Sunday, September 22, 2013

പറയാതെ പോയ കൂട്ടുകാരന്‍

വൈകുന്നേരം കണ്ണൂരിലെ ക്വാര്‍ട്ടേഴ്സിലിരിക്കുമ്പോഴാണ്, ജോബിന് ബസില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ടെന്നറിയിച്ച് ഇഖ്ബാല്‍ ഫോണ്‍ ചെയ്തത്. കുറച്ച് സീരിയസ് ആണെന്ന് പറഞ്ഞെങ്കിലും ശരിക്കുള്ള ഗൗരവം അന്നേരം എനിക്ക് പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനായിരുന്നു അത്. അന്നെനിക്ക് സെക്കന്‍റ് ഷിഫ്റ്റിലാണ് ഡ്യൂട്ടി. വൈകുന്നേരം മടിപിടിച്ചിരിക്കുകയാണ്. കുറച്ച് കഴിഞ്ഞിട്ട് അവനെ തന്നെ വിളിച്ച് അന്വേഷിക്കാമെന്ന് കരുതി. ഏതാണ്ട് അര മണിക്കൂര്‍ കൂടി കഴഞ്ഞപ്പോഴാവണം, തൃശൂരില്‍ നിന്ന് പ്രശാന്തിന്‍െറ ഫോണ്‍ വന്നു; ജോബിന് വളരെ സീരിയസ് ആണെന്ന്. അപ്പോഴാണ് ഞാന്‍ ആലസ്യം വെടിഞ്ഞ് സംഭവത്തിന്‍െറ ഗൗരവത്തിലേക്ക് വന്നത്. ഡ്യൂട്ടി ഒമ്പതു മണിക്കാണെങ്കിലും ഞാന്‍ വേഗത്തില്‍ കുളി കഴിച്ച് ഓഫീസിലേക്ക് തിരിച്ചു. പോവുന്ന വഴിക്ക് റിജുവിന്‍െറ വിളി... മസ്തിഷ്ക മരണം സംഭവിച്ചുവെന്നും നേരം വെളുക്കുമോയെന്ന് സംശയമാണെന്നും അറിഞ്ഞു. വിശ്വസിക്കാന്‍ വല്ലാതെ പ്രയാസപ്പെട്ടു. ജോബിന് അങ്ങനെ പറ്റാനിടയില്ലല്ളോ എന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു. ഓഫീസില്‍ എത്തി പരമാവധി സുഹൃത്തുക്കളെ വിവരമറിയിച്ചു. ഞങ്ങളൊന്നിച്ച് മലപ്പുറത്തുണ്ടായിരുന്നപ്പോള്‍ അവനോട് അടുത്ത് പെരുമാറിയവരുടെയെല്ലാം പ്രതികരണം ഏതാണ്ട് ഒരുപോലെയായിരുന്നു. ‘...ആര്‍ക്ക്, ജോബിനോ?’ എന്ന അവിശ്വസനീയത എല്ലാവരുടേയും വാക്കുകളില്‍. 
അന്ന് ചരമപ്പേജ് ചെയ്യേണ്ടത് ഞാനായിരുന്നു. എന്‍െറ മനസ് നിറയെ ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ. അവന്‍െറ മരണ വാര്‍ത്ത എന്‍െറ കൈകൊണ്ട് പേജില്‍ വെക്കാനിടവരുത്തല്ളേയെന്ന്. അതു വേണ്ടി വന്നില്ല. പിറ്റേന്ന് പുലര്‍ച്ചെയാണവന്‍ വിട്ടുപിരിഞ്ഞത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച്. രാവിലെ പ്രശാന്താണ് വിളിച്ചു പറഞ്ഞത്. പിന്നെ വിവരമറിഞ്ഞ് പലരും വിളിച്ചു. അന്ന് ഗാന്ധിജയന്തിയായതിനാല്‍ പത്രം അവധിയാണ്. എങ്ങനെയും കോട്ടയത്തത്തെി അവനെ കാണണമെന്നായി ചിന്ത. ആശുപത്രിയിലുണ്ടായിരുന്ന എബിയെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. അവനോട് വിശദമായി വഴി ചോദിച്ചു മനസിലാക്കി. പലരോടും ചോദിച്ചെങ്കിലും യാത്രക്ക് കൂട്ടിന് ആരേയും കിട്ടിയില്ല. നാട്ടില്‍ നിന്ന് രാത്രി പത്തരക്ക് പാലായിലേക്കൊരു മേരിമാതാ ബസുണ്ട്. അതിലായിരുന്നു യാത്ര. ഏഴു മണിക്കൂറോളം ദൈര്‍ഘ്യമുള്ള യാത്രക്കിടെ അവനോടിടപെട്ട് ജീവിച്ച കാലത്തെ സംഭവങ്ങള്‍ ഓരോന്നായി മനസില്‍ തെളിഞ്ഞു. 
2006 മേയില്‍ ആണ് ജോബിന്‍ മലപ്പുറം ബ്യൂറോയിലേക്ക് വരുന്നത്. അന്ന് ബ്യൂറോയില്‍ ട്രെിയിനികളായി ഞങ്ങള്‍ രണ്ടുപേരും മാത്രമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു മാനസിക ഐക്യം രൂപപ്പെട്ടിരുന്നു. അവനാണെങ്കില്‍ എന്തു പറഞ്ഞാലും മറുത്തൊന്നും പറയാതെ അനുസരിക്കുന്ന കൂട്ടത്തിലായിരുന്നത് എനിക്ക് വളരെ ഉപകാരമായി. എന്‍െറ കല്യാണം കഴിഞ്ഞിട്ട് അധികനാളായിട്ടുണ്ടായിരുന്നില്ല. ബ്യൂറോയില്‍ ആളു കുറവായതിനാല്‍ വീക്കിലി ഓഫ് പോലും കിട്ടാന്‍ പ്രയാസമുളള കാലം. ആ സമയത്ത് ജോലി പലതും അവന്‍െറ തലയിലിട്ടാണ് ഞാന്‍ മുങ്ങിയിയിരുന്നത്. ജോലിയില്‍ മലപ്പുറത്തെ പ്രത്യേക അന്തരീക്ഷത്തോട് ഇണങ്ങാന്‍ കുറച്ചൊന്ന് പ്രയാസപ്പെട്ടെങ്കിലും, പിന്നീട് ബ്യൂറോയും പ്രസ്ക്ളബും പരിസവുമൊക്കെ ചേര്‍ന്ന അവിടുത്തെ ചെറിയ കാന്‍വാസില്‍ ജോബിന്‍ അവന്‍േറതായ ഇടം കണ്ടത്തെി. എല്ലാവരുമായും പെട്ടെന്ന് അടുത്തു. ഉമറുല്‍ ഫാറൂഖ് സ്ഥലം മാറി പോയതോടെ അല്‍പം മുറുകിക്കിടന്ന ബ്യൂറോയിലെ അന്തരീക്ഷത്തിന് ജോബിന്‍െറ വരവോടെ നല്ല അയവുണ്ടായി. അവന്‍െറ സ്വതസിദ്ധമായ പെരുമാറ്റവും ഇടക്കിടെ അവന് പിണയാറുള്ള അബദ്ധങ്ങളുമെല്ലാം ബ്യൂറോയെ സജീവമാക്കി. ആദ്യദിവസം ക്വാര്‍ട്ടേഴ്സിലേക്ക് വന്ന ജോബിന്‍ അബദ്ധത്തില്‍ ബ്യൂറോ ചീഫിന്‍െറ ക്വാര്‍ട്ടേഴ്സിലേക്ക് കയറിയതും അദ്ദേഹത്തിന്‍െറ ഭാര്യ ഭയന്ന് നിലവിളിക്കാന്‍ നോക്കിയതും, ജിയോജിതിലെ പെണ്‍കുട്ടിയുമായി സമീല്‍ അവന് വിവാഹമാലോചിച്ചതും .... അങ്ങനെ റിജുവിനും പരസ്യത്തിലെ മുസ്തഫക്കുമെല്ലാം പറയാന്‍ ജോബിന്‍ കഥകള്‍ ധാരാളമുണ്ടായിരുന്നു. സ്ഥലം മാറ്റത്തിന് അപേക്ഷിക്കാനായി അവന്‍ എഴുതിയ മൂന്നു പേജ് കത്തിനെ കുറിച്ചോ ഇടക്കിടെയുള്ള അട്ടപ്പാടി യാത്രയെക്കുറിച്ചോ എത്ര കളിയാക്കിയാലും അവന് ഭാവഭേദമൊന്നുമുണ്ടാവാറില്ല. 
