മരണത്തിന് ഒരിക്കലും തെറ്റുപറ്റാറില്ല.
ജീവിതം ആസ്വദിക്കാന്‍ വെമ്പുന്നവരെയാണ് ആദ്യം പിടികൂടുക.
മരണം ഒരു നേട്ടമായി മനുഷ്യന്‍ കണക്കാക്കാന്‍ തുടങ്ങിയാല്‍ അവനെ ഒരിക്കലും അതാശ്വസിപ്പിക്കില്ല.
-എം.ടി. (നിന്‍െറ ഓര്‍മക്ക്)
വാചാലമാകാതെ ഉടഞ്ഞുപോയ മൗനത്തിന്‍െറ ഓര്‍മക്ക്.......
കുന്നിന്‍െറ ഉച്ചിയിലുള്ള നിന്‍െറ വീടിന് മുന്നില്‍ ഉയര്‍ത്തി കെട്ടിയ പടുതക്ക് താഴെ ഇരിക്കുമ്പോള്‍ ഹൃദയം പിളരുന്ന വേദനയോടെ ഓര്‍മകള്‍ പെരുകി വന്നു. ദൂരെ കുന്നുകളെ പൊതിഞ്ഞ മഞ്ഞ് അപ്പോഴും നീങ്ങിയിരുന്നില്ല. ഒരുപക്ഷെ, നിന്‍െറ വ്യക്തിത്വം രൂപമെടുത്തത് ആ കുന്നുകളുടെ ഗാഢ മൗനത്തില്‍ നിന്നാവും. തീരാ ദുരിതങ്ങളുടെ കനല്‍ കടമ്പകള്‍ താണ്ടിയാണല്ളോ നീ നടന്നത്. എന്നിട്ടും നിന്‍െറ ഇരുണ്ട ഓമനത്തമുള്ള വട്ടമുഖത്ത് പുഞ്ചിരി പൂത്തുനിന്നു. കാറ് മൂടിയ പൗര്‍ണമി പോലെ.
മൊബൈല്‍ മോര്‍ച്ചറിയുടെ മരവിപ്പില്‍ ഉറങ്ങുമ്പോഴും നിന്‍െറ ചുണ്ടില്‍ പുഞ്ചിരിയുണ്ടായിരുന്നതുപോലെ. മാസാവസാനത്തെ ചില്ലറ ശേഷിപ്പുകൊണ്ട് നീ പടുത്തുയര്‍ത്തിയ മുറിയിലായിരുന്നു നിന്നെ കിടത്തിയത്. ഞങ്ങള്‍ ശമ്പളം ആഘോഷിച്ചപ്പോള്‍ നീ കാന്‍റീനിലെ മടുപ്പിക്കുന്ന മഞ്ഞക്കറിയില്‍ രുചിയുടെ വൈവിധ്യങ്ങള്‍ തളച്ചിട്ടാണ് നാണയത്തുട്ടുകള്‍ സ്വരുക്കൂട്ടിയത്.
കീറിപ്പറിഞ്ഞ ബഡ് ഷീറ്റും പഞ്ഞി കണക്കേ പിഞ്ചിയ കള്ളിമുണ്ടും കത്തിക്കുമെന്ന് ഞങ്ങള്‍ ഭീഷണി മുഴക്കിയപ്പോള്‍ ദാരിദ്ര്യം മറച്ചുവെച്ച് നീ സോഷ്യലിസ്റ്റും പരിത്യാഗിയുമായി. എന്നിട്ടും അവയൊക്കെ ഞങ്ങളിലാരോ ചീന്തിക്കളഞ്ഞല്ളോ. ട്രെയിനിങ് കാലത്ത് മാസാന്ത്യത്തിലെ ഞെരുക്കത്തില്‍ ഞങ്ങള്‍ തിളച്ച് മറിഞ്ഞപ്പോള്‍ നിന്‍െറ മുഖം ശാന്തമായിരുന്നു. ചേതനയറ്റ ദേഹം കാണാന്‍ ഈ കുന്ന് കയറുന്നതുവരെ നിന്‍െറ പെരുളറിയാന്‍ കഴിയാഞ്ഞത് ഞങ്ങളുടെ മനുഷ്യത്വമില്ലായ്മയോ അതോ നിന്‍െറ മഹത്വമോ?
നിന്‍െറ വീട്ടിലേക്കുള്ള കുന്ന് കയറുമ്പോള്‍ എം.ജി. സര്‍വകലാശാലയിലെ ലൈബ്രറിയാണ് ഓര്‍മ വന്നത്. മധ്യാഹ്നങ്ങളിലെ ആയാസകരമായ ലൈബ്രറി കയറ്റത്തിനിടെ കുന്നിന്‍െറ മധ്യത്തിലെ കോഫി ഷോപ്പില്‍വെച്ചാണെന്ന് തോന്നുന്നു നിന്നെ ഞാന്‍ പരിചയപ്പെട്ടത്. സിസിലെ (സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ്) എന്‍െറയും നിന്‍െറയും അലസ ഗമനങ്ങളില്‍ ഒരു ഗാഢ സൗഹൃദമായി അത് വളര്‍ന്നില്ല. ചുട്ടുപൊള്ളുന്ന മാധ്യമ ചര്‍ച്ചകളിലും ചെമ്പകച്ചോട്ടിലെ പ്രണയാവേശങ്ങളിലും ഞാനും നീയും അസ്പൃശ്യരായിരുന്നല്ളോ. പിന്നെ ബി.എഡ് കോളജ് ഹാളിലെ ഫിലിം ഫെസ്റ്റിവലില്‍ ഫ്രെയിമുകള്‍ക്കിടയിലെ വെളിച്ചപ്പാളികളില്‍ നിന്‍െറ കണ്ണുകള്‍ തിളങ്ങുന്നതും കെടുന്നതും കണ്ടു. കോളജ് തെരഞ്ഞെടുപ്പില്‍ ചുവപ്പും കാവിയും ഏറ്റുമുട്ടിയപ്പോള്‍ അവിടെയും നിന്‍െറ ഒച്ച ഉയര്‍ന്നുകേട്ടില്ല.
