ഒരു ജോലിയായി ശമ്പളം കിട്ടാന്‍ തുടങ്ങിയിട്ടും പെണ്ണുകെട്ടാത്ത ചെറുപ്പക്കാരന്‍ നഷ്ട സ്വര്‍ഗങ്ങളുടെ തടവുകാരനാണ്. നഷ്ട സ്വര്‍ഗങ്ങളുടെ തടവറയില്‍ കിടന്നുറങ്ങുന്ന ചെറുപ്പക്കാരെ വിളിച്ചുണര്‍ത്തി, ലോക കാമനകളുടെ വാഗ്ദത്ത സ്വര്‍ഗത്തെ കുറിച്ച സ്വപ്നങ്ങള്‍ നെയ്തു കൊടുക്കുക എന്നത് രസകരമായൊരു കലയാകുന്നു. ലോകവും സമുദായവും സാമ്പത്തിക ഭദ്രതയുമെന്നെക്കെയുള്ള പാഴ് കടമ്പകള്‍ കാണിച്ച് പെണ്ണുകെട്ടലില്‍ നിന്ന് കുടുംബത്താലും സമൂഹത്താലും പേടിപ്പിച്ചിരുത്തപ്പെട്ട യുവാക്കള്‍ വാഗ്ദത്ത സ്വര്‍ഗത്തെ കുറിച്ച സ്വപ്നങ്ങളില്‍ പറന്നു നടക്കുന്ന കാഴ്ച കാണേണ്ടു തന്നെയാണ്. അത്തരമൊരു സുന്ദര കാഴ്ചയുടെ പേരായിരുന്നു എനിക്ക് ജോബിന്‍, എന്‍െറ പ്രിയപ്പെട്ട അനുജന്മാരിലൊരാള്‍.
മലപ്പുറം കുന്നുമ്മലില്‍, നഗര ഹൃദയത്തില്‍, മലബാര്‍ സമര നായകരിലൊരാളായ വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് പട്ടാളക്കോടതി വധ ശിക്ഷ നടപ്പാക്കിയ കോട്ടക്കുന്നിന്‍െറ ചുവട്ടില്‍, കിളിയമണ്ണില്‍ ബില്‍ഡിങിലാണ് ‘മാധ്യമം’ മലപ്പുറം ജില്ലാ ബ്യൂറോ നിലനില്‍ക്കുന്നത്. അസ്സല്‍ മലപ്പുറത്തുകാരനായ ഞാന്‍
പെരിന്തല്‍മണ്ണ പൂപ്പലത്തുള്ള ‘മാധ്യമം’ മലപ്പുറം എഡിഷന്‍ ഓഫിസിലേക്ക് ഡ്യൂട്ടിക്കായി പോകുമ്പോള്‍, ദിനേന കുന്നമ്മലിലെ ബ്യൂറോയില്‍ കയറി ‘ഒപ്പു’വെച്ചാണ് പോകാറ്. അത്തരമൊരു വൈകുന്നേരങ്ങളിലൊന്നിലാണ് ജോബിനെ ആദ്യമായി കണ്ടുമുട്ടുന്നത്. ജേര്‍ണലിസ്റ്റ് ട്രെയ്നിയായി ‘മാധ്യമ’ത്തില്‍ ചേര്‍ന്ന ചെറുപ്പക്കാരന്‍ എന്ന നിലയില്‍ പരിചയപ്പെടുകയും ചെയ്തു. ‘ജോബിന്‍ അഗസ്റ്റിന്‍’ എന്ന പേരും കോട്ടയം ജില്ലക്കാരനാണ് എന്ന സ്ഥല നാമീകരണവും ചേര്‍ന്ന് ഒരു ചിത്രം മനസില്‍ വന്നെങ്കിലും അതിനോട് ചേരുന്നതായിരുന്നില്ല ജോബിന്‍. ശരാശരി മലപ്പുറത്തുകാരന് പരിചയമുള്ള ക്രിസ്ത്യാനികള്‍ എന്നു പറയുന്നത് മധ്യ കേരളത്തില്‍ നിന്നും മധ്യ തിരുവിതാംകൂറില്‍ നിന്നും മറ്റും സര്‍ക്കാര്‍ ജോലിക്കാരായി മലപ്പുറത്തത്തെിയവരാണ്. അവരുടെ ആകാരം, സംസാരത്തിലെ ‘തെക്കന്‍’ ചുവ എന്നിവയൊക്കെ ചേര്‍ന്നാണ് ആ ‘ചിത്രം’ രൂപപ്പെടുക. കേട്ടുപരിചയിച്ച ‘തെക്കന്‍’ ഭാഷയില്‍ നിന്നും ആകാരത്തില്‍ നിന്നും വ്യത്യസ്തമായ, കുറേക്കൂടി മലപ്പുറത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പലതും ജോബിനിലുണ്ടെന്ന് പരിചയം വര്‍ധിക്കും തോറും ബോധ്യമായി.
