Sunday, September 22, 2013

‘ജോബിന്‍ ..ഇനിയെന്നോട് മിണ്ടാന്‍ വരരുത്...’’

‘ജോബിന്‍  ..ഇനിയെന്നോട് മിണ്ടാന്‍ വരരുത്...’’
കടുപ്പിച്ചു തന്നെയാണ് അന്ന് അങ്ങനെ പറഞ്ഞത്.  അത്രയും ദേഷ്യം വന്നു. അല്ളെങ്കിലും ജോബിനാരാണ്  എന്നെ ഉപദേശിക്കാന്‍? എല്ലാ തവണയും അങ്ങനെയാണ്. സംസാരങ്ങളൊക്കെ ഒടുങ്ങുന്നതു വഴക്കിലാണ്. കാരണമുണ്ട്. പ്രണയം ആണ് വിഷയം. ‘നീ അവനെ പ്രേമിക്കുന്നെന്നു കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്‘ജോബിന്‍്റെ പറച്ചില്‍ കേട്ടപ്പോള്‍ എനിക്ക് ശുണ്ടിയാണ്  വന്നത്. ‘അതെന്തേ എനിക്ക് ആരെയും പ്രണയിച്ചൂടെ ?‘എന്നു ഞാന്‍. ‘അല്ളെടീ..അവന്‍ നിനക്ക് ഒട്ടും ചേരില്ല‘ എന്നാണ് ജോബിന്‍്റെ മറുപടി . നിനക്ക് ലോകമെന്തെന്നു അറിയാത്തത് കൊണ്ടാണെന്ന്  പതിഞ്ഞൊരു മുന്നറിയിപ്പും എപ്പോഴുമുണ്ടാകും. ‘ദേ ഞാന്‍ ഫോണ്‍ വക്കുകയാണ്, ഇതിനി ആരേലും കണ്ടാല്‍ വേറെ എന്തേലും പറഞ്ഞുണ്ടാക്കും ‘എന്നു അല്പം ഭയം അഭിനയിച്ചൊരു കളിയാക്കലുണ്ട് ജോബിന് . ഇത്ര പേടിയാണെങ്കില്‍ പിന്നെന്തിനാ വിളിച്ചേ, മേലാല്‍  എന്നെ വിളിച്ചേക്കരുത്  എന്നു ദേഷ്യപ്പെട്ടു പറഞ്ഞാലുടന്‍ ജോബിന്‍   .ചിരി തുടങ്ങും..’’ ദേ ജോബിന്‍ ..പൊട്ടന്‍ ചിരി ചിരിക്കാതെ പൊക്കോ ട്ടോ...’’എന്നു ഞാന്‍. അപ്പോഴും ജോബിന്‍ ചിരിക്കും...അവസാനിക്കാത്ത ചിരി...
പിന്നീടറിഞ്ഞു, വിവാഹിതയായി ഒന്നര മാസത്തിനു ശേഷം വേര്‍പിരിഞ്ഞ, ജോബിനേക്കാള്‍ ഒരു വയസിനു മൂത്ത ഒരു പെണ്‍കുട്ടിയെ, അതും മിശ്ര വിവാഹിതരുടെ മകളായ ഒരു പെണ്‍കുട്ടിയെ  വിവാഹം കഴിക്കാന്‍ ജോബിന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു എന്നു ..
മരിക്കുന്നതിനു  എത്ര ദിവസം മുന്‍പാണ് അവസാനമായി സംസാരിച്ചത് ?  കൂടി വന്നാല്‍ നാല്,അതോ  അഞ്ചു ദിവസം? ഓര്‍മയില്ല.
******************************************************
2009 ലെ മാധ്യമം കൊച്ചി യൂണിറ്റിലെ കുടുംബസംഗമത്തിനന്നാണ്   ഞങ്ങള്‍ ആദ്യമായി നേരിട്ട് കാണുന്നത്. പല തവണ നെറ്റില്‍ ചാറ്റ് ചെയ്തിട്ടുണ്ട്. മാധ്യമം കുടുംബാംഗം എന്ന നിലയില്‍ അല്ല, റിയാസിക്കയുടെ ചങ്ങാതി എന്ന നിലക്ക്. റിയാസിക്കയെ പറയാതെ ജോബിനെ ഓര്‍ക്കാനാകില്ല. 2010 സെപ്റ്റംബര്‍ 14 നാണ് റിയാസിക്ക നിശബ്ദ ഹൃദയസതംഭനത്തിലൂടെ  മരിക്കുന്നത്. ഒരു മാസം പൂര്‍ത്തിയാകുന്നതിനു  മുന്‍പേ ഒക്ടോബര്‍ രണ്ടിന് ജോബിനും പോയി.
***********************************************************
ആരെങ്കിലും മരിച്ചാല്‍ കാണാ പോകാന്‍ കൂട്ടാക്കാറില്ല ഞാന്‍. അവരുടെ ഓജസ്സുള്ള മുഖം എക്കാലവും മനസ്സില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. മരിച്ച വീട്ടിലെ കരച്ചിലും അഗര്‍ബത്തി മണവും എപ്പോഴും എന്നെ അസ്വസ്തയാക്കാരുണ്ട് . അതും പോകാതിരിക്കാനുള്ള മറ്റൊരു കാരണം..എന്നാല്‍ ജോബിന്‍ മരിച്ചെന്നു കേട്ടപ്പോള്‍ കണ്ടേ തീരുവെന്നു തോന്നി.  മിണ്ടരുതെന്ന് പറഞ്ഞെങ്കിലും പിണക്കമോന്നുമില്ല ജോബിന്‍ എന്നു പറയണമെന്നുണ്ടായിരുന്നു...
***************************************************
ഇതുമൊരു  വീടാണ് ല്ളേ? ഇങ്ങനെയും കുറെ പേരുണ്ടല്ളേ? അടുക്കള  വഴിയാണ് കേറിയത്. അകത്തു  ജോബിന്‍്റെ നേര്‍ പകര്‍പ്പ്  പോലൊരു പെണ്‍കുട്ടി. അതോ ചേച്ചി? ‘ജോബിന്‍്റെ സമ്പാദ്യമാണ് ആ മുറി’’ തകര്‍ന്നു വീഴാറായ കുഞ്ഞ് മണ്ണു വീടിനോട് ചേര്‍ന്ന് പുതുതായി നിര്‍മിച്ച ഒരു കോണ്ക്രീറ്റ് കെട്ടിടം കാണിച്ച് ഒരു അമ്മ പറയുന്നുണ്ടായിരുന്നു. ആ മുറിയിലാണ് ജോബിന്‍..., ഞാന്‍  ജോബിനെ  അവസാനമായി കാണുന്നത്. ഇങ്ങനൊരു കൂടിക്കാഴ്ച സ്വപ്നത്തില്‍   പോലുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കാര്‍ക്കും...

ജിഷ എലിസബത്ത്

No comments:

Post a Comment