റി പോയി.
വളരെ പ്രധാനപ്പെട്ട ആരുമറിയാത്ത ഒരു കാര്യം കൂടി. ജോബിന്‍ മരിക്കുന്നതിന് കൃത്യം ഒരാഴ്ച മുമ്പ് സെക്യൂരിറ്റി ജീവനക്കാരനായ ഡെലക്സ് ഡോറോ ചേട്ടനോട് പറഞ്ഞു. ചേട്ടാ കുറേ നാളായി, പള്ളിയില്‍ ഒക്കെ പോയിട്ട്. ഇപ്പോ തോന്നുന്നു, ഒന്നു പോയി കുമ്പസാരിച്ചാലോ എന്ന്. അടുത്തുള്ള പള്ളി ചോദിച്ചപ്പോള്‍ ബ്രോഡ്വേയിലുള്ള നിത്യ സഹായ മാതാവിന്‍െറ പള്ളി ഡെലക്സ് ചേട്ടന്‍ പറഞ്ഞുകൊടുത്തു. ജോബിന്‍ അവിടെ പോകുമെന്ന് പറഞ്ഞു. പിന്നീട് അവന്‍ പോയോ എന്ന് ഞങ്ങള്‍ക്കറിയില്ല.
അവന്‍െറ മരണ വാര്‍ത്ത തീര്‍ത്താല്‍ തീരാത്ത ദുഖമാണ് തരുന്നത്. പലപ്പോഴും സംസാരത്തിനിടയില്‍ ഇപ്പോള്‍ ജോബിന്‍ ഉണ്ടായിരുന്നെങ്കില്‍ അവന്‍ ‘ഇങ്ങനെ ചെയ്യുമായിരുന്നു’, ‘അങ്ങനെ പറയുമായിരുന്നു’ എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ കുറേ കൂട്ടുകാര്‍ സമാധാനിക്കുകയാണ്.
fttp://restasdeath.blogspot.com

--യൂസുഫ് പല്ലാരിമംഗലം--

കെ.എ. യൂസുഫ്
ഡി.ടി.പി

‘മച്ചാ’ എന്ന വിളി

    പഠനത്തിനിടെ എത്രയോ സുഹൃത്തുക്കളുണ്ടായി. ആ ബന്ധങ്ങള്‍ പലതും പുഷ്പിച്ച ശേഷം ഉണങ്ങിക്കരിഞ്ഞു. എന്നാല്‍ ചില ബന്ധങ്ങള്‍ നിലനിന്നുകൊണ്ടേയിരിക്കും. പകുതിയിലധികം സുഹൃത്തുക്കളേയും ഇതിനിടെ  മറന്നിരിക്കും. ഇതില്‍ നിന്നു വ്യത്യസ്തനാവുകയായിരുന്നു പാലയിലെ രാമപുരത്തുകാരന്‍ ജോബിന്‍ അഗസ്റ്റിന്‍ എന്ന എന്‍്റെ പ്രിയ കൂട്ടുകാരന്‍. രണ്ടു വര്‍ഷമേ ഞാനും ജോബിനും ഒരുമിച്ചു പഠിച്ചിട്ടുള്ളൂ. പക്ഷേ ആ ബന്ധം അവന്‍്റെ മരണം അവന്‍ തുടര്‍ന്നു. ഞാന്‍ വിളിക്കാന്‍ മറന്നാലും അവന്‍ തിരിച്ചുവിളിക്കും. വിളിക്കാത്തതിനാല്‍ അവന്‍ സ്നേഹത്തോടെ ശകാരിക്കും. ശകാരത്തിനു കോട്ടയം മോഡലിന്‍്റെ വീറുണ്ടാവും എന്നു മാത്രം. ജോബിന്‍ ഇത്രമാത്രം സ്നേഹസമ്പന്നനായിരുന്നുവോ എന്നു മരണത്തോടെയാണു  മനസിലാകുന്നത്. മരണശേഷമാണല്ളോ നാം എല്ലാവരേയും പുകഴ്ത്തുന്നത്. എന്നാല്‍ സുഹൃദ്ബന്ധം പാറക്കെട്ടുകളിലൊളിക്കുന്ന സമയത്തും ജോബിന്‍്റെ പെരുമാറ്റം എപ്പോഴും കൂടുതല്‍ അടുപ്പത്തിനു വേണ്ടിയുള്ളതായിരുന്നു. എം.ജി. യുണിവേഴ്സിറ്റിയ്ക്കു കീഴില്‍ മാന്നാനത്തുള്ള സ്കൂള്‍ ഓഫ് കമ്മ്യണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ആദ്യമായി പരിചയപ്പെടുന്നതും ഈ രാമപുരത്തുകാരനോടാണ്. എന്‍്റെ നാട്ടിലും ഒരു രാമപുരമുണ്ടെന്നു ഞാനവനോടു പറഞ്ഞു. പിന്നെയവന്‍ എന്‍്റെ നാടിനെക്കുറിച്ചന്വേഷിച്ചു. വീട്ടുകാരെക്കുറിച്ച്. പക്ഷേ അവന്‍ ചോദിച്ചതു പോലെ എനിക്കു തിരിച്ചുചോദിക്കാനുമായില്ല. ചോദിക്കാത്തതു ഭാഗ്യമെന്നു പിന്നീടെനിക്കു തോന്നി. ഇല്ലായ്മയില്‍ നിന്നത്തെി അവന്‍്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു ജോബിന്‍. പിന്നീടൊരിക്കല്‍ ഞാന്‍ ചോദിക്കാതെ അവന്‍ വീട്ടിലെ കാര്യങ്ങള്‍ എന്നോടു തന്നെ പറഞ്ഞു. കുടുംബങ്ങളെക്കുറിച്ച്... നാടിനെക്കുറിച്ച്. കഷ്ടപ്പാടുകളെക്കുറിച്ച്... 
ക്ളാസ് കഴിഞ്ഞാല്‍ നേരെ മാന്നാനം വഴി പാലയിലേക്കൊരു വണ്ടിയുണ്ട്. അതിലവന്‍ നേരെ വീട്ടിലേക്ക്. ചിലപ്പോള്‍ ഞാന്‍ അവനെ പിടിച്ചു നിര്‍ത്തും. ഇന്നൊരു ദിവസം നീ എന്‍്റെ കൂടെ നില്‍ക്ക്. അങ്ങനെ ചില ആഴ്ചകളില്‍ ഒരു ദിവസം ജോബിന്‍ എന്‍്റെ കൂടെ മാന്നാനത്തുള്ള വാടകവീട്ടില്‍ കഴിയും. ഭക്ഷണമെല്ലാം കഴിച്ച് പിന്നീട് ‘മച്ചാ’ എന്നൊരു വിളിയുണ്ടാകും. ഭക്ഷണമെല്ലാം നന്നായി എന്നു പറയും. നീ എന്നെ കളിയാക്കരുതെന്നു ഞാന്‍ പറയും. കാരണം മാന്നാനത്തു നിന്നു പഠിക്കുന്ന എനിക്ക് ഉപ്പുമാവും ചോറും സാമ്പാറുമാണ് ആകെയുണ്ടാക്കാനറിയുന്നത്. ഇതു കഴിച്ചതിനുള്ള സന്തോഷത്തിലാണ് അവന്‍്റെ മച്ചാ വിളി. എന്തുമായും പൊരുത്തപ്പെടാന്‍ അവന്‍ പഠിക്കുകയും ചെയ്തിരുന്നു. 
ബാഗും പുസ്തകവും ഉപയോഗിക്കുന്നത് അന്നു ജോബിന്‍്റെ ശൈലിയായിരുന്നില്ല. കോളജ് മോഡലില്‍ ഫയല്‍ തന്നെയായിരുന്നു രീതി. കുഞ്ഞുകുഞ്ഞക്ഷരമായാണ് എഴൂത്തെന്നതിനാല്‍ വായിച്ചെടുക്കാന്‍ പ്രയാസമാണ്. എന്നാല്‍ യൂണിവേഴ്സിറ്റി ലൈബ്രറിയിലത്തെി എത്രയോ വിവരങ്ങള്‍ എഴുതി അവന്‍ ഈ ഫയലിലാക്കിയിട്ടുണ്ട്. കുന്നിന്‍മുകളിലുള്ള എം.ജി. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ എത്തുംനേരം പണി കഴിഞ്ഞിട്ടുണ്ടാവും. നേരെയുള്ള കയറ്റമായതിനാല്‍ കിതച്ചിട്ടുണ്ടാവും. ജോയ് ചേട്ടന്‍്റെ ചായക്കടയാണ് അപ്പോള്‍ ശരണം. അവിടെയിരുന്നു ചായക്കു ശേഷം ഞങ്ങള്‍ ലൈബ്രറിയിലേക്ക്. അഞ്ചു മണിയോടെയാണു അവന്‍ പിന്നീടു വീട്ടിലേക്കു തിരിക്കുന്നത്. 
നല്ല രസികന്‍ കൂടിയായിരുന്നു ജോബിന്‍. അവന്‍്റെ ട്രേഡ് മാര്‍ക്ക് തന്നെ ‘മച്ചാ’ വിളിയാണ്. എന്‍്റെ ബാച്ചിലുള്ളവരേക്കാള്‍ ഏറെ സീനിയേഴ്സില്‍ ചിലര്‍ ജോബിനെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു. അവന്‍്റെ മിതത്വത്തിലുള്ള സ്വഭാവവും സ്നേഹത്തോടെയുള്ള മച്ചാവിളിയുമാവാം ഇതിന്‍്റെ കാരണമെന്നു തോന്നുന്നു. 
രണ്ടു വര്‍ഷം കഴിഞ്ഞതോടെ മാന്നാനത്തെ പഠനവും കഴിഞ്ഞു. ഞാന്‍ മംഗളത്തില്‍ റിപ്പോര്‍ട്ടറായി. ഒരു ജോലിയുടെ കാര്യം അവന്‍ എന്നോടു പറയും. പിന്നീടവന്‍ മാധ്യമത്തിലത്തെി. പത്രപ്രവര്‍ത്തന മേഖലയിലും ഞങ്ങള്‍ ഒപ്പമായി. ഞങ്ങള്‍ ഇരുവരും മലപ്പുറത്തത്തെി.  ഇവിടെയും ഞങ്ങള്‍ ഒരുമിച്ചുനിന്നു. അവന്‍ മാധ്യമത്തിലും ഞാന്‍ മംഗളത്തിലുമായിരുന്നുവെങ്കിലും പഴയ സുഹൃത്ബന്ധം ഉണ്ടായിരുന്നതിനാല്‍ എന്നോടു തന്നെയായിരുന്നു അടുപ്പം. പിന്നീടവനു എറണാകുളത്തേക്കു സ്ഥലം മാറ്റമായി. 
ഒരു ദിവസമാണു മാന്നാനത്ത് ഒപ്പം പടിച്ച എന്‍്റെ ക്ളാസിലെ സുഹൃത്തുക്കളാരോ വിളിക്കുന്നു. ജോബിന് എന്തെങ്കിലും പറ്റിയോ. ഒറ്റവാക്കില്‍ ഞാന്‍ പറഞ്ഞു. എനിക്കറിയില്ലല്ളോ എന്ന്. അവന്‍ ഇപ്പോള്‍ മലപ്പുറത്തു നിന്നു മാറിയെന്നും ഞാന്‍ പറഞ്ഞു. വീണ്ടും സുഹൃത്തുക്കള്‍ എന്നെ വിളിച്ചു. ജോബിന് എന്താടെ പറ്റിയെന്ന് ചോദിച്ചു. എന്തോ ഉണ്ടെന്നു തോന്നിയതോടെയാണ് ഞാനവരോടു തിരിച്ചു ചോദിച്ചത്. അപകടത്തില്‍ പെട്ടിരിക്കുന്നുവെന്നാരോ പറഞ്ഞു. ഒടുവില്‍ സുഹൃത്തുക്കള്‍ തന്നെ വിളിച്ചു പറഞ്ഞു. ജോബിന്‍ മരിച്ചിരിക്കുന്നുവെന്ന്.  വിശ്വസിക്കാനായിരുന്നില്ല അത്. സ്വപ്നങ്ങളുണ്ടായിരുന്ന അവന്‍ ദൈവനിശ്ചയത്തില്‍ നേരത്തെ ഞങ്ങളോടു വിടപറഞ്ഞു. പക്ഷേ ഇന്നും അവന്‍ ഒപ്പമുണ്ടെന്നു തോന്നുന്നു. ഒരു നല്ല സുഹൃത്തിനെ പോലെ. ആ മച്ചാ വിളി ഇന്നും കേള്‍ക്കുന്നുണ്ടെന്നു തോന്നും.