മാസങ്ങള്‍ കടന്നു പോകെ, കുടുംബം, വീട്ടിലെ അംഗങ്ങള്‍, അതില്‍ വിവാഹിതരെത്ര, കോളജ് പ്രണയം തുടങ്ങി പതിവ് ചേരുവകളെല്ലാം ജോബിനില്‍ പയറ്റി അവന്‍െറ വിവാഹ സ്വപ്നങ്ങളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടങ്ങി. അങ്ങിനെയുള്ള ഒരു വൈകുന്നേരത്തിലാണ് ജോബിന്‍ പറഞ്ഞത്, അവന്‍െറ ജ്യേഷ്ഠന്‍ 19ാം വയസിലാണ് പെണ്ണുകെട്ടിയതെന്ന്!!!. തീര്‍ത്തും അവിശ്വസനീയമായാണ് ഞാനത് കേട്ടത്. പെണ്ണുകെട്ട് കേസുകെട്ടുമായി അവന്‍െറ പിറകെ ചെല്ലുന്നതില്‍ നിന്ന് ഒഴിവാകാന്‍ എന്നെ പ്രകോപിപ്പിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീടുള്ള ദിവസങ്ങളിലെ സംസാരങ്ങളില്‍ നിന്ന് അത് സത്യമാകുമെന്ന് കരുതി. ജ്യേഷ്ഠന്‍േറത് പ്രണയ വിവാഹമായിരുന്നെന്നും, അതിനാലാണ് ആ പ്രായത്തില്‍ വിവാഹം കഴിക്കാന്‍ അനുവദിച്ചതെന്നും അവന്‍ പറഞ്ഞെങ്കിലും എനിക്കത് വിഴുങ്ങാനായില്ല. ആദ്യം വിദ്യാഭ്യാസം, പിന്നെ ജോലി, എന്നിട്ട് വിവാഹം എന്നിങ്ങനെ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവരാണ് ‘തെക്ക്’ നിന്നുള്ള ക്രിസ്ത്യാനികളുള്‍പ്പെടെയുള്ള എല്ലാ സമുദായക്കാരുമെന്നായിരുന്നു എന്‍െറ പ്രാഥമിക ധാരണ. ഏതെങ്കിലും പ്രണയത്തിന്‍െറ പേരില്‍ 19ാം വയസില്‍ തന്നെ പെണ്ണുകെട്ടിച്ചു കൊടുക്കാനോ, എന്തിനധികം അങ്ങിനെ പെണ്ണു കെട്ടാനോ അവിടെയുള്ളവര്‍ തയാറാവില്ല എന്ന എന്‍െറ ധാരണയാണ് പൊളിഞ്ഞിരിക്കുന്നത്. വീട്ടിലെ കാര്യങ്ങള്‍ അങ്ങിനെയാണെങ്കില്‍ ശമ്പളം കിട്ടാന്‍ തുടങ്ങിയ യുവാവെന്ന നിലയില്‍ കാര്യങ്ങള്‍ സുഗമമായല്ളോ എന്നായി ഞാന്‍. വേണമെങ്കില്‍ മലപ്പുറത്ത് നിന്ന് പെണ്ണുകെട്ടാനും തയാറെന്ന് ജോബിന്‍ അറിയിച്ചതോടെ എന്‍െറ ജോലി പ്രതിസന്ധിയിലായി. കാരണം ക്രിസ്ത്യന്‍ എന്നതല്ലാതെ ഏതാണ് സഭയെന്നോ, എത്ര സഭകളുണ്ടെന്നോ, അവയുടെ വിത്യാസമെന്തന്നോ എന്ന കാര്യത്തില്‍ ഏതൊരു മലപ്പുറത്തുകാരനെപ്പോലെ ഞാനും അജ്ഞനായിരുന്നു. അപ്പോള്‍ വരുന്നു ജോബിന്‍െറ പോംവഴി, സഭയോ, സമുദായമോ, മതമോ പ്രശ്നമേയല്ല, പെണ്ണായാല്‍ മതി. അതോടെ എനിക്കല്‍പം ആശ്വാസമായി.
