Sunday, September 22, 2013

തെറ്റുകള്‍ക്കെതിരെ സദാ പ്രതികരിക്കുന്ന ജോബിന്‍

മരണം തിരിച്ചറിഞ്ഞ് അതിനുള്ള അടയാളങ്ങളും സമ്മാനിച്ചാണ്  ജോബിന്‍ എന്ന പ്രിയ കൂട്ടുകാരന്‍ വിട്ടുപിരിഞ്ഞത്. തെറ്റുകള്‍ക്കെതിരെ സദാ പ്രതികരിക്കുന്ന അവന്‍ എന്‍െറ തൊട്ടടുത്ത മുറിയിലായിരുന്നു താമസം.
2010 സെപ്റ്റംബര്‍ 14 ന് മാധ്യമം ദിനപ്പത്രത്തിലെ തൃശൂര്‍ സബ് എഡിറ്ററായിരുന്ന ഉറക്കത്തില്‍ സൈലന്‍റ് അറ്റാക്കിലൂടെ നമ്മെ വിട്ടുപിരിഞ്ഞ എന്‍.കെ. റിയാസിന്‍െറ അനുസ്മരണ യോഗത്തില്‍ ജോബിന്‍ അഗസ്റ്റിന്‍ സംസാരിച്ചു- കണ്ണുകള്‍ നിറഞ്ഞ്... ദുഖ ഹൃദയത്താല്‍...‘റിയാസിന്‍െറ കുടുംബത്തെ സഹായിക്കണം. അതാണ് ഇനി നമ്മുടെ ഉത്തരവാദിത്വമെന്ന്’- റിയാസിന്‍െറ മരണശേഷം കൃത്യം 19 ാം ദിവസം ജോലി കഴിഞ്ഞ് കോട്ടയത്തുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നും തെറിച്ച് വീണ് ജോബിന്‍ ആശുപത്രിയിലായി. ജോലി സ്ഥലത്തുവെച്ച് സുഹൃത്തുക്കള്‍ പറഞ്ഞു. ജോബിന് ആക്സിഡന്‍റായെന്ന്. ഞങ്ങള്‍ കാര്യമാക്കിയില്ല. ആ ആക്സിഡന്‍റിന് ഇത്ര തീവ്രത ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ കരുതിയില്ല. പിന്നെ ഒരു ഫോണ്‍ കോള്‍. ‘ജോബിന്‍ മരിച്ചു’. രണ്ട് വാക്കുകള്‍.. ജോബിന്‍ .... മരിച്ചു.. ഒരു ജീവിതം തീര്‍ന്നു.
ഇടക്കിടക്ക് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റില്‍ ഞങ്ങള്‍ ഒരുമിച്ച് ചായകുടിക്കാന്‍ പോകുമായിരുന്നു. എല്ലാ വിഷയങ്ങളെപ്പറ്റിയും സംസാരിക്കും. സംസാരിച്ച് മതിവരാതെ ഞങ്ങള്‍ പിരിയും. അങ്ങനെ എത്ര എത്രയോ ദിനങ്ങള്‍..
മരിക്കുന്നതിന്‍െറ തലേദിവസം ജോബിന്‍ മാധ്യമത്തിലെ പ്രസില്‍ കയറി. മെഷീന്‍െറ മുകളിലേക്ക് കയറിയ ജോബിന്‍ അവിടെയെല്ലാം നോക്കി കണ്ടു. സാധാരണ പ്രസിലെ ആളുകളും മെഷീന്‍ ഓപ്പറേറ്റ് ചെയ്യുന്നവരുമല്ലാത്തവര്‍ കയറിയാല്‍ ഷൗക്കത്ത് ഇക്ക അടക്കമുള്ളവര്‍ ചീത്ത പറയാറുണ്ട്. അന്ന് ജോബിന്‍ കയറി എല്ലാം കണ്ടപ്പോള്‍ അവനോട് ആരും ഒന്നും പറഞ്ഞില്ല. പ്രസില്‍ കയറി എല്ലാം കണ്ടശേഷം അവന്‍ പ്ളേറ്റ് കഴുകുന്ന മുറിയില്‍ ചെന്നു. അവിടെ ആതിഥ്യന്‍ ചേട്ടനും സുബൈര്‍ ഇക്കയും ഉണ്ടായിരുന്നു, അവരോടെല്ലാം സംസാരിക്കുന്നതിനിടയില്‍ ജോബിന്‍ ഒരു കുസൃതി കാട്ടി. അവന്‍െറ ഫോട്ടോയെടുത്ത് പ്ളേറ്റ് കഴുകുന്ന റൂമില്‍ ഒട്ടിച്ചു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ നാളെ ചരമത്തില്‍ കൊടുത്തോളാന്‍ പറഞ്ഞു. ആ വാക്ക് അറം പറ്റി പോയി.
വളരെ പ്രധാനപ്പെട്ട ആരുമറിയാത്ത ഒരു കാര്യം കൂടി. ജോബിന്‍ മരിക്കുന്നതിന് കൃത്യം ഒരാഴ്ച മുമ്പ് സെക്യൂരിറ്റി ജീവനക്കാരനായ ഡെലക്സ് ഡോറോ ചേട്ടനോട് പറഞ്ഞു. ചേട്ടാ കുറേ നാളായി, പള്ളിയില്‍ ഒക്കെ പോയിട്ട്. ഇപ്പോ തോന്നുന്നു, ഒന്നു പോയി കുമ്പസാരിച്ചാലോ എന്ന്. അടുത്തുള്ള പള്ളി ചോദിച്ചപ്പോള്‍ ബ്രോഡ്വേയിലുള്ള നിത്യ സഹായ മാതാവിന്‍െറ പള്ളി ഡെലക്സ് ചേട്ടന്‍ പറഞ്ഞുകൊടുത്തു. ജോബിന്‍ അവിടെ പോകുമെന്ന് പറഞ്ഞു. പിന്നീട് അവന്‍ പോയോ എന്ന് ഞങ്ങള്‍ക്കറിയില്ല.
അവന്‍െറ മരണ വാര്‍ത്ത തീര്‍ത്താല്‍ തീരാത്ത ദുഖമാണ് തരുന്നത്. പലപ്പോഴും സംസാരത്തിനിടയില്‍ ഇപ്പോള്‍ ജോബിന്‍ ഉണ്ടായിരുന്നെങ്കില്‍ അവന്‍ ‘ഇങ്ങനെ ചെയ്യുമായിരുന്നു’, ‘അങ്ങനെ പറയുമായിരുന്നു’ എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ കുറേ കൂട്ടുകാര്‍ സമാധാനിക്കുകയാണ്.
fttp://restasdeath.blogspot.com

--യൂസുഫ് പല്ലാരിമംഗലം--

കെ.എ. യൂസുഫ്
ഡി.ടി.പി

No comments:

Post a Comment