ശിഹാബുദീന്‍ കൊടശേരി, മംഗളം മലപ്പുറം

ഒരു പെണ്ണുകാണലിന്‍െറ ഓര്‍മക്ക്

ഒരു ജോലിയായി ശമ്പളം കിട്ടാന്‍ തുടങ്ങിയിട്ടും പെണ്ണുകെട്ടാത്ത ചെറുപ്പക്കാരന്‍ നഷ്ട സ്വര്‍ഗങ്ങളുടെ തടവുകാരനാണ്. നഷ്ട സ്വര്‍ഗങ്ങളുടെ തടവറയില്‍ കിടന്നുറങ്ങുന്ന ചെറുപ്പക്കാരെ വിളിച്ചുണര്‍ത്തി, ലോക കാമനകളുടെ വാഗ്ദത്ത സ്വര്‍ഗത്തെ കുറിച്ച സ്വപ്നങ്ങള്‍ നെയ്തു കൊടുക്കുക എന്നത് രസകരമായൊരു കലയാകുന്നു. ലോകവും സമുദായവും സാമ്പത്തിക ഭദ്രതയുമെന്നെക്കെയുള്ള പാഴ് കടമ്പകള്‍ കാണിച്ച് പെണ്ണുകെട്ടലില്‍ നിന്ന് കുടുംബത്താലും സമൂഹത്താലും പേടിപ്പിച്ചിരുത്തപ്പെട്ട യുവാക്കള്‍ വാഗ്ദത്ത സ്വര്‍ഗത്തെ കുറിച്ച സ്വപ്നങ്ങളില്‍ പറന്നു നടക്കുന്ന കാഴ്ച കാണേണ്ടു തന്നെയാണ്. അത്തരമൊരു സുന്ദര കാഴ്ചയുടെ പേരായിരുന്നു എനിക്ക് ജോബിന്‍, എന്‍െറ പ്രിയപ്പെട്ട അനുജന്മാരിലൊരാള്‍. 
മലപ്പുറം കുന്നുമ്മലില്‍, നഗര ഹൃദയത്തില്‍, മലബാര്‍ സമര നായകരിലൊരാളായ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളക്കോടതി വധ ശിക്ഷ നടപ്പാക്കിയ കോട്ടക്കുന്നിന്‍െറ ചുവട്ടില്‍, കിളിയമണ്ണില്‍ ബില്‍ഡിങിലാണ് ‘മാധ്യമം’ മലപ്പുറം ജില്ലാ ബ്യൂറോ നിലനില്‍ക്കുന്നത്. അസ്സല്‍ മലപ്പുറത്തുകാരനായ ഞാന്‍ 
പെരിന്തല്‍മണ്ണ പൂപ്പലത്തുള്ള ‘മാധ്യമം’ മലപ്പുറം എഡിഷന്‍ ഓഫിസിലേക്ക് ഡ്യൂട്ടിക്കായി പോകുമ്പോള്‍, ദിനേന കുന്നമ്മലിലെ ബ്യൂറോയില്‍ കയറി ‘ഒപ്പു’വെച്ചാണ് പോകാറ്. അത്തരമൊരു വൈകുന്നേരങ്ങളിലൊന്നിലാണ് ജോബിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ജേര്‍ണലിസ്റ്റ് ട്രെയ്നിയായി ‘മാധ്യമ’ത്തില്‍ ചേര്‍ന്ന ചെറുപ്പക്കാരന്‍ എന്ന നിലയില്‍ പരിചയപ്പെടുകയും ചെയ്തു. ‘ജോബിന്‍ അഗസ്റ്റിന്‍’ എന്ന പേരും കോട്ടയം ജില്ലക്കാരനാണ് എന്ന സ്ഥല നാമീകരണവും ചേര്‍ന്ന് ഒരു ചിത്രം മനസില്‍ വന്നെങ്കിലും അതിനോട് ചേരുന്നതായിരുന്നില്ല ജോബിന്‍. ശരാശരി മലപ്പുറത്തുകാരന് പരിചയമുള്ള ക്രിസ്ത്യാനികള്‍ എന്നു പറയുന്നത് മധ്യ കേരളത്തില്‍ നിന്നും മധ്യ തിരുവിതാംകൂറില്‍ നിന്നും മറ്റും സര്‍ക്കാര്‍ ജോലിക്കാരായി മലപ്പുറത്തത്തെിയവരാണ്. അവരുടെ ആകാരം, സംസാരത്തിലെ ‘തെക്കന്‍’ ചുവ എന്നിവയൊക്കെ ചേര്‍ന്നാണ് ആ ‘ചിത്രം’ രൂപപ്പെടുക. കേട്ടുപരിചയിച്ച ‘തെക്കന്‍’ ഭാഷയില്‍ നിന്നും  ആകാരത്തില്‍ നിന്നും വ്യത്യസ്തമായ, കുറേക്കൂടി മലപ്പുറത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പലതും ജോബിനിലുണ്ടെന്ന് പരിചയം വര്‍ധിക്കും തോറും ബോധ്യമായി. 
മാസങ്ങള്‍ കടന്നു പോകെ, കുടുംബം, വീട്ടിലെ അംഗങ്ങള്‍, അതില്‍ വിവാഹിതരെത്ര, കോളജ് പ്രണയം തുടങ്ങി പതിവ് ചേരുവകളെല്ലാം ജോബിനില്‍ പയറ്റി അവന്‍െറ വിവാഹ സ്വപ്നങ്ങളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടങ്ങി. അങ്ങിനെയുള്ള ഒരു വൈകുന്നേരത്തിലാണ് ജോബിന്‍ പറഞ്ഞത്, അവന്‍െറ ജ്യേഷ്ഠന്‍ 19ാം വയസിലാണ് പെണ്ണുകെട്ടിയതെന്ന്!!!. തീര്‍ത്തും അവിശ്വസനീയമായാണ് ഞാനത് കേട്ടത്. പെണ്ണുകെട്ട് കേസുകെട്ടുമായി അവന്‍െറ പിറകെ ചെല്ലുന്നതില്‍ നിന്ന് ഒഴിവാകാന്‍ എന്നെ പ്രകോപിപ്പിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീടുള്ള ദിവസങ്ങളിലെ സംസാരങ്ങളില്‍ നിന്ന് അത് സത്യമാകുമെന്ന് കരുതി. ജ്യേഷ്ഠന്‍േറത് പ്രണയ വിവാഹമായിരുന്നെന്നും, അതിനാലാണ് ആ പ്രായത്തില്‍ വിവാഹം കഴിക്കാന്‍ അനുവദിച്ചതെന്നും അവന്‍ പറഞ്ഞെങ്കിലും എനിക്കത് വിഴുങ്ങാനായില്ല. ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, എന്നിട്ട് വിവാഹം എന്നിങ്ങനെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവരാണ് ‘തെക്ക്’ നിന്നുള്ള ക്രിസ്ത്യാനികളുള്‍പ്പെടെയുള്ള എല്ലാ സമുദായക്കാരുമെന്നായിരുന്നു എന്‍െറ പ്രാഥമിക ധാരണ. ഏതെങ്കിലും പ്രണയത്തിന്‍െറ പേരില്‍ 19ാം വയസില്‍ തന്നെ പെണ്ണുകെട്ടിച്ചു കൊടുക്കാനോ, എന്തിനധികം അങ്ങിനെ പെണ്ണു കെട്ടാനോ അവിടെയുള്ളവര്‍ തയാറാവില്ല എന്ന എന്‍െറ ധാരണയാണ് പൊളിഞ്ഞിരിക്കുന്നത്. വീട്ടിലെ കാര്യങ്ങള്‍ അങ്ങിനെയാണെങ്കില്‍ ശമ്പളം കിട്ടാന്‍ തുടങ്ങിയ യുവാവെന്ന നിലയില്‍ കാര്യങ്ങള്‍ സുഗമമായല്ളോ എന്നായി ഞാന്‍. വേണമെങ്കില്‍ മലപ്പുറത്ത് നിന്ന് പെണ്ണുകെട്ടാനും തയാറെന്ന് ജോബിന്‍ അറിയിച്ചതോടെ എന്‍െറ ജോലി പ്രതിസന്ധിയിലായി. കാരണം ക്രിസ്ത്യന്‍ എന്നതല്ലാതെ ഏതാണ് സഭയെന്നോ, എത്ര സഭകളുണ്ടെന്നോ, അവയുടെ വിത്യാസമെന്തന്നോ എന്ന കാര്യത്തില്‍ ഏതൊരു മലപ്പുറത്തുകാരനെപ്പോലെ ഞാനും അജ്ഞനായിരുന്നു. അപ്പോള്‍ വരുന്നു ജോബിന്‍െറ പോംവഴി, സഭയോ, സമുദായമോ, മതമോ പ്രശ്നമേയല്ല, പെണ്ണായാല്‍ മതി. അതോടെ എനിക്കല്‍പം ആശ്വാസമായി. 
അങ്ങിനെയിരിക്കുമ്പോഴാണ് ‘മാധ്യമം’ ഓഫിസിന്‍െറ തൊട്ടുള്ള സ്വകാര്യ ഷെയര്‍ മാര്‍ക്കറ്റിങ് ബിസിനസുകാരുടെ ഓഫിസില്‍ സ്റ്റാഫായി മലപ്പുറം കോളജില്‍ എന്‍െറ ജൂനിയറായ പെണ്‍കുട്ടി വരുന്നത്. അവളെ നമുക്ക് തല്‍ക്കാലം സജ്ന എന്ന് വിളിക്കാം. സജ്ന കോളജ്മേറ്റ് എന്നതിനേക്കാളേറെ അനുജത്തിയെ പേലെയുള്ള കുട്ടിയാണ്. അവളും അവളുടെ ജ്യേഷ്ഠനും ഒന്നിച്ചാണ് കോളജിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ, അവന്‍െറ അനിയത്തി എന്ന നിലയില്‍ സജ്ന ഞങ്ങളുടെയെല്ലാം അനിയത്തിയായിരുന്നു. മിശ്ര വിവാഹിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കളാണവര്‍, അഛന്‍ ക്രിസ്ത്യന്‍, അമ്മ ഹിന്ദു നായര്‍. സജ്നയുടെ ജ്യേഷ്ഠന്‍ വിവാഹം ചെയ്തത് ഒരു ഹിന്ദു കുടുംബത്തില്‍ നിന്നായിരുന്നു. അങ്ങിനെ സജ്നയുടെ വിവാഹവും മറ്റൊരു ഹിന്ദു കുടംബത്തിലേക്കായി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, കോളജില്‍ എല്ലാവരുടെയും അരുമ ‘കുഞ്ഞനുജത്തി’യായ അവള്‍ക്ക് മാസങ്ങള്‍ മാത്രം നീണ്ട വിവാഹ ജീവിതത്തിനേ ഭാഗ്യമുണ്ടായുള്ളൂ. വിവാഹ മോചനത്തിന് ശേഷമാണ് അവള്‍ ഈ ഓഫിസില്‍ ജോലിക്കത്തെിയിരിക്കുന്നത്. 
വൈകുന്നേരം ‘മാധ്യമം’ ഓഫിസില്‍ വരുമ്പോള്‍ സ്വാഭാവികമായും അപ്പുറത്തെ ഓഫിസിലുള്ള സജ്നയേയും കാണുകയും കുടുംബ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. പതിയെ ഈ സംഭാഷണങ്ങളിലേക്ക് ജോബിനും കടന്നു വരാന്‍ തുടങ്ങി. അങ്ങിനെ അവരും ചെറിയ തോതില്‍ പരിചയമായി. ജോബിന് സജ്നയെ വിവാഹം ചെയ്താല്‍ കൊള്ളാമെന്നുള്ളതായി തോന്നി. ഒരു ദിവസം ജോബിനെ ബ്യൂറോയില്‍ നിന്ന് പുറത്തു കൊണ്ടുപോയി, വരാന്തയില്‍ വെച്ച് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. ഇക്കാര്യത്തില്‍ അവന് താല്‍പര്യമുണ്ടെന്ന് കണ്ടതോടെ അവളുടെ യഥാര്‍ഥ അവസ്ഥ പറഞ്ഞുകൊടുത്തു. അവള്‍ വിവാഹ മോചിതായണ്, മാത്രമല്ല വിവാഹം ചെയ്തിരുന്നത് ഹിന്ദു കുടുംബത്തിലേക്കായിരുന്നു, ഇനിയൊരു വിവാഹം നടക്കുകയാണെങ്കില്‍ അത് ഹിന്ദു കുടുംബത്തിലേക്ക് തന്നെയാകാനേ അവര്‍ താല്‍പര്യപ്പെടൂ എന്നൊക്കെ. എന്നാല്‍ എന്നെ അദ്ഭുതപ്പെടുത്തിയത്, ഇക്കാര്യങ്ങളെല്ലാം കേട്ടിട്ടും അവന് താല്‍പര്യം വര്‍ധിച്ചുവെന്നതാണ്. അവന് കുഴപ്പമില്ളെങ്കില്‍ കാര്യങ്ങള്‍ വെച്ചു നീട്ടേണ്ടതില്ളെന്ന് കരുതി, അപ്പുറത്തെ ഓഫിസിലിരിക്കുന്ന സജ്നയെ ഞാന്‍ വിളിച്ചു. ഞങ്ങളിരുവരും നില്‍ക്കുന്നിടത്തേക്ക് അവളും വന്നു. 
വളച്ചു കെട്ടില്ലാതെ ഞാന്‍ അവളോട് പറഞ്ഞു, ‘സജ്നാ, ജോബിന് നിന്നെ കെട്ടാന്‍ താല്‍പര്യമുണ്ട്’. 
ഇത് കേട്ടതും സജ്ന എന്‍െറ മുഖത്തേക്ക് ഒരു നോട്ടം. ജോബിനാകട്ടെ, ഞാനിവിടയില്ളേ... എന്ന മട്ടില്‍ തലകുനിച്ച് ഒന്നു മിണ്ടാതെ വരാന്തയിലെ ഇരുമ്പു പൈപ്പില്‍ കൈപിരിച്ചു കൊണ്ടേയിരുന്നു. 
സജ്ന പറഞ്ഞു ‘ഹേയ്, ജോബിന് എന്നേക്കാള്‍ ചെറുപ്പമായിരിക്കും, എന്നെ കണ്ടിട്ട് വയസ് മനസിലാകാത്തതിനാലാകും’. 
ഞാനിരുവരുടേയും വയസ് തിരിക്കി, നോക്കുമ്പോള്‍ ജോബിന് അവളേക്കാള്‍ ഒരു വയസ് കുറവ്. ‘അപ്പോള്‍ കല്യാണക്കാര്യം തല്‍ക്കാലം നമുക്കിവിടെ അവസാനിപ്പിക്കാം അല്ളേ’ എന്ന് തമാശയും പറഞ്ഞ് സജ്ന പോയി. കുറച്ച് ദിവസത്തേക്ക് പിന്നെ ഇക്കാര്യത്തില്‍ സംസാരങ്ങളൊന്നുമുണ്ടായില്ല. ഒരു ദിവസം ബ്യൂറേയില്‍ വെച്ച് ഡി.ടി.പിയിലെ അഹ്മദ് കോയ പറഞ്ഞു, 
‘സമീലേ, ജ് ജോബിന്‍െറ കാര്യം ഒന്ന് ശര്യാക്കി കൊട്ക്ക്, ഓനെ പറഞ്ഞ് പൂതി വെപ്പിച്ചിട്ട് പാതി വയ്ക്ക് മുങ്ങല്ളേ’... 
ഇത് കേട്ട് ഞാന്‍ നോക്കുമ്പോള്‍ ഒരു കള്ളച്ചിരിയുമായി ജോബിന്‍ നില്‍ക്കുന്നു. അപ്പോള്‍ കോയ തുടര്‍ന്നു. 
‘എടാ, അവള്‍ക്ക് ഒരു വയസ് ഏറെയാണന്നതോ, ഒര്വട്ടം കല്യാണം കയിഞ്ഞതാണെന്നതോ ഒന്നും ഓന് പ്രശ്നല്ല, ജ് അത് ഒന്ന് ശര്യാക്ക്’. 
ഇപ്പറഞ്ഞത് ശരിയാണോ എന്നറിയാന്‍ ജോബിനെ ഞാന്‍ നോക്കിയതോടെ അവന്‍ എന്‍െറ മുഖത്തേക്ക് നോക്കാതെ ഒഴിഞ്ഞു മാറി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഈ വിഷയം വീണ്ടും സജ്നയുടെ മുമ്പില്‍ ഞാന്‍ അവതരിപ്പിച്ചു. 
അവള്‍ പറഞ്ഞു. ‘നോക്ക് സമീല്‍, എന്‍െറ ഫാമിലി ബാക്ക് ഗ്രൗണ്ട് നിനക്കറിയാലോ, ഒരുവട്ടം എന്‍െറ കല്യാണം കഴിഞ്ഞത് ഹിന്ദു ഫാമിലിയിലേക്കാണ്, എന്നിട്ട് അടുത്തത് ക്രിസ്ത്യന്‍ ഫാമിലിയിലേക്ക് ആവ്വാന്ന് പറഞ്ഞാല്‍ എന്താവും കഥ, അതുകൊണ്ട്,അടുത്തതും ഹിന്ദു ഫാമിലിയിലേക്ക് മതി, ഏട്ടന്‍േറത് ഹിന്ദു ഫാമിലിയില്‍ നിന്നല്ളേ...’ എന്നവള്‍ പറഞ്ഞു നിര്‍ത്തി. 
അപ്പോഴാണ് ഒരു മിശ്ര വിവാഹിത ഫാമിലയില്‍ നിന്ന് സ്വന്താമായി ഐഡന്‍റിറ്റി ഉണ്ടാക്കിയെടുക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ പ്രയാസം ഞാന്‍ മനസിലാക്കിയത്. അതോടെ ആ അധ്യായം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. കല്യാണക്കാര്യം ഞാന്‍ അവസാനിപ്പിച്ചെങ്കിലും അവരിവരും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. 
ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ജോലി കിട്ടിയതോടെ സജ്ന അവിടെ നിന്ന് പോയി. മാസങ്ങള്‍ കഴിഞ്ഞ് ജോബിന്‍ മലപ്പുറത്ത് നിന്ന് ട്രാന്‍സ്ഫറായി കൊച്ചിയില്‍ പോയി. പിന്നീട് ഇടക്കൊക്കെ സജ്ന എന്നോട് ജോബിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ‘മാധ്യമം’ ജേര്‍ണലിസ്റ്റ് യൂനിയന്‍െറ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനത്തെിയപ്പോള്‍ ജോബിനെ കണ്ടു. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ സജ്നയെ കുറിച്ച് അവന്‍ തിരിക്കി, അവളുടെ വിവാഹം നടന്നോ എന്നും അന്വേഷിച്ചു. ഇല്ളെന്ന് മറുപടിയും പറഞ്ഞു. അപ്പോഴും അവന്‍െറ കണ്ണുകളില്‍ ചെറിയൊരു തിളക്കം കണ്ടു. മാസങ്ങള്‍ കഴിഞ്ഞ് സജ്നയെ കണ്ടപ്പോള്‍ ജോബിനെ കണ്ട കാര്യം പറഞ്ഞു, ‘പാവം’ എന്നും പറഞ്ഞ് അവള്‍ പോയി. അല്‍പകാലം കഴിഞ്ഞ് ഞാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തില്‍ സൗദി അറേബ്യയിലെ റിയാദ് ബ്യൂറോയിലത്തെി. നാട്ടിലുള്ള നമ്പറുകളിലെല്ലാം വിളിച്ച് സൗഹൃദം പുതുക്കുന്ന പ്രവാസി സഹജമായ ചര്യയുടെ ഭാഗമായി സജ്നയെയും വിളിച്ചു. വിളിച്ചപ്പോള്‍ ജോബിന്‍െറ കാര്യം അവള്‍ ഓര്‍മിപ്പിച്ചു. പിറ്റേ ദിവസം രാവിലെ ഓഫിസിലത്തെിയപ്പോള്‍ സഹപ്രവര്‍ത്തകനായ ജഹര്‍ഷ പറയുഞ്ഞു, ‘മാധ്യമം കൊച്ചി യൂണിറ്റിലെ ജോബിന്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് ഗുരതരാവസ്ഥിലാണെന്ന് കോഴിക്കോട് നിന്ന് വിളിച്ചു പറഞ്ഞു’വെന്ന്. ഇത് കേട്ടതും ഞാനാകെ അസ്വസ്ഥനായി. ഉടന്‍ സിസ്റ്റത്തിലെ ‘ആക്ഷന്‍ വേയിപ്പ്’ തുറന്ന് നാട്ടിലേക്ക് വിളിച്ചു. 
ആദ്യം കോയയെ തന്നെ വിളിച്ചു, ‘എടാ, എന്താണ് സംഭവം, അവന് കാര്യമായ പരിക്കുണ്ടോ’... 
കോയ ആദ്യമൊന്നും പറഞ്ഞില്ല. പിന്നെ പതിയെ ചോദിച്ചു 
‘അല്ലാ നിയ്യൊന്നുമറിഞ്ഞില്ളേ... ഓന്‍െറ കാര്യത്തില്‍ പ്രതീക്ഷക്ക് വല്യ വകയില്ളെന്നാണ് കേള്‍ക്കുന്നത്’... 
കോയ പറഞ്ഞു നിര്‍ത്തിയപ്പോഴാണ് വെന്‍റിലേഷനിലാണ് അവനുള്ളതെന്ന് മനസിലായത്. മനമുരുകി പടച്ചവനോട് പറഞ്ഞു, ‘അല്ലാഹുവേ, ജീവിതത്തിലേക്ക് തിരിച്ചു വരലാണ് അവന് ഖൈറ് എങ്കില്‍ അങ്ങിനെയാക്കേണമേ, അല്ളെങ്കില്‍ അവന് എളുപ്പത്തിലുള്ള മരണം നല്‍കേണമേ...’ 
മണിക്കൂറുകളെല്ലാം ഒടുങ്ങിയതിന് ശേഷം ഒടുവില്‍ ഞങ്ങളെയെല്ലാം വിട്ട് അവന്‍ പോയ വിവരം ജഹര്‍ഷ അറിയിച്ചു. ആ വിവരം കിട്ടിയ ഉടന്‍ ഞാന്‍ സജ്നയെ വിളിച്ചു. 
‘സജ്നാ, നീയറിഞ്ഞോ, ജോബിന്‍ ആക്സിഡന്‍റില്‍ മരിച്ചു’ 
ഫോണില്‍ അപ്പുറത്ത് നിശബ്ദത. ഒടുവിലവള്‍ പറഞ്ഞു ‘പാവം’. 
ദിവസങ്ങള്‍ക്ക് ശേഷമാണ്, ജോബിന്‍െറ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ക്ക് പോയി വന്ന ‘മാധ്യമ’ത്തിലെ സുഹൃത്തുക്കളില്‍ നിന്നറഞ്ഞത്. ഞാനറിയുന്ന ജോബിനായിരുന്നില്ല, യഥാര്‍ഥ ജോബിന്‍ എന്ന്. വിവാഹ മോചിതയായ, അവനേക്കാള്‍ ഒരു വയസിന് മൂത്ത, മിശ്ര വിവാഹിതരുടെ മകളായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സന്നദ്ധനായ ജോബിന്‍ ഒരു മിത്തല്ല, കടുത്ത യാഥാര്‍ഥ്യമായിരുന്നു. ആകാശ ലോകങ്ങളിലിരുന്ന് പുഞ്ചിരിക്കുന്ന അനിയാ... ഈ പാവം ജ്യേഷ്ഠനോട്, അവന്‍െറ അറിവില്ലായ്മകളോട് നീ പൊറുക്കണേ....

