Sunday, September 22, 2013

അവനെ രക്ഷപ്പെടുത്തിയത് ഞാനാണ്

തണുപ്പ് അവനിഷ്ടമായിരുന്നെന്ന് തോന്നുന്നു. അതുകൊണ്ട് കൂടി ആയിരിക്കാം തണുത്ത പ്രകൃതിയുള്ള ഗവിയില്‍ പോകാന്‍ അവന്‍ ഉത്സാഹിച്ചു കൊണ്ടിരുന്നത്. പല തീയതികളും അതിനായി നിശ്ചയിച്ചു. ഓരോ തവണയും ഓരോരുത്തരുടെയും അസൗകര്യം മൂലം മുടങ്ങും.  പത്തനംതിട്ടയിലെ മലമടക്കുകള്‍ ഒന്നൊന്നായി താണ്ടി ചെറുതും പടുകൂറ്റനും ഒക്കെയായ ആറ് ഡാമുകള്‍ കണ്ടും അവയുടെ മുകളിലൂടെ യാത്ര ചെയ്തും ഗവിയുടെ കുളിരലിഞ്ഞ പ്രകൃതിയിലത്തെുന്നതിന്‍െറ ത്രില്‍ പലയിടത്തുനിന്നും വായിച്ചറിഞ്ഞാണ് അവന്‍ അവിടെ പോകാന്‍ തിടുക്കം കൂട്ടിക്കൊണ്ടിരുന്നത്. കൊച്ചി ഡെസ്കിലുള്ളവരെ കൂട്ടി യാത്ര പോകാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. താജുദീന്‍, അഹമ്മദ്ഷാ, സനല്‍, അസ്ലം എന്നിങ്ങനെ ഒപ്പം വരുന്ന പലരുടെയും പേരുകള്‍ പറയുമായിരുന്നു. ഇവന്‍മാരെക്കൊണ്ടൊന്നും നടക്കില്ളെന്നായി ഒടുവില്‍. വഴിമുടക്കുന്നവര്‍ കൊച്ചിയിലുള്ളവരായതിനാല്‍ എനിക്ക് പഴിയില്ലായിരുന്നു. പല തവണ ഗവിയില്‍ പോയിട്ടുള്ളതുകൊണ്ട് മെനക്കെട്ട പരിപാടിയാണ് ഗവിയാത്രയെന്ന് എനിക്കറിയാം. അവിടെ തങ്ങണമെങ്കില്‍ ഒരാള്‍ക്ക് കുറഞ്ഞത് ഒരു ദിവസത്തേക്ക് 1500 രൂപ നല്‍കണം. വനം വകുപ്പിന്‍െറ പാക്കേജാണ്. അങ്ങനെ തങ്ങിയാലെ ഗവിയെ അറിയാനുമാകൂ. അല്ലാതെ അവിടെ  താമസസൗകര്യമില്ല. എങ്ങും നടന്ന് കാണാന്‍ അനുമതിയും ലഭിക്കില്ല. ഇതൊന്നുമറിയാതെയും പറഞ്ഞിട്ടും കാര്യമാക്കാതെയുമാണ് കൊച്ചിക്കാര്‍ യാത്രക്ക് കോപ്പൂകൂട്ടികൊണ്ടിരുന്നത്. ‘‘ഇവന്‍മ്മാര് ഒരു പാഠം പഠിക്കും’’ എന്ന് കണക്ക് കൂട്ടിയാണ് ഞാനിരുന്നത്.
*******************************************************************
2006 ഫെബ്രുവരി ആറിനാണ് ഞങ്ങള്‍ പരിചയക്കാരായത്. അന്നു മുതലാണ് ഞങ്ങളുടെ ബാച്ചിന്‍െറ വികൃതികള്‍  മാധ്യമത്തില്‍ തുടങ്ങിയത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായിരുന്ന അവന്‍ പല സംശയങ്ങള്‍ക്കും മറുപടി തന്നു. വെള്ളിമാടുകുന്നിലെ ഇസ്ലാമിക് സെന്‍ററായിരുന്നു ഞങ്ങളുടെ പരിശീലനക്കളരി. ജേര്‍ണലിസം പഠിക്കാനെന്നും പറഞ്ഞ് ക്ളാസിന് പോകുന്നവര്‍ ക്ളാസെടുക്കാനെന്നും പറഞ്ഞ് വരുന്ന പത്രപ്രവര്‍ത്തകരുടെ കത്തി കേട്ട് ഊപ്പാട് വരുന്നവരാണല്ളോ. അത്തരം കത്തിക്കാരൊന്നും മാധ്യമത്തിലെ ഒരു മാസത്തെ പരിശീലന സമയത്ത് ക്ളാസെടുക്കാന്‍ വന്നിരുന്നില്ല. അതുകൊണ്ട് എല്ലാം രസമായിരുന്നു. താമസം തൊട്ടടുത്ത മാധ്യമം ഫ്ളാറ്റിലായിരുന്നു. എല്ലാവരും ചേര്‍ന്ന് അതൊരു കുസൃതിക്കൂടാക്കി.