അങ്ങിനെയിരിക്കുമ്പോഴാണ് ‘മാധ്യമം’ ഓഫിസിന്‍െറ തൊട്ടുള്ള സ്വകാര്യ ഷെയര്‍ മാര്‍ക്കറ്റിങ് ബിസിനസുകാരുടെ ഓഫിസില്‍ സ്റ്റാഫായി മലപ്പുറം കോളജില്‍ എന്‍െറ ജൂനിയറായ പെണ്‍കുട്ടി വരുന്നത്. അവളെ നമുക്ക് തല്‍ക്കാലം സജ്ന എന്ന് വിളിക്കാം. സജ്ന കോളജ്മേറ്റ് എന്നതിനേക്കാളേറെ അനുജത്തിയെ പേലെയുള്ള കുട്ടിയാണ്. അവളും അവളുടെ ജ്യേഷ്ഠനും ഒന്നിച്ചാണ് കോളജിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ, അവന്‍െറ അനിയത്തി എന്ന നിലയില്‍ സജ്ന ഞങ്ങളുടെയെല്ലാം അനിയത്തിയായിരുന്നു. മിശ്ര വിവാഹിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കളാണവര്‍, അഛന്‍ ക്രിസ്ത്യന്‍, അമ്മ ഹിന്ദു നായര്‍. സജ്നയുടെ ജ്യേഷ്ഠന്‍ വിവാഹം ചെയ്തത് ഒരു ഹിന്ദു കുടുംബത്തില്‍ നിന്നായിരുന്നു. അങ്ങിനെ സജ്നയുടെ വിവാഹവും മറ്റൊരു ഹിന്ദു കുടംബത്തിലേക്കായി. നിര്‍ഭാഗ്യമെന്ന് പറയട്ടെ, കോളജില്‍ എല്ലാവരുടെയും അരുമ ‘കുഞ്ഞനുജത്തി’യായ അവള്‍ക്ക് മാസങ്ങള്‍ മാത്രം നീണ്ട വിവാഹ ജീവിതത്തിനേ ഭാഗ്യമുണ്ടായുള്ളൂ. വിവാഹ മോചനത്തിന് ശേഷമാണ് അവള്‍ ഈ ഓഫിസില്‍ ജോലിക്കത്തെിയിരിക്കുന്നത്.