ഐ. സമീല്‍,ഗള്‍ഫ് മാധ്യമം

മരണത്തിന്‍്റെ മണം - ഒക്ടോബര്‍ 01 -2010, 7.30 പി.എം. - മെഡിക്കല്‍ കോളേജ്,കോട്ടയം

മരണത്തിനെപ്പോഴും മരം കോച്ചുന്ന തണുപ്പാണ്.മനസും ശരീരവും വിറങ്ങലിച്ചു നില്‍ക്കുന്ന
ഒരു തരം മരവിപ്പ്.പ്രിയപ്പെട്ടവരുടെ മരണം എപ്പോഴും മനസ ിനെ വല്ലാതെ ഉലച്ചുകളയും.ജീവിതത്തിന്‍്റെയും മരണത്തിന്‍്റെയും നേര്‍ത്ത അതിര്‍വരമ്പുകളിലൂടെയുള്ള യാത്ര അവസാനിക്കുമ്പോള്‍ മരിക്കുന്നവന്‍്റെ മനസ ില്‍ എന്തായിരിക്കും.ആരെയായിരിക്കാം അവന്‍ അവസാനമായി കാണാന്‍  ആഗ്രഹിച്ചിരിക്കുക.ജീവന്‍ വേര്‍പിരിയുന്ന വേളയില്‍ അവന്‍ എന്തായിരിക്കാം പറയാന്‍ ആഗ്രഹിച്ചത്.
പുറത്ത് അശുപത്രി വരാന്തയില്‍ കാത്തിരിക്കുന്നവരുടെ മനസ ിലെ ചിന്തകള്‍  ഒരുപക്ഷെ അവനെ തലോടിയേക്കാം.അവരുടെ പ്രാര്‍ത്ഥനകള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍
ഏതോ സംഘര്‍ഷഭരിതമായ തലങ്ങള്‍ തീര്‍ത്തിരിക്കണം.സംഘര്‍ഷങ്ങള്‍ നൊമ്പരങ്ങളായും വിങ്ങലുകളായും ആശുപത്രി പരിസരത്ത് പ്രതിഫലിച്ചിരിക്കണം.അതുകൊണ്ടാകണം ആശുപത്രികള്‍ക്കിത്ര ശ്മശാനമൂകത.രാത്രിയുടെ യാമങ്ങളെ തള്ളി നീക്കുമ്പോഴും മന ിന്‍്റെ ചടുലതയെ പിടിച്ചു നിര്‍ത്താന്‍ കഴിയാത്തവന്‍്റെ പരിഭവങ്ങള്‍ മാത്രമായിരുന്നുവോ ഇത്.അല്ല,ഒരിക്കലുമല്ല,ജീവിതത്തിന്‍്റെ യാന്ത്രികതയും അല്പത്തരങ്ങളും അത്രമാത്രം അലോസരപ്പെടുത്തുമ്പോഴും ജീവിതത്തിന്‍്റെ അസന്നിഗ്ദ്ധതയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു അവന്‍.ജീവിതത്തിന്‍്റെ കയ്പുനീര്‍ കുടിക്കുവാന്‍
എന്നും തുറന്ന മന ുണ്ടായിരുന്നു അവന്,പരിഭവമോ പ്രയാസമോ തെല്ലുമില്ലാതെ.അവന്‍ എന്‍്റെ പ്രിയ സഖാവ് ജോബിന്‍.അവന്‍്റെ മരണത്തിന് കാവല്‍ക്കാരനായി നില്‍ക്കുകയാണ് ഞാന്‍.സ്വന്തം ശവശരീരം വെള്ളവസ്ത്രം പുതപ്പിച്ച് കിടത്തിയിരിക്കുന്ന വാഗ്മയ ചിത്രം പലപ്പോഴുംകൂട്ടായ്മകളില്‍ ഞങ്ങള്‍ പങ്കുവച്ചിരുന്നു.അവിടെയും അവന്‍ ഒന്നാമനാകുമല്ളോ എന്ന വിഷമം എന്നെ ഒരുവേള നടുക്കത്തിലാക്കി.ഇത്ര മാത്രം സുഹ്യത്തുക്കളെ അവന്‍ സമ്പാദിച്ചു എന്നറിഞ്ഞതില്‍ അസൂയയും അതിനപ്പുറം സന്തോഷവും തോന്നി.മെഡിക്കല്‍ കോളേജിലെ നാഡീരോഗവിഭാഗത്തിന്‍്റെ കിളിവാതിലില്‍ക്കൂടി കാണാന്‍ ആഞ്ഞെങ്കിലും കാണാന്‍ കഴിഞ്ഞില്ല.ഒരു പക്ഷെ അതു നന്നായി,തലച്ചോറ്  ചിന്നിച്ചിതറി തിരിച്ചറിയാന്‍ നന്നേ പാടുപെടുമായിരുന്ന അവന്‍്റെ മുഖം കാണാതിരിക്കുന്നതാണ് നല്ലത്.എത്ര തവണ അവന്‍ ആ മുടി ചിക്കിയൊതുക്കിയിരുന്നുവെന്നോ.തന്‍്റെ പ്രായത്തേയും വെല്ലുവിളിച്ചുകൊണ്ട്,കഷണ്ടി അവനെ ഇക്കിളിപ്പെടുത്തിയപ്പോഴും നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ചവന്‍. അനാഥത്വത്തിന്‍്റെ ആഴങ്ങളെ മന ിന്‍്റെ ചടുലതകളാല്‍ നീന്തിക്കയറിയവന്‍.അതായിരിക്കാം മരണത്തിനുപോലുംഅവന്‍്റെ നെഞ്ചിന്‍കൂട് തകര്‍ക്കാന്‍ കഴിയാതെ പോയത്.ചിന്തകള്‍ക്ക് മരണമില്ളെന്ന സംവാദവേദികളില്‍എന്നും ആ വാദത്തില്‍ ഉറച്ചു നിന്നവനായിരുന്നു,ജോബിന്‍.ഇന്നിതാ മരണത്തിലും. കഴുത്തിനു താഴെ യാതൊരു പരിക്കുമില്ലാതെമരണം കാത്തുകിടക്കുന്നവന്‍.എല്ലാ പ്രതീക്ഷകളും ആഗ്രഹങ്ങളും അവനിലര്‍പ്പിച്ച് ജീവിതത്തിന്‍്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍,
അവന്‍്റെ സഹോദരന്മാര്‍,അവരുടെ മുഖത്തെ ദൈന്യത,പറയാന്‍ കഴിയില്ല.വേജ്ബോര്‍ഡ് പുതിയ ശമ്പളം പ്രഖ്യാപിക്കുമ്പോള്‍തന്‍്റെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുമെന്ന്  വിശ്വസിക്കാന്‍ ആഗ്രഹിച്ചവന്‍.സര്‍ഗ്ഗാത്മകത വിപുലമാകുമ്പോള്‍ ഒന്നിലും ഉറച്ചു നില്‍ക്കാന്‍ കഴിയില്ളെന്ന
മഹദ് വചനങ്ങള്‍ക്ക് സര്‍ഗാത്മകതഏറെയുണ്ടായിട്ടും വിരുദ്ധനാകേണ്ടി വന്നവന്‍.പ്രാരാബ്ദ്ധങ്ങള്‍ മനുഷ്യനെ ജീവിക്കാന്‍ പഠിപ്പിക്കുന്നു എന്ന വാമൊഴിയുടെ സഹയാത്രികന്‍.
പത്രത്താളുകളില്‍ എഴുതിക്കൂട്ടിയ വാക്കുകള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും പ്രശംസകള്‍ക്കും
വേജ്ബോര്‍ഡിനുമപ്പുറം എന്തിനേറെ ജീവിതത്തിനും ജീവിത പ്രാരാബ്ദ്ധങ്ങള്‍ക്കുമപ്പുറം 
മരണത്തിന്‍്റെ തലോടല്‍,വിളിപ്പാടകലെ യാഥാര്‍ത്ഥ്യമാകുകയാണ്.
മരണം അതിന്‍്റെ മണം, വീണ്ടും ഓര്‍മ്മയുടെ അലോസരപ്പെടുത്തല്‍ എനിക്ക് നല്‍കുന്നു....
ജോബിന്‍ നീ എനിക്ക്,അല്ല എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
ഒരു ഫ്ളാഷ് ബാക്ക് 
അക്ഷരങ്ങളെ സ്നേഹിച്ചുതുടങ്ങിയ കാലം.പത്രപ്രവര്‍ത്തനം പഠിക്കാന്‍ കോട്ടയത്ത് മാന്നാനത്തിനടുത്ത് ഇടിഞ്ഞു നിലം പൊത്താറായ യൂണിവേഴ്സിറ്റിയുടെ ജേര്‍ണലിസം സ്ക്കൂളില്‍ ഞങ്ങള്‍ ഒത്തുചേര്‍ന്നു.കുട്ടനാടിന്‍്റെ വശ്യമനോഹാരിതയും താളവും ജീവിതസംഘര്‍ഷങ്ങളും മന ാവരിച്ച ടിബു എന്ന സഹപാഠിയെ ഞാന്‍ ആദ്യമായി അവിടെ കണ്ടത്തെി.ക്ളാസില്‍ വളരെ അപൂര്‍വ്വമായി മാത്രം എത്തുമായിരുന്നതിനാല്‍ എനിക്കവിടെ സുഹ്യത്തുക്കളും കുറവ്.ആദ്യ സെമസ്റ്ററില്‍ എന്‍്റെ ചിരകാല സ്വപ്നം സ്വന്തമായൊരു പത്രം- മലയാളജാലകം,രജിസ്ട്രേഷന്‍ നേടിയെടുത്ത് ഞാന്‍ പ്രസിദ്ധീകരിച്ചു.അതുകൊണ്ടുതന്നെ എനിക്ക് ക്ളാസ ില്‍ ഒരു പത്രപ്രവര്‍ത്തകന്‍്റെ  പരിവേഷം ലഭിച്ചു.ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കത്തെിയപ്പോള്‍ എന്‍്റെ ഇരു വശങ്ങളിലായിരുന്ന് പരീക്ഷയെഴുതിയവര്‍ രണ്ടുപേര്‍ എന്‍്റെ സുഹ്യത്തുക്കളായ്.രണ്ടു പാലാക്കാര്‍.എല്ലാവരേയും പുശ്ചത്തോടെ മാത്രം അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്ന കുനിഞ്ഞിക്കാരന്‍ ജോര്‍ജ്ജ് ആന്‍്റണിയെന്ന പ്ളാന്‍്റര്‍ അച്ചായന്‍.എപ്പോഴും  കൗശല്യക്കാരന്‍്റെ ചിരിയോടെ മാത്രം സമീപിച്ചവന്‍. മറ്റൊരാള്‍ പാന്‍്റ്സും ഇന്‍സേര്‍ട്ട് ചെയ്ത ഷര്‍ട്ടും, ഷൂസും ധരിച്ച് പാലാക്കാരന്‍്റെ സ്ളാങ്ങുമായ് ജോബിന്‍ അഗസ്റ്റിന്‍ എന്ന ജോബച്ചായനും.ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സന്തോഷവാനായ എന്‍്റെ സമീപമത്തെി ജോബിന്‍ ചോദിച്ചത് ഞങ്ങളുടെ സൗഹ്യദങ്ങളുടെ തുടക്കമായി.ക്ളാസ ില്‍ വരാത്ത ജിജു പതിനഞ്ച്  അഡീഷണല്‍ ഷീറ്റുകള്‍ എഴുതി.എന്നും വരുന്ന ഞങ്ങള്‍ രണ്ടും.ഒരുവേള എന്നെ അരിശം കൊള്ളിച്ചെങ്കിലും അതിന്‍്റെ തമാശ ഞങ്ങള്‍ ആസ്വദിച്ചു. പിന്നീടുള്ള പരീക്ഷകള്‍ എല്ലാം തന്നെ ഞാനും ജോര്‍ജ്ജും ജോബിനും ഒരുമിച്ചിരുന്നെഴുതി.ഞങ്ങള്‍ക്കു പിന്നിലായിരുന്ന് പരീക്ഷയെഴുതിയ ടിബു ഇതില്‍ പലപ്പോഴും അസ്വസ്ഥനാകുകയും ചെയ്തു..വലിയ പത്രാസുകാരന്‍്റെ വേഷത്തില്‍ വന്നിരുന്ന ജോബച്ചായന്‍്റെ സാമ്പത്തിക പരാധീനതകള്‍ ഞാന്‍ വളരെ വൈകിയാണറിഞ്ഞത്.അവന്‍്റെ  ഇളയ സഹോദരന്‍ ഹോട്ടലില്‍ ജോലി ചെയ്താണ് അവനെ പഠനത്തില്‍ സഹായിക്കുന്നതെന്നറിഞ്ഞപ്പോള്‍ എനിക്കവനോട് സഹതാപം തോന്നി.പിന്നീട്  ജോബച്ചായനോട് ഞാന്‍ വളരെ സ്നേഹത്തോടെ പെരുമാറാന്‍ തുടങ്ങി.ക്യത്യം വണ്ടിക്കൂലി മാത്രമായി വരുന്ന ജോബച്ചായനങ്ങനെ ഞങ്ങളുടെ കൂട്ടത്തിലെ പ്രത്യേക അംഗമായി. പരീക്ഷകള്‍ കഴിയുന്ന ദിവസങ്ങളില്‍ ഞങ്ങള്‍  യൂണിവേഴ്സിറ്റിയില്‍ റോയിയുടെ മില്‍മാ സ്റ്റാളിന്‍്റെ പരിസരത്ത് തമ്പടിച്ചിരുന്നു.ഏററുമാനൂരില്‍ പിന്നീട് സ്ഥിരമായി കോട്ടയത്ത്  ഞങ്ങള്‍ ഒത്തുചേര്‍ന്നു.പഠനശേഷവും കോട്ടയത്തെ കൂട്ടായ്മകള്‍ തുടര്‍ന്നു.അതിനു മുന്‍ കൈയെടുക്കുന്നതും  ജോബച്ചായന്‍ തന്നെയായിരുന്നു.ഒരു തരം ലഹരിയായിരുന്നു ജോബച്ചായനാ കൂട്ടായ്മകള്‍.എല്ലാ വര്‍ഷവും ഉത്രാടത്തിന് ഞങ്ങള്‍ കോട്ടയത്ത് കൂടിച്ചേര്‍ന്നിരുന്നു.2010 ലെ ഉത്രാടദിനത്തില്‍ പിരിയുമ്പോള്‍ ഇതുവരെ പോകാന്‍ കഴിയാത്ത അവന്‍്റെ വീട്ടില്‍ ചെല്ലാമെന്നുറപ്പും ഞാന്‍ നല്‍കിയിരുന്നു.അവന്‍്റെ അമ്മ മരിച്ചപ്പോഴും എനിക്ക് പോകാന്‍ കഴിഞ്ഞില്ല.പക്ഷെ ഒരിക്കല്‍ പോലും അവന്‍ എന്നോടതില്‍ പരിഭവിച്ചിട്ടില്ല.അന്നത്തെ ഉത്രാട ദിനം പിരിയുമ്പോള്‍ ഇനിയൊരിക്കലും ജോബച്ചായനെ കാണാന്‍ കഴിയില്ളെന്ന് ആരോ തീരുമാനിച്ചിരിക്കണം.
കൈ്ളമാക്സ് 
ഒരു മൊട്ടക്കുന്നിനു മുകളില്‍ ഒരു ചെറുപ്പക്കാരന്‍്റെ ചിന്തകളും വികാരങ്ങളുടേയും സ്വപ്നങ്ങളുടേയും ബാക്കിചിത്രം.പണി തീരാത്ത ഒരു കൊച്ചു വീട്.അതിന്‍്റെ മുറ്റത്ത് സ്വര്‍ണ്ണ നിറമുള്ള മരണപെട്ടിയില്‍ പൂക്കളാല്‍ അഭിഷേകം ചെയ്ത ജോബച്ചായന്‍്റെ ചേതനയറ്റ ശരീരം.മുകളില്‍ വലിച്ചുകെട്ടിയ നീല ടാര്‍പാളില്‍ക്കൂടി അരിച്ചിറങ്ങുന്ന നട്ടുച്ച വെയിലില്‍ അവന്‍്റെ മുഖം ഞാന്‍ അവസാനമായി കണ്ടു.മരണത്തിലും അവന്‍ എന്നെ നോക്കി ജിജുകീരുകുഴീ എന്നു വിളിക്കുന്നതായ് തോന്നി.എന്നെ സ്നേഹിച്ച അപൂര്‍വ്വം ചിലരില്‍ ഒരാള്‍, എന്നും മന ില്‍ നന്‍മ മാത്രം സൂക്ഷിച്ചവന്‍. അവന്‍്റെ വേര്‍പാട് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ..
ആന്‍്റികൈ്ളമാക്സ്
2010 ഡിസംബര്‍ 24 -രാമപുരം പള്ളി സെമിത്തേരി സമയം. 3.00 പി.എം.
ക്രിസ്തുമസ ിന്‍്റെ തലേ ദിവസം ജോബിന്‍്റെ വീട്ടില്‍ പോകണമെന്ന് ഞങ്ങള്‍ മൂന്നുപേരും കൂട്ടായ് തീരുമാനിച്ചു.ചരിത്രം വ്യവഹാരങ്ങളാല്‍ കശാപ്പു ചെയ്യപ്പെടുന്ന രാമപുരം പളളിയുടെ പടിക്കെട്ടുകള്‍ കയറുമ്പോഴും ജോബിന്‍ കൂടെയുണ്ടന്ന ചിന്ത എന്നെ നയിച്ചിരുന്നു.അവന്‍്റെ കൂഴിമാടം ലക്ഷ്യമാക്കി നീങ്ങിയ ഞങ്ങള്‍ക്ക് അവന്‍്റെ ശരീരം അടക്കം ചെയ്ത കല്ലറ ഏതെന്ന് കണ്ടത്തൊന്‍ കഴിഞ്ഞില്ല.മരണത്തിലും പണമില്ലാത്തവന് അവഗണന തന്നെ എന്ന തിരിച്ചറിവ് എന്നെ വല്ലാതെ വേദനിപ്പിച്ചു.ജനിക്കുമ്പോള്‍ തന്നെ കുടുംബത്തിന്‍്റെ പേരില്‍ കല്ലറകള്‍ ലക്ഷങ്ങള്‍ മുടക്കി പണിതിടുന്ന സാമ്പത്തിക ഗര്‍വ്വ് നാലുപാടും നിന്ന്   ഞങ്ങളെ നോക്കി ഊറി ചിരിച്ചു.അവസാനം ഓര്‍മ്മ മാത്രം കൈമുതലാക്കി ഏതോ ഒരു കല്ലറയുടെ സമീപം അല്പനേരം നിശബ്ദ്ധമായ് നിന്നു.ഒരു പക്ഷേ തൊട്ടടുത്ത കല്ലറയില്‍ നിന്ന് ജോബിന്‍്റെ ആത്മാവ് പൊട്ടിച്ചിരിക്കുന്നുണ്ടാകാം ഞങ്ങള്‍ക്കു പറ്റിയ അമളി കണ്ട്.
അങ്ങനെ തന്നെ ഞാനും ആഗ്രഹിക്കുന്നു, കാരണം എന്നും റിബലാകാന്‍ മന ുകൊണ്ടാഗ്രഹിച്ചവനാണല്ളോ അവന്‍.ജീവിതം അവനെ അതിനു സമ്മതിച്ചില്ല മരണമെങ്കിലും.......
ജോബച്ചായന്‍്റെ മരണം ഞങ്ങളുടെ സുഹ്യദ്ബന്ധത്തിലും മുറിവുണ്ടാക്കിയിരിക്കുന്നു.ഇക്കഴിഞ്ഞ ഉത്രാടദിനത്തില്‍ കോട്ടയത്ത് കൂടാന്‍ ഞാന്‍ ജോബച്ചായന്‍്റെ ദൗത്യം ഏറ്റെടുത്തു.എന്നാല്‍ ജോര്‍ജ്ജ് മനപ്പൂര്‍വ്വമോ അല്ലാതെയോ ഒഴിഞ്ഞുമാറി.ഞാനില്ലാതെ  നിങ്ങള്‍ എന്തിനു കൂടണം എന്ന ജോബിന്‍്റെ വാശിയാകാം ഒരുപക്ഷേ അതിനുകാരണം, എന്നും അവനായിരുന്നല്ളോ ഫോണില്‍ക്കൂടി എല്ലാവരേയും സംഘടിപ്പിക്കുക.