ജോബിന്‍, ബിനീഷ്, എബി തോമസ്, ഇപ്പോള്‍ ഇന്ത്യാവിഷന്‍ ലേഖകനായ ഉണ്ണികൃഷ്ണന്‍ പരപ്പ എന്നിവരോടൊപ്പം ഫ്ളാറ്റില്‍ മൂന്നാം നിലയിലായിരുന്നു താമസം. ഞാന്‍, മുജീബ്, താജുദീന്‍ തുടങ്ങി ആറ് പേര്‍ താഴത്തെ നിലയിലും. ഒരു ദിവസം താഴത്തെ ഞങ്ങളുടെ മുറിയില്‍ പാമ്പ് കയറി എന്ന്  ആരോ കണ്ടുപിടിച്ചു. കുഞ്ഞന്‍ പാമ്പ് അകത്തെ മുറിയുടെ വാതില്‍പ്പടിയുടെ വിടവിലേക്ക് കയറിപ്പോയതായാണ് കണ്ടുപിടുത്തം. സന്ധ്യ ആയി തുടങ്ങുമ്പോഴാണ് സംഭവം. രാത്രിയില്‍  ഉറങ്ങുമ്പോള്‍ പാമ്പ് പുറത്തിറങ്ങി കിടക്കുന്നവരെ കടിച്ചാലോ കട്ടിലില്ലാത്തതിനാല്‍ വെറും നിലത്ത് കോസടിവിരിച്ചാണ് കിടപ്പും. എല്ലാവരും ഒന്നു ഭയന്നു. വെളുത്തുള്ളി ചതച്ചിട്ടാല്‍ പാമ്പ് മാളത്തില്‍ നിന്ന് പുറത്തിറങ്ങില്ളെന്ന് കൂടിയവരില്‍ ആരോ പറഞ്ഞു. ഞാനും ജോബിനും കൂടിയാണ് വെളുത്തുള്ളി വാങ്ങാന്‍ പോയത്. വെളുത്തുള്ളിയുമായി വരുമ്പോള്‍ ഞങ്ങള്‍ ഒരു പണി ഒപ്പിച്ചു. ഇത് ചതച്ചിട്ടാല്‍ പാമ്പ് പുറത്തിറങ്ങില്ളെന്നും കടിക്കില്ളെന്നും ഉറപ്പില്ല. ഓരോപിടി എല്ലാവരും കഴിച്ചിട്ട് കിടന്നാല്‍ പാമ്പ് ഏഴയലത്ത് അടുക്കില്ല എന്ന് പറഞ്ഞ് വച്ചു. മറ്റുള്ളവരെ പറ്റിക്കാനാണ് ഞങ്ങള്‍ ഇങ്ങനെ പറഞ്ഞതെങ്കിലും  അവരെല്ലാം കൂടി ഞങ്ങള്‍ക്ക് കാര്യമറിയില്ളെന്ന് കരുതി ഞങ്ങളുടെ നേരെ തിരിഞ്ഞ് മണ്ടന്മാരെന്ന് വിളിച്ചുതുടങ്ങി. അങ്ങനെ ഞങ്ങളുടെ പറ്റിക്കല്‍ പദ്ധതി ബൂമറാങ്ങായി ഞങ്ങള്‍ക്ക് തന്നെ അടിപറ്റി.
എന്‍െറ ഒരു കള്ളത്തരവും അതിനിടക്ക് അവന്‍ കണ്ട് പിടിച്ചിരുന്നു. ട്രെയിനിങ് സമയത്ത് എല്ലാവര്‍ക്കും  ഓരോ സബ്ബ്യൂറോകളില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു. എനിക്ക് കൊയിലാണ്ടിയിലായിരുന്നു ഡ്യൂട്ടി. ജോബിന് താമരശേരിയിലും. അന്ന് ഞങ്ങളുടെ ട്രെയിനിങിന്‍െറ ചുമതല  സി.എ. കരിം ഇക്കാക്ക് ആയിരുന്നു. അദ്ദേഹമാണ് ഞങ്ങളെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. ഞാന്‍ വല്ലപ്പോഴും കൊയിലാണ്ടിയില്‍ പോയി കറങ്ങി കുറെ വാര്‍ത്തകളുമായി മടങ്ങിയത്തെും. ദിവസം ഒന്നുവച്ച് എഴുതി കരീമിക്കക്ക് നല്‍കും. സ്റ്റോക്ക് തീരും വരെ മുറിയില്‍ കിടന്ന് ഉറങ്ങും. കരീമിക്കയുടെ വിചാരം എന്നും കൊയിലാണ്ടിയില്‍ പോകുന്നുണ്ടെന്നാണ്. പനിയോ മറ്റോ വന്ന് രണ്ട് ദിവസം ജോബിന്‍ താമരശേരിക്ക് പോയില്ല. അന്നാണ് ഞാന്‍ മുറിയിലുള്ളകാര്യം അവന്‍ കണ്ടത്തെിയത്. അതിന്‍െറ  ഗുട്ടന്‍സ് പിടികിട്ടിയ അവനും അത് പരീക്ഷിച്ച് തുടങ്ങി. അങ്ങനെയാണ് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായത്. ട്രെയിനിങ് കഴിഞ്ഞതില്‍ പിന്നെ ഞങ്ങളുടെ ബന്ധം ഫോണ്‍ വഴിയും ഓര്‍ക്കൂട്ടിലും മാത്രമായിരുന്നു. ചിലരുടെ കല്യാണ ചടങ്ങുകളില്‍ മാത്രമാണ് പിന്നെ ഞങ്ങള്‍ കണ്ടിട്ടുള്ളത്.