വൈകുന്നേരം ‘മാധ്യമം’ ഓഫിസില്‍ വരുമ്പോള്‍ സ്വാഭാവികമായും അപ്പുറത്തെ ഓഫിസിലുള്ള സജ്നയേയും കാണുകയും കുടുംബ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. പതിയെ ഈ സംഭാഷണങ്ങളിലേക്ക് ജോബിനും കടന്നു വരാന്‍ തുടങ്ങി. അങ്ങിനെ അവരും ചെറിയ തോതില്‍ പരിചയമായി. ജോബിന് സജ്നയെ വിവാഹം ചെയ്താല്‍ കൊള്ളാമെന്നുള്ളതായി തോന്നി. ഒരു ദിവസം ജോബിനെ ബ്യൂറോയില്‍ നിന്ന് പുറത്തു കൊണ്ടുപോയി, വരാന്തയില്‍ വെച്ച് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു. ഇക്കാര്യത്തില്‍ അവന് താല്‍പര്യമുണ്ടെന്ന് കണ്ടതോടെ അവളുടെ യഥാര്‍ഥ അവസ്ഥ പറഞ്ഞുകൊടുത്തു. അവള്‍ വിവാഹ മോചിതായണ്, മാത്രമല്ല വിവാഹം ചെയ്തിരുന്നത് ഹിന്ദു കുടുംബത്തിലേക്കായിരുന്നു, ഇനിയൊരു വിവാഹം നടക്കുകയാണെങ്കില്‍ അത് ഹിന്ദു കുടുംബത്തിലേക്ക് തന്നെയാകാനേ അവര്‍ താല്‍പര്യപ്പെടൂ എന്നൊക്കെ. എന്നാല്‍ എന്നെ അദ്ഭുതപ്പെടുത്തിയത്, ഇക്കാര്യങ്ങളെല്ലാം കേട്ടിട്ടും അവന് താല്‍പര്യം വര്‍ധിച്ചുവെന്നതാണ്. അവന് കുഴപ്പമില്ളെങ്കില്‍ കാര്യങ്ങള്‍ വെച്ചു നീട്ടേണ്ടതില്ളെന്ന് കരുതി, അപ്പുറത്തെ ഓഫിസിലിരിക്കുന്ന സജ്നയെ ഞാന്‍ വിളിച്ചു. ഞങ്ങളിരുവരും നില്‍ക്കുന്നിടത്തേക്ക് അവളും വന്നു.
വളച്ചു കെട്ടില്ലാതെ ഞാന്‍ അവളോട് പറഞ്ഞു, ‘സജ്നാ, ജോബിന് നിന്നെ കെട്ടാന്‍ താല്‍പര്യമുണ്ട്’.
ഇത് കേട്ടതും സജ്ന എന്‍െറ മുഖത്തേക്ക് ഒരു നോട്ടം. ജോബിനാകട്ടെ, ഞാനിവിടയില്ളേ... എന്ന മട്ടില്‍ തലകുനിച്ച് ഒന്നു മിണ്ടാതെ വരാന്തയിലെ ഇരുമ്പു പൈപ്പില്‍ കൈപിരിച്ചു കൊണ്ടേയിരുന്നു.
സജ്ന പറഞ്ഞു ‘ഹേയ്, ജോബിന് എന്നേക്കാള്‍ ചെറുപ്പമായിരിക്കും, എന്നെ കണ്ടിട്ട് വയസ് മനസിലാകാത്തതിനാലാകും’.
ഞാനിരുവരുടേയും വയസ് തിരിക്കി, നോക്കുമ്പോള്‍ ജോബിന് അവളേക്കാള്‍ ഒരു വയസ് കുറവ്. ‘അപ്പോള്‍ കല്യാണക്കാര്യം തല്‍ക്കാലം നമുക്കിവിടെ അവസാനിപ്പിക്കാം അല്ളേ’ എന്ന് തമാശയും പറഞ്ഞ് സജ്ന പോയി. കുറച്ച് ദിവസത്തേക്ക് പിന്നെ ഇക്കാര്യത്തില്‍ സംസാരങ്ങളൊന്നുമുണ്ടായില്ല. ഒരു ദിവസം ബ്യൂറേയില്‍ വെച്ച് ഡി.ടി.പിയിലെ അഹ്മദ് കോയ പറഞ്ഞു,
‘സമീലേ, ജ് ജോബിന്‍െറ കാര്യം ഒന്ന് ശര്യാക്കി കൊട്ക്ക്, ഓനെ പറഞ്ഞ് പൂതി വെപ്പിച്ചിട്ട് പാതി വയ്ക്ക് മുങ്ങല്ളേ’...
ഇത് കേട്ട് ഞാന്‍ നോക്കുമ്പോള്‍ ഒരു കള്ളച്ചിരിയുമായി ജോബിന്‍ നില്‍ക്കുന്നു. അപ്പോള്‍ കോയ തുടര്‍ന്നു.
‘എടാ, അവള്‍ക്ക് ഒരു വയസ് ഏറെയാണന്നതോ, ഒര്വട്ടം കല്യാണം കയിഞ്ഞതാണെന്നതോ ഒന്നും ഓന് പ്രശ്നല്ല, ജ് അത് ഒന്ന് ശര്യാക്ക്’.