ജിജു കീരുകുഴി

വല്ലാത്ത പഹയന്‍

പെങ്ങളുടെ മകളുടെ കല്യാണ തലേന്ന് രാത്രി, കൂടെ ജോലി ചെയ്തിരുന്ന എബി തോമസും ദല്‍ഹിയില്‍നിന്ന് ബെന്നയും ഫോണില്‍ വിളിക്കുമ്പോഴാണ് ് ജോബിന്‍ ബോധമില്ലാതെ  ആശുപത്രിയിലാണെന്ന വിവരം അറിയുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത സംഭവം.  കണ്ണുകള്‍ പലപ്പോഴുംനിറഞ്ഞൊഴുകി. കല്ല്യാണത്തില്‍ മുഴുകാന്‍ കഴിയാതെ ദുഃഖവുമായി മാധ്യമത്തിലെ പലരെയും വിളിച്ചു... ജോബിന്‍െറ വിവരങ്ങള്‍ അറിയാന്‍ തിടുക്കമായി... വല്ലാത്തൊരു ദിവസം...
മലപ്പുറം ബ്യൂറോയില്‍ കൂടെ ജോലി ചെയ്തിരുന്നവരില്‍ പ്രിയപ്പെട്ടവനായിരുന്നു ജോബിന്‍. നിഷ്കളങ്കവും എന്തുപറഞ്ഞാലും ഹൃദ്യമായ ചിരിയും വിരിയുന്ന ജോബിന്‍െറ മുഖം മറക്കാന്‍ കഴിയില്ല. പത്തു വര്‍ഷം മലപ്പുറം ബ്യൂറോയില്‍ ജോലി ചെയ്ത എനിക്ക്, ജോബിന്‍ എല്ലാവരില്‍നിന്നും വ്യത്യസ്തനായിരുന്നു. ഒരിക്കലും അവന്‍െറ സങ്കടങ്ങളും ആവലാതികളും പറയാറില്ല. അവന്‍െറ അമ്മയോടും ജ്യേഷ്ഠന്‍െറ ഭാര്യയോടും ഫോണില്‍ കുശലാന്വേഷണങ്ങള്‍ പറയുമ്പോള്‍ എന്‍െറ കാര്യങ്ങളും അവന്‍ അവരോട് പറയും. 
മലപ്പുറം ബ്യൂറോവിലെ സഹകരണം മറ്റ് ബ്യൂറോവില്‍ നിന്ന് വിഭിന്നമായിരുന്നു. റമദാനില്‍ 30 ദിവസവും നോമ്പുതുറക്ക് ഓരോരുത്തര്‍ ഭക്ഷണം കൊണ്ടുവരണമെന്ന തീരുമാനത്തോട് നല്ല സഹകരണവുമായി മുന്നോട്ടുവന്നവരില്‍ മുന്നിലായിരുന്നു ജോബിന്‍. അവന്‍െറ ഊഴം വരുമ്പോള്‍ കോട്ടയത്തുള്ള വീട്ടില്‍ നിന്ന് എട്ടുപേര്‍ക്കുള്ള ഭക്ഷണവുമായി അവന്‍ വരും. അവന്‍ എത്ര കഷ്ടപ്പെട്ടായിരുന്നു  നോമ്പുതുറയോട് സഹകരിച്ചത്; മറക്കാന്‍ പറ്റാത്ത ഒരോര്‍മയാണത്. സല്‍ക്കാരപ്രിയനായിരുന്നു ജോബിന്‍. നോമ്പുതുറകള്‍ രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ചു. 
പലപ്പോഴും വൈകുന്നേരങ്ങളില്‍ ചായ കുടിക്കാന്‍ ഒരുമിച്ചായിരുന്നു പോകാറ്. ഒന്നരാടം ഒരോരുത്തരായി പണം കൊടുക്കും. പല രസകരമായ സംഭവങ്ങളും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ചായ കുടിച്ചുകഴിഞ്ഞ് ബ്യൂറോയില്‍ വന്ന് പരസ്പരം താമശയിലൂടെ കുടിച്ച ചായയുടെ കാഷ് സംബന്ധമായി പരസ്പരം കലഹിക്കും. എന്നാല്‍ അടുത്ത ദിവസവും ഞങ്ങള്‍ ഒരുമിച്ചായിരിക്കും ചായ കുടിക്കാന്‍ പോകാറ്. അതൊക്കെയും ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തിന്‍െറ ആഴമായിരുന്നു... 
വീട്ടിലെ കഷ്ടപ്പാടുകളോ വീടുസംബന്ധമായ കാഴ്ചപ്പാടുകളെപ്പറ്റിയോ ഒന്നും പറയാത്ത ജോബിന്‍, അമ്മയുടെ ദുഃഖത്തിലൂടെയാണ് കഷ്ടപ്പാടുകളുടെയും സങ്കടങ്ങളുടെയും ആഴക്കടലാണ് എന്ന് മനസ്സിലാകുന്നത്. ബ്യൂറോവില്‍ വന്നതിനുശേഷം ജോബിന് വലിയൊരു സൃഹൃത്ത് ബന്ധം തന്നെ മലപ്പുറത്തുണ്ടായിരുന്നു. ന്യൂസ് സംബന്ധമായി ഒട്ടേറെ തിളങ്ങിയ ജോബിന്‍ ഫോട്ടോ എടുക്കാനും മിടുക്കനായിരുന്നു. എന്‍െറ വീടുകൂടലില്‍ സജീവമായി പങ്കെടുത്ത ജോബിനോട് പഴയ വീട് വാങ്ങിയതിന്‍െറ പോരായ്മകള്‍ പറയുമ്പോള്‍ അവന്‍ എന്നോട് പറയും... ഇതിലും കഷ്ടപ്പെട്ടവരില്ളേ...? ഈ ചോദ്യം അവനിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വളരെ വൈകിയായാണ് ഞാന്‍ അറിഞ്ഞത്. അപ്പോഴേക്കും അവനെ കൊച്ചി മാധ്യമം എഡിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഈ എളിയ കൂട്ടുകാരന്‍െറ ചെറുപ്രായത്തിലുളള നിര്യാണത്തില്‍ തീരാനാകാത്തെ ദുഖമാണുളളത്. അവന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ആശിക്കുന്നു... 

അഹമ്മദ് കോയ ,ഡി.റ്റി.പി ,ഗള്‍ഫ് മാധ്യമം ,ദുബൈ

‘ജോബിന്‍ ..ഇനിയെന്നോട് മിണ്ടാന്‍ വരരുത്...’’