പിന്നെ നിന്നെ കണ്ടത് മാധ്യമത്തിലെ ഇന്‍റര്‍വ്യൂ മുറിക്ക് പുറത്തെ ഇടനാഴിയിലാണ്. പരിശീലന കളരിയില്‍വെച്ചാണ് നാം ആദ്യമായി ചങ്ങാതിമാരായത്. എന്നിട്ടും നിനക്കും എനിക്കുമിടയില്‍ ഒരു മഞ്ഞുപാളി കനത്തുനിന്നു.
കൊച്ചിയിലെ ജീര്‍ണിച്ച ക്വാര്‍ട്ടേഴ്സില്‍ കഴിയുമ്പോഴാണ് നീ ‘മത്തായിയും ജോബ് മാര്‍ലി’യുമായി ഞങ്ങളുടെയിടയില്‍ ഹീറോ ആയത്. ജോബ് മാര്‍ളിയെന്ന് പേരിട്ടത് നിനക്ക് മുമ്പേ പരലോകം പൂകിയ റിയാസായിരുന്നല്ളൊ.
പ്രത്യയശാസ്ത്ര ചര്‍ച്ചകളില്‍ നീ പ്രായോഗിക വാദിയായി. സായിനാഥിന്‍െറ ‘പെയിഡ് ന്യൂസ്’ പ്രഭാഷണം ഞങ്ങളെ ആവേശം കൊള്ളച്ചപ്പോള്‍ നീ തലനാരിഴ കീറി നിഷ്പക്ഷനായി. അതിനെ ‘പാലാക്കാരന്‍ നസ്രാണിയുടെ പാപ്പരാസി വിധേയത്വമെന്ന്’ ഞങ്ങള്‍ വിശേഷിപ്പിച്ചത് തര്‍ക്കിച്ച് ജയിക്കാനാവാഞ്ഞതുകൊണ്ടാണ്. ഇംഗ്ളീഷ് പഠിക്കാന്‍ ‘വേട്ട’ക്ക് പോയതും ഫോര്‍ട്ടുകൊച്ചിയില്‍വെച്ച് ജപ്പാന്‍കാരനെ ആംഗലേയ ഭാഷ പ്രയോഗിച്ച് ‘മുട്ടുകുത്തിച്ചതും’ ക്വാര്‍ട്ടേഴ്സും കടന്ന് ഡെസ്കിലും ചിരി പടര്‍ത്തി. കമ്പ്യൂട്ടറില്‍നിന്ന് നിന്‍െറ പേജുകള്‍ അടിക്കടി മാഞ്ഞ് പോയതും ഡെസ്ക് മീറ്റിങ്ങില്‍ വിവാദമായി. എന്നിട്ടും ശങ്കയേതുമില്ലാതെ ഡെഡ് ലൈനിന്‍െറ മണിമുഴങ്ങും മുമ്പ് നീ പേജുകള്‍ സ്ട്രിപ്പിങ്ങിലത്തെിച്ചു.
കാന്‍റീനിലെ എച്ചില്‍ മണം വിങ്ങുന്ന മുറിയില്‍ കൊതുകും മൂട്ടയും ഉറക്കം പകുത്തെടുക്കുമ്പോള്‍ നിന്‍െറ മൊബൈല്‍ ഫോണ്‍ സംഗീതസാന്ദ്രമാകുന്നത് ഓര്‍ക്കുന്നു. റഫിയും കിഷോറും മലയാള ക്ളാസിക്കുകളും കടന്ന് അത് പിന്നെ മരണ സംഗീതമായി. ‘കര്‍ത്താവേ, ആഴത്തില്‍നിന്നുമിപ്പോള്‍ ആര്‍ത്തനായ് കേഴുന്നു’ എന്നു തുടങ്ങുന്ന ഗാനം നമുക്കിടയില്‍ എത്രമാത്രം അസ്വാരസ്യമുണ്ടാക്കി. പള്ളിയിലും പട്ടക്കാരിലും പ്രിയമില്ലായിരുന്നെങ്കിലും നീ എന്തിന് ആ പാട്ട് ഇഷ്ടപ്പെട്ടു? എങ്കിലും നീ മരണത്തെ സ്ഹേിച്ചിരുന്നില്ല. ഓരോ പുലര്‍ച്ചകളിലും നീ ജീവിതത്തെ കൂടുതല്‍ ഇഷ്ടപ്പെടുകയായിരുന്നു.
ഇനി ഞങ്ങള്‍ കുന്നിറങ്ങട്ടെ. പോകാതെ വയ്യ. ഞങ്ങളെ കാത്ത് ഫയലുകള്‍ കുമിയുന്നുണ്ടാകും. ഇനി നീ വിശ്രമിക്കുക. എങ്കിലും നീ മരിച്ചെന്ന് ഞങ്ങള്‍ വിശ്വസിക്കില്ല. കാറ് നീക്കി നീ എന്നെങ്കിലും പൂര്‍ണ ചന്ദ്രനായി പുറത്തുവരുമെന്ന് ആശിച്ചോട്ടെ.....
താജുദീന്‍
No comments:
Post a Comment