കുടുംബത്തോടൊപ്പം താമസിച്ച മൂന്നു മാസമൊഴിച്ചാല്‍, 2008 മേയില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും സ്ഥലം മാറ്റമാവുന്നതുവരെ ക്വാര്‍ട്ടേഴ്സില്‍ എന്‍െറ കൂടെ ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞത് ജോബിനാണ്. മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും മലപ്പുറത്തെ സി ക്ളാസ് തിയറ്ററുകളിലും വല്ലപ്പോഴും സിനിമ കാണുന്നതിനും അവനായിരുന്നു എനിക്ക് കൂട്ട്. ഡി.ടി.പിയിലെ കോയയും ഹെല്‍ത്ത് കെയറിലെ ഫൈസലുമായി ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാല്‍ സൗഹൃദത്തിന്‍െറ പ്രത്യേക രസതന്ത്രം തന്നെ രൂപപ്പെട്ടു. മലപ്പുറത്തു നിന്ന് പോന്നതിന് ശേഷം തൃശൂരിലെ യൂണിയന്‍ മീറ്റിംഗില്‍ വെച്ചാണ് കണ്ടത്. ഡസ്കിലെ ജോലിയും കൊച്ചിയിലെ അന്തരീക്ഷവും അവന്‍ നന്നായി ആസ്വദിക്കുന്നതായി സംസാരത്തില്‍ നിന്ന് മനസിലായി. ബിനീഷിന്‍െറ കല്യാണത്തിന് കണ്ണൂരില്‍ വന്നപ്പോള്‍ എബിക്കും പ്രമോദിനുമൊപ്പം അവന്‍ എന്നെ കാണാന്‍ ക്വാര്‍ട്ടേഴ്സിലേക്ക് വന്നു. രാത്രി താമസിക്കാന്‍ വരുമെന്ന് പറഞ്ഞെങ്കിലും പിറ്റേന്ന് രാവിലെയാണ് വന്നത്. അപകടം പറ്റുന്നതിനും അഞ്ചാറ് മാസം മുമ്പായിരുന്നു അത്. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. 
പിന്നെ കണ്ടത് കണ്ണാടിക്കൂട്ടില്‍ കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ കിടക്കുന്ന ജോബിനെയാണ്. ഒന്നു രണ്ടു മണിക്കൂര്‍ അവന്‍െറ മുമ്പിലിരുന്നിട്ടും ആ കിടപ്പ് എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തന്നെയായിരുന്നു. പാലായിലെ വീട്ടിലത്തെിയപ്പോഴാണറിഞ്ഞത് ആ കുടുംബത്തിന്‍െറ നാഥന്‍ അവനായിരുന്നുവെന്ന്. മലപ്പുറത്തെ ജീവിതത്തിനിടക്ക് അവനറിയിക്കാത്ത പലതും അന്നാണറിഞ്ഞത്. അവനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുറച്ചാണ് അന്ന് അവന്‍െറ വീട് നില്‍ക്കുന്ന കുന്നിറങ്ങിയത്. പലരോടും പങ്കുവെച്ചെങ്കിലും കാര്യമായി ഒന്നും നടന്നില്ളെന്ന കുറ്റബോധം ഇന്നും ബാക്കിയാണ്. 

ഒ.പി. ഷാനവാസ്

No comments:

Post a Comment