‘ജോബിന്‍  ..ഇനിയെന്നോട് മിണ്ടാന്‍ വരരുത്...’’
കടുപ്പിച്ചു തന്നെയാണ് അന്ന് അങ്ങനെ പറഞ്ഞത്.  അത്രയും ദേഷ്യം വന്നു. അല്ളെങ്കിലും ജോബിനാരാണ്  എന്നെ ഉപദേശിക്കാന്‍? എല്ലാ തവണയും അങ്ങനെയാണ്. സംസാരങ്ങളൊക്കെ ഒടുങ്ങുന്നതു വഴക്കിലാണ്. കാരണമുണ്ട്. പ്രണയം ആണ് വിഷയം. ‘നീ അവനെ പ്രേമിക്കുന്നെന്നു കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്‘ജോബിന്‍്റെ പറച്ചില്‍ കേട്ടപ്പോള്‍ എനിക്ക് ശുണ്ടിയാണ്  വന്നത്. ‘അതെന്തേ എനിക്ക് ആരെയും പ്രണയിച്ചൂടെ ?‘എന്നു ഞാന്‍. ‘അല്ളെടീ..അവന്‍ നിനക്ക് ഒട്ടും ചേരില്ല‘ എന്നാണ് ജോബിന്‍്റെ മറുപടി . നിനക്ക് ലോകമെന്തെന്നു അറിയാത്തത് കൊണ്ടാണെന്ന്  പതിഞ്ഞൊരു മുന്നറിയിപ്പും എപ്പോഴുമുണ്ടാകും. ‘ദേ ഞാന്‍ ഫോണ്‍ വക്കുകയാണ്, ഇതിനി ആരേലും കണ്ടാല്‍ വേറെ എന്തേലും പറഞ്ഞുണ്ടാക്കും ‘എന്നു അല്പം ഭയം അഭിനയിച്ചൊരു കളിയാക്കലുണ്ട് ജോബിന് . ഇത്ര പേടിയാണെങ്കില്‍ പിന്നെന്തിനാ വിളിച്ചേ, മേലാല്‍  എന്നെ വിളിച്ചേക്കരുത്  എന്നു ദേഷ്യപ്പെട്ടു പറഞ്ഞാലുടന്‍ ജോബിന്‍   .ചിരി തുടങ്ങും..’’ ദേ ജോബിന്‍ ..പൊട്ടന്‍ ചിരി ചിരിക്കാതെ പൊക്കോ ട്ടോ...’’എന്നു ഞാന്‍. അപ്പോഴും ജോബിന്‍ ചിരിക്കും...അവസാനിക്കാത്ത ചിരി...
പിന്നീടറിഞ്ഞു, വിവാഹിതയായി ഒന്നര മാസത്തിനു ശേഷം വേര്‍പിരിഞ്ഞ, ജോബിനേക്കാള്‍ ഒരു വയസിനു മൂത്ത ഒരു പെണ്‍കുട്ടിയെ, അതും മിശ്ര വിവാഹിതരുടെ മകളായ ഒരു പെണ്‍കുട്ടിയെ  വിവാഹം കഴിക്കാന്‍ ജോബിന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എന്നു ..
മരിക്കുന്നതിനു  എത്ര ദിവസം മുന്‍പാണ് അവസാനമായി സംസാരിച്ചത് ?  കൂടി വന്നാല്‍ നാല്,അതോ  അഞ്ചു ദിവസം? ഓര്‍മയില്ല.
******************************************************
2009 ലെ മാധ്യമം കൊച്ചി യൂണിറ്റിലെ കുടുംബസംഗമത്തിനന്നാണ്   ഞങ്ങള്‍ ആദ്യമായി നേരിട്ട് കാണുന്നത്. പല തവണ നെറ്റില്‍ ചാറ്റ് ചെയ്തിട്ടുണ്ട്. മാധ്യമം കുടുംബാംഗം എന്ന നിലയില്‍ അല്ല, റിയാസിക്കയുടെ ചങ്ങാതി എന്ന നിലക്ക്. റിയാസിക്കയെ പറയാതെ ജോബിനെ ഓര്‍ക്കാനാകില്ല. 2010 സെപ്റ്റംബര്‍ 14 നാണ് റിയാസിക്ക നിശബ്ദ ഹൃദയസതംഭനത്തിലൂടെ  മരിക്കുന്നത്. ഒരു മാസം പൂര്‍ത്തിയാകുന്നതിനു  മുന്‍പേ ഒക്ടോബര്‍ രണ്ടിന് ജോബിനും പോയി.
***********************************************************
ആരെങ്കിലും മരിച്ചാല്‍ കാണാ പോകാന്‍ കൂട്ടാക്കാറില്ല ഞാന്‍. അവരുടെ ഓജസ്സുള്ള മുഖം എക്കാലവും മനസ്സില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. മരിച്ച വീട്ടിലെ കരച്ചിലും അഗര്‍ബത്തി മണവും എപ്പോഴും എന്നെ അസ്വസ്തയാക്കാരുണ്ട് . അതും പോകാതിരിക്കാനുള്ള മറ്റൊരു കാരണം..എന്നാല്‍ ജോബിന്‍ മരിച്ചെന്നു കേട്ടപ്പോള്‍ കണ്ടേ തീരുവെന്നു തോന്നി.  മിണ്ടരുതെന്ന് പറഞ്ഞെങ്കിലും പിണക്കമോന്നുമില്ല ജോബിന്‍ എന്നു പറയണമെന്നുണ്ടായിരുന്നു...
***************************************************
ഇതുമൊരു  വീടാണ് ല്ളേ? ഇങ്ങനെയും കുറെ പേരുണ്ടല്ളേ? അടുക്കള  വഴിയാണ് കേറിയത്. അകത്തു  ജോബിന്‍്റെ നേര്‍ പകര്‍പ്പ്  പോലൊരു പെണ്‍കുട്ടി. അതോ ചേച്ചി? ‘ജോബിന്‍്റെ സമ്പാദ്യമാണ് ആ മുറി’’ തകര്‍ന്നു വീഴാറായ കുഞ്ഞ് മണ്ണു വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച ഒരു കോണ്ക്രീറ്റ് കെട്ടിടം കാണിച്ച് ഒരു അമ്മ പറയുന്നുണ്ടായിരുന്നു. ആ മുറിയിലാണ് ജോബിന്‍..., ഞാന്‍  ജോബിനെ  അവസാനമായി കാണുന്നത്. ഇങ്ങനൊരു കൂടിക്കാഴ്ച സ്വപ്നത്തില്‍   പോലുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കാര്‍ക്കും...

ജിഷ എലിസബത്ത്

കാറ് മൂടിയ പൗര്‍ണമി


മരണത്തിന് ഒരിക്കലും തെറ്റുപറ്റാറില്ല.
ജീവിതം ആസ്വദിക്കാന്‍ വെമ്പുന്നവരെയാണ് ആദ്യം പിടികൂടുക.
മരണം ഒരു നേട്ടമായി മനുഷ്യന്‍ കണക്കാക്കാന്‍ തുടങ്ങിയാല്‍ അവനെ ഒരിക്കലും അതാശ്വസിപ്പിക്കില്ല.
-എം.ടി. (നിന്‍െറ ഓര്‍മക്ക്)


വാചാലമാകാതെ ഉടഞ്ഞുപോയ മൗനത്തിന്‍െറ ഓര്‍മക്ക്.......

കുന്നിന്‍െറ ഉച്ചിയിലുള്ള നിന്‍െറ വീടിന് മുന്നില്‍ ഉയര്‍ത്തി കെട്ടിയ പടുതക്ക് താഴെ ഇരിക്കുമ്പോള്‍ ഹൃദയം പിളരുന്ന വേദനയോടെ ഓര്‍മകള്‍ പെരുകി വന്നു. ദൂരെ കുന്നുകളെ പൊതിഞ്ഞ മഞ്ഞ് അപ്പോഴും നീങ്ങിയിരുന്നില്ല. ഒരുപക്ഷെ, നിന്‍െറ വ്യക്തിത്വം രൂപമെടുത്തത് ആ കുന്നുകളുടെ ഗാഢ മൗനത്തില്‍ നിന്നാവും. തീരാ ദുരിതങ്ങളുടെ കനല്‍ കടമ്പകള്‍ താണ്ടിയാണല്ളോ നീ നടന്നത്. എന്നിട്ടും നിന്‍െറ ഇരുണ്ട ഓമനത്തമുള്ള വട്ടമുഖത്ത് പുഞ്ചിരി പൂത്തുനിന്നു. കാറ് മൂടിയ പൗര്‍ണമി പോലെ.
മൊബൈല്‍ മോര്‍ച്ചറിയുടെ മരവിപ്പില്‍ ഉറങ്ങുമ്പോഴും നിന്‍െറ ചുണ്ടില്‍ പുഞ്ചിരിയുണ്ടായിരുന്നതുപോലെ. മാസാവസാനത്തെ ചില്ലറ ശേഷിപ്പുകൊണ്ട് നീ പടുത്തുയര്‍ത്തിയ മുറിയിലായിരുന്നു നിന്നെ കിടത്തിയത്. ഞങ്ങള്‍ ശമ്പളം ആഘോഷിച്ചപ്പോള്‍ നീ കാന്‍റീനിലെ മടുപ്പിക്കുന്ന മഞ്ഞക്കറിയില്‍ രുചിയുടെ വൈവിധ്യങ്ങള്‍ തളച്ചിട്ടാണ് നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടിയത്.
കീറിപ്പറിഞ്ഞ ബഡ് ഷീറ്റും പഞ്ഞി കണക്കേ പിഞ്ചിയ കള്ളിമുണ്ടും കത്തിക്കുമെന്ന്  ഞങ്ങള്‍ ഭീഷണി മുഴക്കിയപ്പോള്‍ ദാരിദ്ര്യം മറച്ചുവെച്ച് നീ സോഷ്യലിസ്റ്റും പരിത്യാഗിയുമായി. എന്നിട്ടും അവയൊക്കെ ഞങ്ങളിലാരോ ചീന്തിക്കളഞ്ഞല്ളോ. ട്രെയിനിങ് കാലത്ത് മാസാന്ത്യത്തിലെ ഞെരുക്കത്തില്‍ ഞങ്ങള്‍ തിളച്ച് മറിഞ്ഞപ്പോള്‍ നിന്‍െറ മുഖം ശാന്തമായിരുന്നു. ചേതനയറ്റ ദേഹം കാണാന്‍ ഈ കുന്ന് കയറുന്നതുവരെ  നിന്‍െറ പെരുളറിയാന്‍ കഴിയാഞ്ഞത് ഞങ്ങളുടെ മനുഷ്യത്വമില്ലായ്മയോ അതോ നിന്‍െറ മഹത്വമോ?
നിന്‍െറ വീട്ടിലേക്കുള്ള കുന്ന് കയറുമ്പോള്‍ എം.ജി. സര്‍വകലാശാലയിലെ ലൈബ്രറിയാണ് ഓര്‍മ വന്നത്. മധ്യാഹ്നങ്ങളിലെ ആയാസകരമായ ലൈബ്രറി കയറ്റത്തിനിടെ കുന്നിന്‍െറ മധ്യത്തിലെ കോഫി ഷോപ്പില്‍വെച്ചാണെന്ന് തോന്നുന്നു നിന്നെ ഞാന്‍ പരിചയപ്പെട്ടത്. സിസിലെ (സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ്) എന്‍െറയും നിന്‍െറയും അലസ ഗമനങ്ങളില്‍ ഒരു ഗാഢ സൗഹൃദമായി അത് വളര്‍ന്നില്ല. ചുട്ടുപൊള്ളുന്ന മാധ്യമ ചര്‍ച്ചകളിലും ചെമ്പകച്ചോട്ടിലെ പ്രണയാവേശങ്ങളിലും ഞാനും നീയും അസ്പൃശ്യരായിരുന്നല്ളോ. പിന്നെ ബി.എഡ് കോളജ് ഹാളിലെ ഫിലിം ഫെസ്റ്റിവലില്‍ ഫ്രെയിമുകള്‍ക്കിടയിലെ വെളിച്ചപ്പാളികളില്‍ നിന്‍െറ കണ്ണുകള്‍ തിളങ്ങുന്നതും കെടുന്നതും കണ്ടു. കോളജ് തെരഞ്ഞെടുപ്പില്‍ ചുവപ്പും കാവിയും ഏറ്റുമുട്ടിയപ്പോള്‍ അവിടെയും നിന്‍െറ ഒച്ച ഉയര്‍ന്നുകേട്ടില്ല.
പിന്നെ നിന്നെ കണ്ടത് മാധ്യമത്തിലെ ഇന്‍റര്‍വ്യൂ മുറിക്ക് പുറത്തെ ഇടനാഴിയിലാണ്. പരിശീലന കളരിയില്‍വെച്ചാണ് നാം ആദ്യമായി ചങ്ങാതിമാരായത്. എന്നിട്ടും നിനക്കും എനിക്കുമിടയില്‍ ഒരു മഞ്ഞുപാളി കനത്തുനിന്നു.
കൊച്ചിയിലെ ജീര്‍ണിച്ച ക്വാര്‍ട്ടേഴ്സില്‍ കഴിയുമ്പോഴാണ് നീ ‘മത്തായിയും ജോബ് മാര്‍ലി’യുമായി ഞങ്ങളുടെയിടയില്‍ ഹീറോ ആയത്. ജോബ് മാര്‍ളിയെന്ന് പേരിട്ടത് നിനക്ക് മുമ്പേ പരലോകം പൂകിയ റിയാസായിരുന്നല്ളൊ.
പ്രത്യയശാസ്ത്ര ചര്‍ച്ചകളില്‍ നീ പ്രായോഗിക വാദിയായി. സായിനാഥിന്‍െറ ‘പെയിഡ് ന്യൂസ്’ പ്രഭാഷണം ഞങ്ങളെ ആവേശം കൊള്ളച്ചപ്പോള്‍ നീ തലനാരിഴ കീറി നിഷ്പക്ഷനായി. അതിനെ ‘പാലാക്കാരന്‍ നസ്രാണിയുടെ പാപ്പരാസി വിധേയത്വമെന്ന്’ ഞങ്ങള്‍ വിശേഷിപ്പിച്ചത് തര്‍ക്കിച്ച് ജയിക്കാനാവാഞ്ഞതുകൊണ്ടാണ്. ഇംഗ്ളീഷ് പഠിക്കാന്‍ ‘വേട്ട’ക്ക് പോയതും ഫോര്‍ട്ടുകൊച്ചിയില്‍വെച്ച് ജപ്പാന്‍കാരനെ ആംഗലേയ ഭാഷ പ്രയോഗിച്ച് ‘മുട്ടുകുത്തിച്ചതും’ ക്വാര്‍ട്ടേഴ്സും കടന്ന് ഡെസ്കിലും ചിരി പടര്‍ത്തി. കമ്പ്യൂട്ടറില്‍നിന്ന് നിന്‍െറ പേജുകള്‍ അടിക്കടി മാഞ്ഞ് പോയതും ഡെസ്ക് മീറ്റിങ്ങില്‍ വിവാദമായി. എന്നിട്ടും ശങ്കയേതുമില്ലാതെ ഡെഡ് ലൈനിന്‍െറ മണിമുഴങ്ങും മുമ്പ് നീ പേജുകള്‍ സ്ട്രിപ്പിങ്ങിലത്തെിച്ചു. 
കാന്‍റീനിലെ എച്ചില്‍ മണം വിങ്ങുന്ന മുറിയില്‍ കൊതുകും മൂട്ടയും ഉറക്കം പകുത്തെടുക്കുമ്പോള്‍ നിന്‍െറ മൊബൈല്‍ ഫോണ്‍ സംഗീതസാന്ദ്രമാകുന്നത് ഓര്‍ക്കുന്നു. റഫിയും കിഷോറും മലയാള ക്ളാസിക്കുകളും കടന്ന് അത് പിന്നെ മരണ സംഗീതമായി. ‘കര്‍ത്താവേ, ആഴത്തില്‍നിന്നുമിപ്പോള്‍ ആര്‍ത്തനായ് കേഴുന്നു’ എന്നു തുടങ്ങുന്ന ഗാനം നമുക്കിടയില്‍ എത്രമാത്രം അസ്വാരസ്യമുണ്ടാക്കി. പള്ളിയിലും പട്ടക്കാരിലും പ്രിയമില്ലായിരുന്നെങ്കിലും നീ എന്തിന് ആ പാട്ട് ഇഷ്ടപ്പെട്ടു? എങ്കിലും നീ മരണത്തെ സ്ഹേിച്ചിരുന്നില്ല. ഓരോ പുലര്‍ച്ചകളിലും നീ ജീവിതത്തെ കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നു.
ഇനി ഞങ്ങള്‍ കുന്നിറങ്ങട്ടെ. പോകാതെ വയ്യ. ഞങ്ങളെ കാത്ത് ഫയലുകള്‍ കുമിയുന്നുണ്ടാകും. ഇനി നീ വിശ്രമിക്കുക. എങ്കിലും നീ മരിച്ചെന്ന് ഞങ്ങള്‍ വിശ്വസിക്കില്ല. കാറ് നീക്കി നീ എന്നെങ്കിലും പൂര്‍ണ ചന്ദ്രനായി പുറത്തുവരുമെന്ന് ആശിച്ചോട്ടെ.....