ഇപ്പറഞ്ഞത് ശരിയാണോ എന്നറിയാന്‍ ജോബിനെ ഞാന്‍ നോക്കിയതോടെ അവന്‍ എന്‍െറ മുഖത്തേക്ക് നോക്കാതെ ഒഴിഞ്ഞു മാറി. ഒടുവില്‍ ഗത്യന്തരമില്ലാതെ ഈ വിഷയം വീണ്ടും സജ്നയുടെ മുമ്പില്‍ ഞാന്‍ അവതരിപ്പിച്ചു.
അവള്‍ പറഞ്ഞു. ‘നോക്ക് സമീല്‍, എന്‍െറ ഫാമിലി ബാക്ക് ഗ്രൗണ്ട് നിനക്കറിയാലോ, ഒരുവട്ടം എന്‍െറ കല്യാണം കഴിഞ്ഞത് ഹിന്ദു ഫാമിലിയിലേക്കാണ്, എന്നിട്ട് അടുത്തത് ക്രിസ്ത്യന്‍ ഫാമിലിയിലേക്ക് ആവ്വാന്ന് പറഞ്ഞാല്‍ എന്താവും കഥ, അതുകൊണ്ട്,അടുത്തതും ഹിന്ദു ഫാമിലിയിലേക്ക് മതി, ഏട്ടന്‍േറത് ഹിന്ദു ഫാമിലിയില്‍ നിന്നല്ളേ...’ എന്നവള്‍ പറഞ്ഞു നിര്‍ത്തി.
അപ്പോഴാണ് ഒരു മിശ്ര വിവാഹിത ഫാമിലയില്‍ നിന്ന് സ്വന്താമായി ഐഡന്‍റിറ്റി ഉണ്ടാക്കിയെടുക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ പ്രയാസം ഞാന്‍ മനസിലാക്കിയത്. അതോടെ ആ അധ്യായം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. കല്യാണക്കാര്യം ഞാന്‍ അവസാനിപ്പിച്ചെങ്കിലും അവരിവരും നല്ല സുഹൃത്തുക്കളായി തുടര്‍ന്നു.
ഒരു സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ജോലി കിട്ടിയതോടെ സജ്ന അവിടെ നിന്ന് പോയി. മാസങ്ങള്‍ കഴിഞ്ഞ് ജോബിന്‍ മലപ്പുറത്ത് നിന്ന് ട്രാന്‍സ്ഫറായി കൊച്ചിയില്‍ പോയി. പിന്നീട് ഇടക്കൊക്കെ സജ്ന എന്നോട് ജോബിനെ കുറിച്ച് അന്വേഷിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് ‘മാധ്യമം’ ജേര്‍ണലിസ്റ്റ് യൂനിയന്‍െറ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനത്തെിയപ്പോള്‍ ജോബിനെ കണ്ടു. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ സജ്നയെ കുറിച്ച് അവന്‍ തിരിക്കി, അവളുടെ വിവാഹം നടന്നോ എന്നും അന്വേഷിച്ചു. ഇല്ളെന്ന് മറുപടിയും പറഞ്ഞു. അപ്പോഴും അവന്‍െറ കണ്ണുകളില്‍ ചെറിയൊരു തിളക്കം കണ്ടു. മാസങ്ങള്‍ കഴിഞ്ഞ് സജ്നയെ കണ്ടപ്പോള്‍ ജോബിനെ കണ്ട കാര്യം പറഞ്ഞു, ‘പാവം’ എന്നും പറഞ്ഞ് അവള്‍ പോയി. അല്‍പകാലം കഴിഞ്ഞ് ഞാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തില്‍ സൗദി അറേബ്യയിലെ റിയാദ് ബ്യൂറോയിലത്തെി. നാട്ടിലുള്ള നമ്പറുകളിലെല്ലാം വിളിച്ച് സൗഹൃദം പുതുക്കുന്ന പ്രവാസി സഹജമായ ചര്യയുടെ ഭാഗമായി സജ്നയെയും വിളിച്ചു. വിളിച്ചപ്പോള്‍ ജോബിന്‍െറ കാര്യം അവള്‍ ഓര്‍മിപ്പിച്ചു. പിറ്റേ ദിവസം രാവിലെ ഓഫിസിലത്തെിയപ്പോള്‍ സഹപ്രവര്‍ത്തകനായ ജഹര്‍ഷ പറയുഞ്ഞു, ‘മാധ്യമം കൊച്ചി യൂണിറ്റിലെ ജോബിന്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ പോകുമ്പോള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് ഗുരതരാവസ്ഥിലാണെന്ന് കോഴിക്കോട് നിന്ന് വിളിച്ചു പറഞ്ഞു’വെന്ന്. ഇത് കേട്ടതും ഞാനാകെ അസ്വസ്ഥനായി. ഉടന്‍ സിസ്റ്റത്തിലെ ‘ആക്ഷന്‍ വേയിപ്പ്’ തുറന്ന് നാട്ടിലേക്ക് വിളിച്ചു.