****** ******* ****** ****** ******* *****
ഗവിക്ക് പോകല്‍ ഒടുവില്‍ അവന്‍ നിശ്ചയിച്ചു. ഒക്ടോബര്‍ രണ്ടിന് അവധി ദിനത്തില്‍ മറ്റാരും ഇല്ളെങ്കില്‍ വേണ്ട. നമ്മള്‍ രണ്ടും മതി പൊയ്ക്കളയാമെട എന്നായി അവന്‍. ഒക്ടോബര്‍ ഒന്നിന് ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ പത്തനംതിട്ടയില്‍ വരും. അവിടുന്ന് ഫ്രഷായി നമുക്ക് ഗവിയിലേക്ക് പോകാം എന്ന് പറഞ്ഞു.
ആഴ്ചയില്‍ ഒരിക്കല്‍ ഓഫിന് മാത്രം വീട്ടില്‍ പൊയ്ക്കൊണ്ടിരുന്നതിനിടയില്‍ കിട്ടുന്ന അവധിദിനം ഗവയിലേക്കുള്ള ദുഷ്ക്കര യാത്രക്ക് വിനിയോഗിക്കാന്‍ എനിക്ക് മനസുവന്നില്ല. പോരെങ്കില്‍ രണ്ട് പേര്‍ മാത്രവും. മൂന്ന് നാല് പേര്‍ ഉണ്ടെങ്കില്‍ രസമാണല്ളോ യാത്ര. അവിടെ ചെന്ന് ഒന്നും കാണാനാകില്ളെന്നും തങ്ങണമെങ്കില്‍ 1500 രൂപ നല്‍കണമെന്നും ദുര്‍ഘടയാത്രയാണെന്നും ഒക്കെയുള്ള യാഥാര്‍ഥ്യങ്ങള്‍ മനസിലാകുമ്പോള്‍ ജോബിന്‍ എന്നെ തല്ലാന്‍ വന്നെന്നുമിരിക്കും. വീട്ടില്‍ നിന്ന് അന്ന് ഭാര്യ ഉണ്ടാവില്ളെന്നും അവള്‍ അവളുടെ വീടുവരെ പോകുന്നെന്നും അറിയിപ്പ് ലഭിച്ചു. അപ്പോള്‍ വീട്ടില്‍ പോയാല്‍ ശ്വസ്തത കിട്ടുമെന്നും ഉറപ്പായി. അതെല്ലാം കൊണ്ട് ഞാന്‍ ജോബിനോട് പിന്നീടാകാം എന്ന് പറഞ്ഞൊഴിഞ്ഞ് വീട്ടിലേക്ക് പോയി. ഒക്ടോബര്‍ രണ്ടിന് ഉച്ചയോടെയാണ് അറിഞ്ഞത് ജോബിന്‍ അപകടത്തില്‍പ്പെട്ടുവെന്ന്. ആദ്യം കാര്യമാക്കിയില്ല. പിന്നീടാണ് അറിഞ്ഞത് ഗുരുതരമാണെന്ന്. വൈകുന്നേരം ആയപ്പോഴേക്ക് അവനെ വീണ്ടുകിട്ടാന്‍ സാധ്യതയില്ളെന്നും അറിഞ്ഞു. ഞെട്ടിപ്പോയി. അവനെ മരണത്തിലേക്ക് തള്ളിവിട്ടത് ഞാനായിരുന്നോ... ഗവിക്ക് പോകാന്‍ സമ്മതിച്ചിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ... മനസാകെ കലങ്ങിപ്പോയി.... പിന്നെ ഞാനുറച്ചു അവന്‍ രക്ഷപ്പെടുകയാണ് ചെയ്തത്. ഊഷരമായ ഈ ലോകത്ത് നിന്ന് ശാന്തമായ തണുത്ത ലോകത്തേക്ക്...
ഗവിയിലെങ്ങാനും വച്ചായിരുന്നുവെങ്കില്‍ ഒരുപക്ഷേ എനിക്കും അവനൊപ്പം രക്ഷപ്പെടാന്‍ ചാന്‍സ് കിട്ടിയേനെ. ഒറ്റക്ക് അവന്‍ രക്ഷപ്പെട്ട് കളഞ്ഞല്ളോ.... അതേ അവന്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് എന്‍െറ വിശ്വാസം.

ബിനു. ഡി



No comments:

Post a Comment