താജുദീന്‍

ഓര്‍മ്മകളിലൊരു ബുള്‍ഗാന്‍

ഒക്ടോബര്‍ ഒന്ന് പുലര്‍ച്ചെ രണ്ട് മണി. ജോബിനെ അവസാനമായി കണ്ട രാത്രി. ഡ്യൂട്ടി കഴിഞ്ഞിറങ്ങി പോകുന്നതിന് മുന്‍പ് അവന്‍ പറഞ്ഞു-ഉറക്കം വരുന്നു. ഞാന്‍ റൂമിലേക്ക് പോകുന്നു. രാവിലെ വീട്ടില്‍ പോകണം. നാളെ ഓഫ് ആണ്...പക്ഷെ നേരെ പോയത് പ്രസിലേക്ക്. പതിവില്ലാത്തവിധം പ്രസിലെ സുഹൃത്തുക്കളുമായി കുറേ സംസാരിച്ചു, പ്രിന്‍റിംഗ് മെഷീന്‍െറ മുകളില്‍ വരെ കയറി, സംശയങ്ങള്‍ ചോദിച്ചറിഞ്ഞു. 
സന്ധ്യമയങ്ങിയപ്പോള്‍ കൊച്ചിയില്‍ നിന്ന് അജാസിന്‍െറ ഫോണ്‍-‘നമ്മുടെ ജോബിന്‍ ആക്സിഡന്‍റായി, കോട്ടയം മെഡിക്കല്‍ കോളജിലാണ്’...വീട്ടിലായിരുന്ന ഞാന്‍ വിവരം തിരക്കി പലരെയും വിളിച്ചു. ആര്‍ക്കും കൂടുതല്‍ വിവരം അറിയില്ല. 
സീരിയസ് ആണെന്ന് കോട്ടയം ഓഫിസില്‍ നിന്നറിഞ്ഞു. രാത്രി 11 മണിവരെ നിരവധി ഫോണ്‍ കോളുകള്‍..മരിച്ചെന്നും ഇല്ളെന്നും. ഉറങ്ങാന്‍ പറ്റിയില്ല.  എങ്ങിനെയും നേരംവെളുപ്പിച്ച് അവനെ കാണണമെന്ന ചിന്തയെ മനസിലുണ്ടായിരുന്നുള്ളു. പുലര്‍ച്ചെ എഴുന്നേറ്റ് കോട്ടയം പോകാന്‍ ഇറങ്ങിയപ്പോള്‍ തൊടുപുഴ ബ്യൂറോചീഫ് അഷ്റഫ് വട്ടപ്പാറയുടെ ഫോണ്‍-‘അവന്‍ പോയി. പത്ത് മിനിറ്റേ ആയുള്ളു’...മൂന്നാമതൊരു വാക്കിന് മനസില്ലാതെ അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. തരിച്ചിരുന്നുപോയി. വാവിട്ട് കരയാന്‍ പോലും പറ്റാതെ. അവനെ അവസാനമായി കാണാനുള്ള കോട്ടയം യാത്രയില്‍ ഒരായിരം ഓര്‍മകള്‍ മനസില്‍ മിന്നിമാഞ്ഞു. ജോബിനുമൊത്തുള്ള ബൈക്ക് യാത്രകള്‍...തട്ടുകട തേടി കൊച്ചിയിലൂടെയുള്ള രാത്രിസഞ്ചാരം...വാരാദ്യമാധ്യമത്തിലേക്ക് സ്റ്റോറി ചെയ്യുന്നതിനായി കുമ്പളങ്ങി യാത്ര...ആതിരപ്പള്ളിയിലേക്ക് ഫാമിലി ടൂര്‍...ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ഒരുമിച്ച്...അങ്ങിനെ കുറേ യാത്രകള്‍, ഓര്‍മകള്‍. എല്ലാം ഇനി ഓര്‍മകള്‍ മാത്രമാണെന്ന യാഥാര്‍ഥ്യം പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ നിലത്ത് അവന്‍െറ  ശരീരം. ഒന്നേ നോക്കിയുള്ളു... രണ്ടാഴ്ചക്കിടെ ഞങ്ങള്‍ക്ക് നഷ്ടമായത് രണ്ട് സുഹൃത്തുക്കളെയാണ്. സെപ്തംബര്‍ 14ന് തൃശൂര്‍ ഡസ്കിലെ സബ്എഡിറ്റര്‍ എന്‍.കെ. റിയാസ്, പിന്നെ ജോബിനും. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങള്‍.
എപ്പോഴും ചിരിച്ച മുഖം, വല്ലപ്പോഴും തെളിയുന്ന ബുള്‍ഗാന്‍, രണ്ട് കൈയും വീശിയുള്ള നടപ്പ്...ഓര്‍മകളില്‍ ജോബിന്‍െറ മുഖം ഇതാണ്. ദേഷ്യപ്പെടുമ്പോഴും ചിരിക്കും. രാത്രിജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ അവനും കൂടെ കൂടും-‘വീട്ടില്‍ പോകേണ്ട കാര്യമുണ്ട്, എന്നെ മൂവാറ്റുപുഴ ഇറക്കിയാല്‍ മതി’. ഞാന്‍ ചോദിക്കും-നിനക്കെന്താ വട്ടുണ്ടോ, നാളെ ഡ്യൂട്ടിക്ക് കയറണ്ടെ, വീട്ടിലത്തെിയാല്‍ അപ്പോള്‍ തന്നെ തിരിച്ചുവരണ്ടെ’. കൂടുതലൊന്നും പറയാന്‍ നില്‍കാതെ ‘നീ വണ്ടിയെടുക്ക്’ എന്ന ആജ്ഞയുമായി അവന്‍ ബൈക്കില്‍ കയറും. ദൃതിപിടിച്ച് ഓടിക്കിതച്ച് വീട്ടില്‍ പോയത് എന്തിനാണെന്ന് മനസിലാക്കാന്‍ അവന്‍െറ മരണം വരെ കാത്തിരിക്കേണ്ടി വന്നു. അവന്‍െറ മൃതദേഹം വഹിച്ച ആംബുലന്‍സുമായി രാമപുരത്തിന്‍െറ കുന്നുകയറും വരെ ഉറ്റസുഹൃത്തുക്കള്‍ പോലും ജോബിനെ അറിഞ്ഞിരുന്നില്ല, അവന്‍െറ അവസ്ഥ മനസിലാക്കിയിരുന്നില്ല, അവന്‍ ആരോടും പറഞ്ഞതുമില്ല...കുന്നിന് മുകളില്‍ ഇനിയും പണിതീരാത്ത വീട്, അഛന്‍ ചെറുപ്പത്തിലേ മരിച്ചു, ഒരു വര്‍ഷം മുന്‍പ് അമ്മയും. അനുജന്‍ ഡോണക്ക് കാര്യമായ ജോലിയില്ല. വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ജോബിനായിരുന്നു. ഒരുകുടുംബത്തിന്‍െറ മുഴുവന്‍ അത്താണിയാകുമ്പോഴും ചിരിച്ച മുഖത്തോടെ അവന്‍ എല്ലാം നേരിട്ടു. 
രാമപുരം സെന്‍റ് അഗസ്റ്റിന്‍ പള്ളിയുടെ സെമിത്തേരിയില്‍ അവനെ ഒറ്റക്കാക്കി പിരിയാന്‍ നേരം ഡോണയെ കണ്ടു, നിറമിഴികളോടെ, ചിരിച്ചുകൊണ്ട്...‘ഞങ്ങള്‍ക്ക് ഒരു വിഷമവുമില്ല, എന്തിനാ വിഷമിക്കുന്നെ, അല്ളെങ്കില്‍ തന്നെ വിഷമിച്ചിട്ടെന്ത് കാര്യം, അവന്‍ പോയി, ഏക ആശ്രയമായിരുന്നു, അതും പോയി, പോട്ടെ’...ആരും ആശ്വസിപ്പിക്കാന്‍ ഇല്ലാത്തവന്‍െറ ആശ്വാസവാക്കുകള്‍. കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കണമെന്ന് തോന്നി. എന്തോ, കഴിഞ്ഞില്ല. തോളില്‍ തട്ടി ആശ്വസിപ്പിച്ച് വീട് വിട്ടിറങ്ങി, അവന്‍െറ അനുജനെയും തനിച്ചാക്കി. 
രണ്ടാഴ്ചക്ക് ശേഷം ഒരിക്കല്‍കൂടി ആ കുന്ന് കയറി...കൊച്ചിയില്‍ അവന്‍െറ പ്രിയ സഹപ്രവര്‍ത്തകരായിരുന്ന എം.എ. ഷാനവാസ്, എം.ജെ. ബെല്‍ത്ത്സര്‍, കെ.എം. സഹീര്‍ എന്നിവരുമൊത്ത്. വീട്ടിലെ ഭിത്തിയില്‍ അഛന്‍െറയും അമ്മയുടെയും ചിത്രത്തിനൊപ്പം അവനെയും കണ്ടപ്പോള്‍ നെഞ്ചൊന്ന് പിടഞ്ഞു. രാമപുരം സെന്‍റ് അഗസ്റ്റിന്‍ പള്ളിയിലെ അവന്‍െറ കല്ലറയില്‍ ഇനിയും വാടാത്ത പൂക്കള്‍...

‘ബൈജു കൊടുവള്ളിയെ കൊണ്ട് കുറച്ച് ഫോട്ടോ എടുപ്പിക്കണം. മരിക്കുമ്പൊഴെങ്കിലും പത്രത്തില്‍ കൊടുക്കാമല്ളോ’-പിരിയുന്നതിന് രണ്ട് ദിവസം മുന്‍പ് റിയാസിന്‍െറ ചിത്രങ്ങളില്‍ നോക്കി അവന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. അവന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നോ. രാത്രിയുള്ള ബൈക്ക് യാത്രയില്‍ പുത്തന്‍കുരിശിനടുത്തുള്ള ഇടുങ്ങിയ പാലമത്തെുമ്പോള്‍ അവന്‍ ചോദിക്കും -‘മരണപ്പാലം എത്തിയോടാ’. എല്ലാം അറിഞ്ഞിരുന്നിട്ടും ഒന്നും പറയാതെ അവന്‍ പോയത് പോലെ...വെറുതെ വഴക്കുണ്ടാക്കിയതും തല്ലുണ്ടാക്കിയതും എന്തിനാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസിലാകുന്നു. എല്ലാം ഓര്‍മകള്‍മാത്രമായല്ളൊ...ഒരിക്കലും തിരിച്ചു കിട്ടില്ളെന്ന് ഉറപ്പുണ്ടായിട്ടും പിന്നെയും കൊതിച്ചു പോവുകയാണ്...നിന്നോടൊപ്പമുള്ള ആ നല്ല ദിനങ്ങള്‍ക്ക് വേണ്ടി... 