ആദ്യം കോയയെ തന്നെ വിളിച്ചു, ‘എടാ, എന്താണ് സംഭവം, അവന് കാര്യമായ പരിക്കുണ്ടോ’...
കോയ ആദ്യമൊന്നും പറഞ്ഞില്ല. പിന്നെ പതിയെ ചോദിച്ചു
‘അല്ലാ നിയ്യൊന്നുമറിഞ്ഞില്ളേ... ഓന്‍െറ കാര്യത്തില്‍ പ്രതീക്ഷക്ക് വല്യ വകയില്ളെന്നാണ് കേള്‍ക്കുന്നത്’...
കോയ പറഞ്ഞു നിര്‍ത്തിയപ്പോഴാണ് വെന്‍റിലേഷനിലാണ് അവനുള്ളതെന്ന് മനസിലായത്. മനമുരുകി പടച്ചവനോട് പറഞ്ഞു, ‘അല്ലാഹുവേ, ജീവിതത്തിലേക്ക് തിരിച്ചു വരലാണ് അവന് ഖൈറ് എങ്കില്‍ അങ്ങിനെയാക്കേണമേ, അല്ളെങ്കില്‍ അവന് എളുപ്പത്തിലുള്ള മരണം നല്‍കേണമേ...’
മണിക്കൂറുകളെല്ലാം ഒടുങ്ങിയതിന് ശേഷം ഒടുവില്‍ ഞങ്ങളെയെല്ലാം വിട്ട് അവന്‍ പോയ വിവരം ജഹര്‍ഷ അറിയിച്ചു. ആ വിവരം കിട്ടിയ ഉടന്‍ ഞാന്‍ സജ്നയെ വിളിച്ചു.
‘സജ്നാ, നീയറിഞ്ഞോ, ജോബിന്‍ ആക്സിഡന്‍റില്‍ മരിച്ചു’
ഫോണില്‍ അപ്പുറത്ത് നിശബ്ദത. ഒടുവിലവള്‍ പറഞ്ഞു ‘പാവം’.
ദിവസങ്ങള്‍ക്ക് ശേഷമാണ്, ജോബിന്‍െറ വീട്ടില്‍ സംസ്കാര ചടങ്ങുകള്‍ക്ക് പോയി വന്ന ‘മാധ്യമ’ത്തിലെ സുഹൃത്തുക്കളില്‍ നിന്നറഞ്ഞത്. ഞാനറിയുന്ന ജോബിനായിരുന്നില്ല, യഥാര്‍ഥ ജോബിന്‍ എന്ന്. വിവാഹ മോചിതയായ, അവനേക്കാള്‍ ഒരു വയസിന് മൂത്ത, മിശ്ര വിവാഹിതരുടെ മകളായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സന്നദ്ധനായ ജോബിന്‍ ഒരു മിത്തല്ല, കടുത്ത യാഥാര്‍ഥ്യമായിരുന്നു. ആകാശ ലോകങ്ങളിലിരുന്ന് പുഞ്ചിരിക്കുന്ന അനിയാ... ഈ പാവം ജ്യേഷ്ഠനോട്, അവന്‍െറ അറിവില്ലായ്മകളോട് നീ പൊറുക്കണേ....
ഐ. സമീല്‍,ഗള്‍ഫ് മാധ്യമം
No comments:
Post a Comment