T.A. Shihab
Madhyamam
kochi
99461 12340

പറയാതെ പോയ കൂട്ടുകാരന്‍

വൈകുന്നേരം കണ്ണൂരിലെ ക്വാര്‍ട്ടേഴ്സിലിരിക്കുമ്പോഴാണ്, ജോബിന് ബസില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ടെന്നറിയിച്ച് ഇഖ്ബാല്‍ ഫോണ്‍ ചെയ്തത്. കുറച്ച് സീരിയസ് ആണെന്ന് പറഞ്ഞെങ്കിലും ശരിക്കുള്ള ഗൗരവം അന്നേരം എനിക്ക് പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനായിരുന്നു അത്. അന്നെനിക്ക് സെക്കന്‍റ് ഷിഫ്റ്റിലാണ് ഡ്യൂട്ടി. വൈകുന്നേരം മടിപിടിച്ചിരിക്കുകയാണ്. കുറച്ച് കഴിഞ്ഞിട്ട് അവനെ തന്നെ വിളിച്ച് അന്വേഷിക്കാമെന്ന് കരുതി. ഏതാണ്ട് അര മണിക്കൂര്‍ കൂടി കഴഞ്ഞപ്പോഴാവണം, തൃശൂരില്‍ നിന്ന് പ്രശാന്തിന്‍െറ ഫോണ്‍ വന്നു; ജോബിന് വളരെ സീരിയസ് ആണെന്ന്. അപ്പോഴാണ് ഞാന്‍ ആലസ്യം വെടിഞ്ഞ് സംഭവത്തിന്‍െറ ഗൗരവത്തിലേക്ക് വന്നത്. ഡ്യൂട്ടി ഒമ്പതു മണിക്കാണെങ്കിലും ഞാന്‍ വേഗത്തില്‍ കുളി കഴിച്ച് ഓഫീസിലേക്ക് തിരിച്ചു. പോവുന്ന വഴിക്ക് റിജുവിന്‍െറ വിളി... മസ്തിഷ്ക മരണം സംഭവിച്ചുവെന്നും നേരം വെളുക്കുമോയെന്ന് സംശയമാണെന്നും അറിഞ്ഞു. വിശ്വസിക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. ജോബിന് അങ്ങനെ പറ്റാനിടയില്ലല്ളോ എന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു. ഓഫീസില്‍ എത്തി പരമാവധി സുഹൃത്തുക്കളെ വിവരമറിയിച്ചു. ഞങ്ങളൊന്നിച്ച് മലപ്പുറത്തുണ്ടായിരുന്നപ്പോള്‍ അവനോട് അടുത്ത് പെരുമാറിയവരുടെയെല്ലാം പ്രതികരണം ഏതാണ്ട് ഒരുപോലെയായിരുന്നു. ‘...ആര്‍ക്ക്, ജോബിനോ?’ എന്ന അവിശ്വസനീയത എല്ലാവരുടേയും വാക്കുകളില്‍. 
അന്ന് ചരമപ്പേജ് ചെയ്യേണ്ടത് ഞാനായിരുന്നു. എന്‍െറ മനസ് നിറയെ ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ. അവന്‍െറ മരണ വാര്‍ത്ത എന്‍െറ കൈകൊണ്ട് പേജില്‍ വെക്കാനിടവരുത്തല്ളേയെന്ന്. അതു വേണ്ടി വന്നില്ല. പിറ്റേന്ന് പുലര്‍ച്ചെയാണവന്‍ വിട്ടുപിരിഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച്. രാവിലെ പ്രശാന്താണ് വിളിച്ചു പറഞ്ഞത്. പിന്നെ വിവരമറിഞ്ഞ് പലരും വിളിച്ചു. അന്ന് ഗാന്ധിജയന്തിയായതിനാല്‍ പത്രം അവധിയാണ്. എങ്ങനെയും കോട്ടയത്തത്തെി അവനെ കാണണമെന്നായി ചിന്ത. ആശുപത്രിയിലുണ്ടായിരുന്ന എബിയെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. അവനോട് വിശദമായി വഴി ചോദിച്ചു മനസിലാക്കി. പലരോടും ചോദിച്ചെങ്കിലും യാത്രക്ക് കൂട്ടിന് ആരേയും കിട്ടിയില്ല. നാട്ടില്‍ നിന്ന് രാത്രി പത്തരക്ക് പാലായിലേക്കൊരു മേരിമാതാ ബസുണ്ട്. അതിലായിരുന്നു യാത്ര. ഏഴു മണിക്കൂറോളം ദൈര്‍ഘ്യമുള്ള യാത്രക്കിടെ അവനോടിടപെട്ട് ജീവിച്ച കാലത്തെ സംഭവങ്ങള്‍ ഓരോന്നായി മനസില്‍ തെളിഞ്ഞു. 
2006 മേയില്‍ ആണ് ജോബിന്‍ മലപ്പുറം ബ്യൂറോയിലേക്ക് വരുന്നത്. അന്ന് ബ്യൂറോയില്‍ ട്രെിയിനികളായി ഞങ്ങള്‍ രണ്ടുപേരും മാത്രമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു മാനസിക ഐക്യം രൂപപ്പെട്ടിരുന്നു. അവനാണെങ്കില്‍ എന്തു പറഞ്ഞാലും മറുത്തൊന്നും പറയാതെ അനുസരിക്കുന്ന കൂട്ടത്തിലായിരുന്നത് എനിക്ക് വളരെ ഉപകാരമായി. എന്‍െറ കല്യാണം കഴിഞ്ഞിട്ട് അധികനാളായിട്ടുണ്ടായിരുന്നില്ല. ബ്യൂറോയില്‍ ആളു കുറവായതിനാല്‍ വീക്കിലി ഓഫ് പോലും കിട്ടാന്‍ പ്രയാസമുളള കാലം. ആ സമയത്ത് ജോലി പലതും അവന്‍െറ തലയിലിട്ടാണ് ഞാന്‍ മുങ്ങിയിയിരുന്നത്. ജോലിയില്‍ മലപ്പുറത്തെ പ്രത്യേക അന്തരീക്ഷത്തോട് ഇണങ്ങാന്‍ കുറച്ചൊന്ന് പ്രയാസപ്പെട്ടെങ്കിലും, പിന്നീട് ബ്യൂറോയും പ്രസ്ക്ളബും പരിസവുമൊക്കെ ചേര്‍ന്ന അവിടുത്തെ ചെറിയ കാന്‍വാസില്‍ ജോബിന്‍ അവന്‍േറതായ ഇടം കണ്ടത്തെി. എല്ലാവരുമായും പെട്ടെന്ന് അടുത്തു. ഉമറുല്‍ ഫാറൂഖ് സ്ഥലം മാറി പോയതോടെ അല്‍പം മുറുകിക്കിടന്ന ബ്യൂറോയിലെ അന്തരീക്ഷത്തിന് ജോബിന്‍െറ വരവോടെ നല്ല അയവുണ്ടായി. അവന്‍െറ സ്വതസിദ്ധമായ പെരുമാറ്റവും ഇടക്കിടെ അവന് പിണയാറുള്ള അബദ്ധങ്ങളുമെല്ലാം ബ്യൂറോയെ സജീവമാക്കി. ആദ്യദിവസം ക്വാര്‍ട്ടേഴ്സിലേക്ക് വന്ന ജോബിന്‍ അബദ്ധത്തില്‍ ബ്യൂറോ ചീഫിന്‍െറ ക്വാര്‍ട്ടേഴ്സിലേക്ക് കയറിയതും അദ്ദേഹത്തിന്‍െറ ഭാര്യ ഭയന്ന് നിലവിളിക്കാന്‍ നോക്കിയതും, ജിയോജിതിലെ പെണ്‍കുട്ടിയുമായി സമീല്‍ അവന് വിവാഹമാലോചിച്ചതും .... അങ്ങനെ റിജുവിനും പരസ്യത്തിലെ മുസ്തഫക്കുമെല്ലാം പറയാന്‍ ജോബിന്‍ കഥകള്‍ ധാരാളമുണ്ടായിരുന്നു. സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനായി അവന്‍ എഴുതിയ മൂന്നു പേജ് കത്തിനെ കുറിച്ചോ ഇടക്കിടെയുള്ള അട്ടപ്പാടി യാത്രയെക്കുറിച്ചോ എത്ര കളിയാക്കിയാലും അവന് ഭാവഭേദമൊന്നുമുണ്ടാവാറില്ല. 
കുടുംബത്തോടൊപ്പം താമസിച്ച മൂന്നു മാസമൊഴിച്ചാല്‍, 2008 മേയില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്ഥലം മാറ്റമാവുന്നതുവരെ ക്വാര്‍ട്ടേഴ്സില്‍ എന്‍െറ കൂടെ ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞത് ജോബിനാണ്. മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും മലപ്പുറത്തെ സി ക്ളാസ് തിയറ്ററുകളിലും വല്ലപ്പോഴും സിനിമ കാണുന്നതിനും അവനായിരുന്നു എനിക്ക് കൂട്ട്. ഡി.ടി.പിയിലെ കോയയും ഹെല്‍ത്ത് കെയറിലെ ഫൈസലുമായി ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാല്‍ സൗഹൃദത്തിന്‍െറ പ്രത്യേക രസതന്ത്രം തന്നെ രൂപപ്പെട്ടു. മലപ്പുറത്തു നിന്ന് പോന്നതിന് ശേഷം തൃശൂരിലെ യൂണിയന്‍ മീറ്റിംഗില്‍ വെച്ചാണ് കണ്ടത്. ഡസ്കിലെ ജോലിയും കൊച്ചിയിലെ അന്തരീക്ഷവും അവന്‍ നന്നായി ആസ്വദിക്കുന്നതായി സംസാരത്തില്‍ നിന്ന് മനസിലായി. ബിനീഷിന്‍െറ കല്യാണത്തിന് കണ്ണൂരില്‍ വന്നപ്പോള്‍ എബിക്കും പ്രമോദിനുമൊപ്പം അവന്‍ എന്നെ കാണാന്‍ ക്വാര്‍ട്ടേഴ്സിലേക്ക് വന്നു. രാത്രി താമസിക്കാന്‍ വരുമെന്ന് പറഞ്ഞെങ്കിലും പിറ്റേന്ന് രാവിലെയാണ് വന്നത്. അപകടം പറ്റുന്നതിനും അഞ്ചാറ് മാസം മുമ്പായിരുന്നു അത്. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. 
പിന്നെ കണ്ടത് കണ്ണാടിക്കൂട്ടില്‍ കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ കിടക്കുന്ന ജോബിനെയാണ്. ഒന്നു രണ്ടു മണിക്കൂര്‍ അവന്‍െറ മുമ്പിലിരുന്നിട്ടും ആ കിടപ്പ് എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തന്നെയായിരുന്നു. പാലായിലെ വീട്ടിലത്തെിയപ്പോഴാണറിഞ്ഞത് ആ കുടുംബത്തിന്‍െറ നാഥന്‍ അവനായിരുന്നുവെന്ന്. മലപ്പുറത്തെ ജീവിതത്തിനിടക്ക് അവനറിയിക്കാത്ത പലതും അന്നാണറിഞ്ഞത്. അവനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുറച്ചാണ് അന്ന് അവന്‍െറ വീട് നില്‍ക്കുന്ന കുന്നിറങ്ങിയത്. പലരോടും പങ്കുവെച്ചെങ്കിലും കാര്യമായി ഒന്നും നടന്നില്ളെന്ന കുറ്റബോധം ഇന്നും ബാക്കിയാണ്. 

ഒ.പി. ഷാനവാസ്

അവനെ രക്ഷപ്പെടുത്തിയത് ഞാനാണ്

തണുപ്പ് അവനിഷ്ടമായിരുന്നെന്ന് തോന്നുന്നു. അതുകൊണ്ട് കൂടി ആയിരിക്കാം തണുത്ത പ്രകൃതിയുള്ള ഗവിയില്‍ പോകാന്‍ അവന്‍ ഉത്സാഹിച്ചു കൊണ്ടിരുന്നത്. പല തീയതികളും അതിനായി നിശ്ചയിച്ചു. ഓരോ തവണയും ഓരോരുത്തരുടെയും അസൗകര്യം മൂലം മുടങ്ങും.  പത്തനംതിട്ടയിലെ മലമടക്കുകള്‍ ഒന്നൊന്നായി താണ്ടി ചെറുതും പടുകൂറ്റനും ഒക്കെയായ ആറ് ഡാമുകള്‍ കണ്ടും അവയുടെ മുകളിലൂടെ യാത്ര ചെയ്തും ഗവിയുടെ കുളിരലിഞ്ഞ പ്രകൃതിയിലത്തെുന്നതിന്‍െറ ത്രില്‍ പലയിടത്തുനിന്നും വായിച്ചറിഞ്ഞാണ് അവന്‍ അവിടെ പോകാന്‍ തിടുക്കം കൂട്ടിക്കൊണ്ടിരുന്നത്. കൊച്ചി ഡെസ്കിലുള്ളവരെ കൂട്ടി യാത്ര പോകാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. താജുദീന്‍, അഹമ്മദ്ഷാ, സനല്‍, അസ്ലം എന്നിങ്ങനെ ഒപ്പം വരുന്ന പലരുടെയും പേരുകള്‍ പറയുമായിരുന്നു. ഇവന്‍മാരെക്കൊണ്ടൊന്നും നടക്കില്ളെന്നായി ഒടുവില്‍. വഴിമുടക്കുന്നവര്‍ കൊച്ചിയിലുള്ളവരായതിനാല്‍ എനിക്ക് പഴിയില്ലായിരുന്നു. പല തവണ ഗവിയില്‍ പോയിട്ടുള്ളതുകൊണ്ട് മെനക്കെട്ട പരിപാടിയാണ് ഗവിയാത്രയെന്ന് എനിക്കറിയാം. അവിടെ തങ്ങണമെങ്കില്‍ ഒരാള്‍ക്ക് കുറഞ്ഞത് ഒരു ദിവസത്തേക്ക് 1500 രൂപ നല്‍കണം. വനം വകുപ്പിന്‍െറ പാക്കേജാണ്. അങ്ങനെ തങ്ങിയാലെ ഗവിയെ അറിയാനുമാകൂ. അല്ലാതെ അവിടെ  താമസസൗകര്യമില്ല. എങ്ങും നടന്ന് കാണാന്‍ അനുമതിയും ലഭിക്കില്ല. ഇതൊന്നുമറിയാതെയും പറഞ്ഞിട്ടും കാര്യമാക്കാതെയുമാണ് കൊച്ചിക്കാര്‍ യാത്രക്ക് കോപ്പൂകൂട്ടികൊണ്ടിരുന്നത്. ‘‘ഇവന്‍മ്മാര് ഒരു പാഠം പഠിക്കും’’ എന്ന് കണക്ക് കൂട്ടിയാണ് ഞാനിരുന്നത്.
*******************************************************************
2006 ഫെബ്രുവരി ആറിനാണ് ഞങ്ങള്‍ പരിചയക്കാരായത്. അന്നു മുതലാണ് ഞങ്ങളുടെ ബാച്ചിന്‍െറ വികൃതികള്‍  മാധ്യമത്തില്‍ തുടങ്ങിയത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായിരുന്ന അവന്‍ പല സംശയങ്ങള്‍ക്കും മറുപടി തന്നു. വെള്ളിമാടുകുന്നിലെ ഇസ്ലാമിക് സെന്‍ററായിരുന്നു ഞങ്ങളുടെ പരിശീലനക്കളരി. ജേര്‍ണലിസം പഠിക്കാനെന്നും പറഞ്ഞ് ക്ളാസിന് പോകുന്നവര്‍ ക്ളാസെടുക്കാനെന്നും പറഞ്ഞ് വരുന്ന പത്രപ്രവര്‍ത്തകരുടെ കത്തി കേട്ട് ഊപ്പാട് വരുന്നവരാണല്ളോ. അത്തരം കത്തിക്കാരൊന്നും മാധ്യമത്തിലെ ഒരു മാസത്തെ പരിശീലന സമയത്ത് ക്ളാസെടുക്കാന്‍ വന്നിരുന്നില്ല. അതുകൊണ്ട് എല്ലാം രസമായിരുന്നു. താമസം തൊട്ടടുത്ത മാധ്യമം ഫ്ളാറ്റിലായിരുന്നു. എല്ലാവരും ചേര്‍ന്ന് അതൊരു കുസൃതിക്കൂടാക്കി.
ജോബിന്‍, ബിനീഷ്, എബി തോമസ്, ഇപ്പോള്‍ ഇന്ത്യാവിഷന്‍ ലേഖകനായ ഉണ്ണികൃഷ്ണന്‍ പരപ്പ എന്നിവരോടൊപ്പം ഫ്ളാറ്റില്‍ മൂന്നാം നിലയിലായിരുന്നു താമസം. ഞാന്‍, മുജീബ്, താജുദീന്‍ തുടങ്ങി ആറ് പേര്‍ താഴത്തെ നിലയിലും. ഒരു ദിവസം താഴത്തെ ഞങ്ങളുടെ മുറിയില്‍ പാമ്പ് കയറി എന്ന്  ആരോ കണ്ടുപിടിച്ചു. കുഞ്ഞന്‍ പാമ്പ് അകത്തെ മുറിയുടെ വാതില്‍പ്പടിയുടെ വിടവിലേക്ക് കയറിപ്പോയതായാണ് കണ്ടുപിടുത്തം. സന്ധ്യ ആയി തുടങ്ങുമ്പോഴാണ് സംഭവം. രാത്രിയില്‍  ഉറങ്ങുമ്പോള്‍ പാമ്പ് പുറത്തിറങ്ങി കിടക്കുന്നവരെ കടിച്ചാലോ കട്ടിലില്ലാത്തതിനാല്‍ വെറും നിലത്ത് കോസടിവിരിച്ചാണ് കിടപ്പും. എല്ലാവരും ഒന്നു ഭയന്നു. വെളുത്തുള്ളി ചതച്ചിട്ടാല്‍ പാമ്പ് മാളത്തില്‍ നിന്ന് പുറത്തിറങ്ങില്ളെന്ന് കൂടിയവരില്‍ ആരോ പറഞ്ഞു. ഞാനും ജോബിനും കൂടിയാണ് വെളുത്തുള്ളി വാങ്ങാന്‍ പോയത്. വെളുത്തുള്ളിയുമായി വരുമ്പോള്‍ ഞങ്ങള്‍ ഒരു പണി ഒപ്പിച്ചു. ഇത് ചതച്ചിട്ടാല്‍ പാമ്പ് പുറത്തിറങ്ങില്ളെന്നും കടിക്കില്ളെന്നും ഉറപ്പില്ല. ഓരോപിടി എല്ലാവരും കഴിച്ചിട്ട് കിടന്നാല്‍ പാമ്പ് ഏഴയലത്ത് അടുക്കില്ല എന്ന് പറഞ്ഞ് വച്ചു. മറ്റുള്ളവരെ പറ്റിക്കാനാണ് ഞങ്ങള്‍ ഇങ്ങനെ പറഞ്ഞതെങ്കിലും  അവരെല്ലാം കൂടി ഞങ്ങള്‍ക്ക് കാര്യമറിയില്ളെന്ന് കരുതി ഞങ്ങളുടെ നേരെ തിരിഞ്ഞ് മണ്ടന്മാരെന്ന് വിളിച്ചുതുടങ്ങി. അങ്ങനെ ഞങ്ങളുടെ പറ്റിക്കല്‍ പദ്ധതി ബൂമറാങ്ങായി ഞങ്ങള്‍ക്ക് തന്നെ അടിപറ്റി.
എന്‍െറ ഒരു കള്ളത്തരവും അതിനിടക്ക് അവന്‍ കണ്ട് പിടിച്ചിരുന്നു. ട്രെയിനിങ് സമയത്ത് എല്ലാവര്‍ക്കും  ഓരോ സബ്ബ്യൂറോകളില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു. എനിക്ക് കൊയിലാണ്ടിയിലായിരുന്നു ഡ്യൂട്ടി. ജോബിന് താമരശേരിയിലും. അന്ന് ഞങ്ങളുടെ ട്രെയിനിങിന്‍െറ ചുമതല  സി.എ. കരിം ഇക്കാക്ക് ആയിരുന്നു. അദ്ദേഹമാണ് ഞങ്ങളെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ഞാന്‍ വല്ലപ്പോഴും കൊയിലാണ്ടിയില്‍ പോയി കറങ്ങി കുറെ വാര്‍ത്തകളുമായി മടങ്ങിയത്തെും. ദിവസം ഒന്നുവച്ച് എഴുതി കരീമിക്കക്ക് നല്‍കും. സ്റ്റോക്ക് തീരും വരെ മുറിയില്‍ കിടന്ന് ഉറങ്ങും. കരീമിക്കയുടെ വിചാരം എന്നും കൊയിലാണ്ടിയില്‍ പോകുന്നുണ്ടെന്നാണ്. പനിയോ മറ്റോ വന്ന് രണ്ട് ദിവസം ജോബിന്‍ താമരശേരിക്ക് പോയില്ല. അന്നാണ് ഞാന്‍ മുറിയിലുള്ളകാര്യം അവന്‍ കണ്ടത്തെിയത്. അതിന്‍െറ  ഗുട്ടന്‍സ് പിടികിട്ടിയ അവനും അത് പരീക്ഷിച്ച് തുടങ്ങി. അങ്ങനെയാണ് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായത്. ട്രെയിനിങ് കഴിഞ്ഞതില്‍ പിന്നെ ഞങ്ങളുടെ ബന്ധം ഫോണ്‍ വഴിയും ഓര്‍ക്കൂട്ടിലും മാത്രമായിരുന്നു. ചിലരുടെ കല്യാണ ചടങ്ങുകളില്‍ മാത്രമാണ് പിന്നെ ഞങ്ങള്‍ കണ്ടിട്ടുള്ളത്.

****** ******* ****** ****** ******* *****
ഗവിക്ക് പോകല്‍ ഒടുവില്‍ അവന്‍ നിശ്ചയിച്ചു. ഒക്ടോബര്‍ രണ്ടിന് അവധി ദിനത്തില്‍ മറ്റാരും ഇല്ളെങ്കില്‍ വേണ്ട. നമ്മള്‍ രണ്ടും മതി പൊയ്ക്കളയാമെട എന്നായി അവന്‍. ഒക്ടോബര്‍ ഒന്നിന് ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ പത്തനംതിട്ടയില്‍ വരും. അവിടുന്ന് ഫ്രഷായി നമുക്ക് ഗവിയിലേക്ക് പോകാം എന്ന് പറഞ്ഞു.
ആഴ്ചയില്‍ ഒരിക്കല്‍ ഓഫിന് മാത്രം വീട്ടില്‍ പൊയ്ക്കൊണ്ടിരുന്നതിനിടയില്‍ കിട്ടുന്ന അവധിദിനം ഗവയിലേക്കുള്ള ദുഷ്ക്കര യാത്രക്ക് വിനിയോഗിക്കാന്‍ എനിക്ക് മനസുവന്നില്ല. പോരെങ്കില്‍ രണ്ട് പേര്‍ മാത്രവും. മൂന്ന് നാല് പേര്‍ ഉണ്ടെങ്കില്‍ രസമാണല്ളോ യാത്ര. അവിടെ ചെന്ന് ഒന്നും കാണാനാകില്ളെന്നും തങ്ങണമെങ്കില്‍ 1500 രൂപ നല്‍കണമെന്നും ദുര്‍ഘടയാത്രയാണെന്നും ഒക്കെയുള്ള യാഥാര്‍ഥ്യങ്ങള്‍ മനസിലാകുമ്പോള്‍ ജോബിന്‍ എന്നെ തല്ലാന്‍ വന്നെന്നുമിരിക്കും. വീട്ടില്‍ നിന്ന് അന്ന് ഭാര്യ ഉണ്ടാവില്ളെന്നും അവള്‍ അവളുടെ വീടുവരെ പോകുന്നെന്നും അറിയിപ്പ് ലഭിച്ചു. അപ്പോള്‍ വീട്ടില്‍ പോയാല്‍ ശ്വസ്തത കിട്ടുമെന്നും ഉറപ്പായി. അതെല്ലാം കൊണ്ട് ഞാന്‍ ജോബിനോട് പിന്നീടാകാം എന്ന് പറഞ്ഞൊഴിഞ്ഞ് വീട്ടിലേക്ക് പോയി. ഒക്ടോബര്‍ രണ്ടിന് ഉച്ചയോടെയാണ് അറിഞ്ഞത് ജോബിന്‍ അപകടത്തില്‍പ്പെട്ടുവെന്ന്. ആദ്യം കാര്യമാക്കിയില്ല. പിന്നീടാണ് അറിഞ്ഞത് ഗുരുതരമാണെന്ന്. വൈകുന്നേരം ആയപ്പോഴേക്ക് അവനെ വീണ്ടുകിട്ടാന്‍ സാധ്യതയില്ളെന്നും അറിഞ്ഞു. ഞെട്ടിപ്പോയി. അവനെ മരണത്തിലേക്ക് തള്ളിവിട്ടത് ഞാനായിരുന്നോ... ഗവിക്ക് പോകാന്‍ സമ്മതിച്ചിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ... മനസാകെ കലങ്ങിപ്പോയി.... പിന്നെ ഞാനുറച്ചു അവന്‍ രക്ഷപ്പെടുകയാണ് ചെയ്തത്. ഊഷരമായ ഈ ലോകത്ത് നിന്ന് ശാന്തമായ തണുത്ത ലോകത്തേക്ക്...
ഗവിയിലെങ്ങാനും വച്ചായിരുന്നുവെങ്കില്‍ ഒരുപക്ഷേ എനിക്കും അവനൊപ്പം രക്ഷപ്പെടാന്‍ ചാന്‍സ് കിട്ടിയേനെ. ഒറ്റക്ക് അവന്‍ രക്ഷപ്പെട്ട് കളഞ്ഞല്ളോ.... അതേ അവന്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് എന്‍െറ വിശ്വാസം.

ബിനു. ഡി



രാമപുരം കമ്പനി

ളാലം പാലത്തിനടിയിലൂടെ പതഞ്ഞൊഴുകുന്ന മീനച്ചിലാറും അതിന് സമാനമായ രാമപുരം ഷാപ്പിലെ ഈച്ച ചത്തുപൊങ്ങിക്കിടക്കുന്ന മുന്തിരിക്കള്ളുമായിരുന്നു ഞങ്ങളുടെ ആദ്യ ചര്‍ച്ചാവിഷയം. ഹൈറേഞ്ചിലേക്ക് കുടിയേറിയെങ്കിലും മീനച്ചിലാറിന്‍െറ തീരത്തെ പൂര്‍വികസ്മൃതികള്‍ മനസ്സിലുള്ളതുകൊണ്ടാകാം ‘എന്നാടാവ്വേ’ എന്ന രാമപുരംകാരന്‍െറ വിളിയില്‍ ഞാന്‍ സാഹോദര്യം ദര്‍ശിച്ചത്.
 കൊച്ചിയിലെ മഞ്ഞച്ചുവരുകളുള്ള ക്വാര്‍ട്ടേഴ്സിലിരുന്ന് ജീവിതത്തിന്‍െറ നിരര്‍ഥകതയെപ്പറ്റി അവന്‍ വാചാലനാകുമ്പോള്‍ മനുഷ്യന്‍ സ്വതന്ത്രനാകാന്‍ ശപിക്കപ്പെട്ടിരിക്കുന്നു എന്ന സാര്‍ത്രിയന്‍ തത്ത്വചിന്ത ഞങ്ങള്‍ പങ്കുവെച്ചു. മനുഷ്യന്‍െറ നന്മകാണാത്ത മതമേധാവികളെ ഞങ്ങള്‍ തെറിപറഞ്ഞു രസിച്ചു. കീറിയ ബഡ്ഷീറ്റ് വിരിച്ച മത്തെയുടെ മൂലയില്‍ അവന്‍ എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങള്‍ സൂക്ഷിച്ചു. ഇംഗ്ളീഷ് ഭാഷയും ലോകവിജ്ഞാനവും അവന്‍െറ സ്വപ്നങ്ങളായിരുന്നെന്ന് പിന്നീട് ഞാനറിഞ്ഞു.
ഡസ്കിലെ രാത്രിപ്പണിക്കുശേഷം പുലര്‍ച്ചെ മയങ്ങി ഉച്ചയോടെ കിടക്കവിട്ടെഴുന്നേല്‍ക്കുന്ന പതിവ് ദിനചര്യകള്‍ക്കപ്പുറം യാത്രകളെ അവന്‍ സ്നേഹിച്ചു. ഞാന്‍ ഫറോക്ക് സബ് ബ്യൂറോയില്‍ ട്രെയിനി ലേഖകനായി ജോലിചെയ്യുമ്പോള്‍ മലപ്പുറം ബ്യൂറോയില്‍ നിന്ന് രണ്ടുദിവസം അവധിയെടുത്ത് അവനത്തെിയിരുന്നു. വര്‍ഗീയകലാപത്തിന്‍െറ കാര്‍മേഘം മൂടിയ മാറാട് കടപ്പുറം കാണാനായിരുന്നു ആ യാത്ര. വൈകുന്നേരത്തോടെ മാറാടത്തെിയ ഞങ്ങളെ സ്വീകരിക്കാന്‍ വീടുകള്‍ക്ക് മുന്നിലും പിന്നിലുമായി നിരവധി കണ്ണുകളുണ്ടായിരുന്നു. തെല്ളൊരു പേടിയോടെയാണെങ്കിലുംമുന്നോട്ടുപോയ ഞങ്ങളുടെ മുന്നില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് ഞങ്ങളെ വേട്ടയാടിയ കണ്ണുകളുടെ ഉടമസ്ഥര്‍ വളയിട്ട കൈകളുമായത്തെി. പക്ഷേ, അവരുടെ ശബ്ദത്തിന് ചെമ്മീനിലെ കറുത്തമ്മയുടെ ശബ്ദമാധുര്യമല്ല ഉണ്ടായിരുന്നത്. ഈ കവറിലെന്താ (ഞങ്ങളുടെ ഭാഷയില്‍ അത് ‘കൂട്’ ആയിരുന്നു) എന്ന ചോദ്യത്തിന് മറുപടിയായി അതിന്‍െറയുള്ളില്‍നിന്ന് ഷര്‍ട്ടും ജട്ടിയും തോര്‍ത്തും ജോബിന്‍ എടുത്തുകാണിച്ചു. ഒരുവിധം രക്ഷപ്പെട്ട ഞങ്ങള്‍ രാത്രി ‘പോത്തന്‍വാവ’ സിനിമ കണ്ടശേഷം എന്‍െറ ലോഡ്ജ് മുറി പൂകി.
ജോബിന്‍െറ യാത്രകള്‍ പിന്നെയുമുണ്ടായി. ഞാന്‍ കണ്ണൂരിലായിരിക്കുമ്പോള്‍ ഒരു പാതിരാത്രി അവന്‍ വന്നു. ഓഫിസിലത്തെി ഡസ്കിലെ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി എന്‍െറ മുറിയില്‍. പിറ്റേദിവസം പറശ്ശിനിക്കടവിലെ പാമ്പുകളെയും സ്വവര്‍ഗരതിക്കാര്‍ കൈയേറിയ കണ്ണൂര്‍കോട്ടയും കണ്ട് അവന്‍ തിരിച്ചുപോയി. ഇതിനിടെ അവന്‍ അട്ടപ്പാടിയിലും ആലപ്പുഴയിലും പോയി. എന്നോടു പറയാതെ മറ്റു പലയിടത്തും.
ചവിട്ടുനാടകത്തിന് സാഹിത്യം രചിച്ച കൊച്ചിക്കാരന്‍െറ  മകനായ പ്രഫസറെത്തേടി അവന്‍ ഫാറൂഖ് കോളജിലത്തെി. ചവിട്ടുനാടകസാഹിത്യപ്രതിഭയെപ്പറ്റിയുള്ള അവന്‍െറ റൈറ്റപ്പ് പക്ഷേ, വാരാന്തക്കാരന്‍ ചവറ്റുകുട്ടയിലെറിഞ്ഞു. അതിന്‍െറ നിരാശ ഒരിക്കല്‍ അവന്‍ പ്രകടിപ്പിച്ചിരുന്നു. കഷ്ടപ്പെട്ട് സംഘടിപ്പിച്ച സ്റ്റോറിയുടെ ബൈലൈന്‍ വെട്ടിയ ശെയ്ത്താന്മാരുടെ കാര്യം അതിനുമുമ്പും അവന്‍ പറഞ്ഞിരുന്നു. സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച് ഇതൊക്കെ സാധാരണയാണെന്ന് കരുതി ഞങ്ങള്‍ സമാധാനിച്ചു. കോട്ടയത്തെ സാധാരണ  തെറിയുടെ അകമ്പടിയോടെ ആ നിരാശകള്‍ അവന്‍ കാറ്റില്‍പറത്തി. ജീവിതത്തോടുള്ള അദമ്യമായ തൃഷ്ണയായിരിക്കും അവനെ അതിന് സഹായിച്ചിരിക്കുക. ഡസ്കിലെ വിരസജീവിതത്തിനിടയിലും അബ്ദു ആപ്പാഞ്ചിറയ്ക്കും രാജേഷ് എരുമേലിക്കും വാര്‍ത്തകള്‍ തെറ്റുകൂടാതെ എഴുതുന്നതെങ്ങനെ എന്ന് ടെലിഫോണ്‍ ക്ളാസെടുത്ത് അവന്‍ രസം കണ്ടത്തെി. ഉടായിപ്പ് റിവ്യൂ നടത്തുന്ന എന്നെയൊക്കെ പരിഹസിച്ച് അവന്‍ നെടുങ്കന്‍ പത്രവിലയിരുത്തലുകള്‍ നടത്തി.
ഞങ്ങളുടെ സഹപ്രവര്‍ത്തകനായ റിയാസിന്‍െറ മരണശേഷം അവന്‍െറ വീട് സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് തന്‍െറ ശൂന്യതാബോധത്തിന്‍െറ കാരണങ്ങള്‍ അവന്‍ പങ്കുവെച്ചത്. റിയാസിനെ ഉണര്‍ത്താനായി രാവിലെ കുലുക്കിവിളിച്ച ഉമ്മ അവന്‍െറ ചേതനയറ്റ ശരീരമാണ് കണ്ടത്. നമ്മളെയൊക്കെ വിളിക്കാനാരുമില്ല. രാത്രി ഡ്യൂട്ടിക്ക് വരാത്തതെന്തെന്ന് അന്വേഷിച്ചാരെങ്കിലും വരുമ്പോഴായിരിക്കും...
റിയാസിന്‍െറ വീട്ടില്‍ നിന്നിറങ്ങി പെരുമ്പാവൂരേക്ക് പോകുമ്പോള്‍ ബസിലിരുന്ന് റിയാസിന്‍െറ മരണവാര്‍ത്ത വന്ന പത്രത്തിന്‍െറ കട്ടിങ് അവന്‍ പഴ്സില്‍ നിന്നെടുത്ത് കാണിച്ചു. പെരുമ്പാവൂരുനിന്ന് ഞാന്‍ കട്ടപ്പന ബസിലും അവന്‍ കൂത്താട്ടുകുളം ബസിലും കയറി. കോവളം ഹവ്വാബീച്ച് കാണാനായി ഞാന്‍ ഉടന്‍ വരുന്നുണ്ട് -അവന്‍ പറഞ്ഞു. പിന്നെയവനെ കാണുന്നത് തുന്നിക്കൂട്ടിയ തലയുമായി ചില്ലുപേടകത്തിനുള്ളിലാണ്.
കഷ്ടപ്പാടിന്‍െറ ബാല്യമായിരുന്നോ അവന്‍െറ കരുത്ത്. അതുതന്നെയായിരിക്കും ഉയരാനുള്ള അവന്‍െറ തൃഷ്ണക്കും വളമായത്. കാര്‍ന്നോന്മാരടക്കമുള്ള രാമപുരത്തെ തന്‍െറ പതിവുകമ്പനിക്കാരോടൊപ്പം വീക്കെന്‍റ് ആഘോഷിക്കാന്‍ അവന്‍ കഷ്ടപ്പെട്ട് ഞായറാഴ്ച ഓഫ് സംഘടിപ്പിച്ചിരുന്നു. ഇത്തവണ രാമപുരം കമ്പനിയെയും ഞങ്ങളെയും പറ്റിച്ച് അവന്‍െറ യാത്ര തനിയെ ആയിരുന്നു.

ബിനീഷ് തോമസ്