ഒക്ടോബര്‍ ഒന്ന് പുലര്‍ച്ചെ രണ്ട് മണി. ജോബിനെ അവസാനമായി കണ്ട രാത്രി. ഡ്യൂട്ടി കഴിഞ്ഞിറങ്ങി പോകുന്നതിന് മുന്‍പ് അവന്‍ പറഞ്ഞു-ഉറക്കം വരുന്നു. ഞാന്‍ റൂമിലേക്ക് പോകുന്നു. രാവിലെ വീട്ടില്‍ പോകണം. നാളെ ഓഫ് ആണ്...പക്ഷെ നേരെ പോയത് പ്രസിലേക്ക്. പതിവില്ലാത്തവിധം പ്രസിലെ സുഹൃത്തുക്കളുമായി കുറേ സംസാരിച്ചു, പ്രിന്‍റിംഗ് മെഷീന്‍െറ മുകളില്‍ വരെ കയറി, സംശയങ്ങള്‍ ചോദിച്ചറിഞ്ഞു.
സന്ധ്യമയങ്ങിയപ്പോള്‍ കൊച്ചിയില്‍ നിന്ന് അജാസിന്‍െറ ഫോണ്‍-‘നമ്മുടെ ജോബിന്‍ ആക്സിഡന്‍റായി, കോട്ടയം മെഡിക്കല്‍ കോളജിലാണ്’...വീട്ടിലായിരുന്ന ഞാന്‍ വിവരം തിരക്കി പലരെയും വിളിച്ചു. ആര്‍ക്കും കൂടുതല്‍ വിവരം അറിയില്ല.
സീരിയസ് ആണെന്ന് കോട്ടയം ഓഫിസില്‍ നിന്നറിഞ്ഞു. രാത്രി 11 മണിവരെ നിരവധി ഫോണ്‍ കോളുകള്‍..മരിച്ചെന്നും ഇല്ളെന്നും. ഉറങ്ങാന്‍ പറ്റിയില്ല. എങ്ങിനെയും നേരംവെളുപ്പിച്ച് അവനെ കാണണമെന്ന ചിന്തയെ മനസിലുണ്ടായിരുന്നുള്ളു. പുലര്‍ച്ചെ എഴുന്നേറ്റ് കോട്ടയം പോകാന്‍ ഇറങ്ങിയപ്പോള്‍ തൊടുപുഴ ബ്യൂറോചീഫ് അഷ്റഫ് വട്ടപ്പാറയുടെ ഫോണ്‍-‘അവന്‍ പോയി. പത്ത് മിനിറ്റേ ആയുള്ളു’...മൂന്നാമതൊരു വാക്കിന് മനസില്ലാതെ അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. തരിച്ചിരുന്നുപോയി. വാവിട്ട് കരയാന്‍ പോലും പറ്റാതെ. അവനെ അവസാനമായി കാണാനുള്ള കോട്ടയം യാത്രയില്‍ ഒരായിരം ഓര്‍മകള്‍ മനസില്‍ മിന്നിമാഞ്ഞു. ജോബിനുമൊത്തുള്ള ബൈക്ക് യാത്രകള്‍...തട്ടുകട തേടി കൊച്ചിയിലൂടെയുള്ള രാത്രിസഞ്ചാരം...വാരാദ്യമാധ്യമത്തിലേക്ക് സ്റ്റോറി ചെയ്യുന്നതിനായി കുമ്പളങ്ങി യാത്ര...ആതിരപ്പള്ളിയിലേക്ക് ഫാമിലി ടൂര്‍...ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ഒരുമിച്ച്...അങ്ങിനെ കുറേ യാത്രകള്‍, ഓര്‍മകള്‍. എല്ലാം ഇനി ഓര്‍മകള്‍ മാത്രമാണെന്ന യാഥാര്‍ഥ്യം പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തു. കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ നിലത്ത് അവന്‍െറ ശരീരം. ഒന്നേ നോക്കിയുള്ളു... രണ്ടാഴ്ചക്കിടെ ഞങ്ങള്‍ക്ക് നഷ്ടമായത് രണ്ട് സുഹൃത്തുക്കളെയാണ്. സെപ്തംബര്‍ 14ന് തൃശൂര്‍ ഡസ്കിലെ സബ്എഡിറ്റര്‍ എന്‍.കെ. റിയാസ്, പിന്നെ ജോബിനും. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങള്‍.
എപ്പോഴും ചിരിച്ച മുഖം, വല്ലപ്പോഴും തെളിയുന്ന ബുള്‍ഗാന്‍, രണ്ട് കൈയും വീശിയുള്ള നടപ്പ്...ഓര്‍മകളില്‍ ജോബിന്‍െറ മുഖം ഇതാണ്. ദേഷ്യപ്പെടുമ്പോഴും ചിരിക്കും. രാത്രിജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ അവനും കൂടെ കൂടും-‘വീട്ടില്‍ പോകേണ്ട കാര്യമുണ്ട്, എന്നെ മൂവാറ്റുപുഴ ഇറക്കിയാല്‍ മതി’. ഞാന്‍ ചോദിക്കും-നിനക്കെന്താ വട്ടുണ്ടോ, നാളെ ഡ്യൂട്ടിക്ക് കയറണ്ടെ, വീട്ടിലത്തെിയാല്‍ അപ്പോള്‍ തന്നെ തിരിച്ചുവരണ്ടെ’. കൂടുതലൊന്നും പറയാന്‍ നില്‍കാതെ ‘നീ വണ്ടിയെടുക്ക്’ എന്ന ആജ്ഞയുമായി അവന്‍ ബൈക്കില്‍ കയറും. ദൃതിപിടിച്ച് ഓടിക്കിതച്ച് വീട്ടില്‍ പോയത് എന്തിനാണെന്ന് മനസിലാക്കാന്‍ അവന്‍െറ മരണം വരെ കാത്തിരിക്കേണ്ടി വന്നു. അവന്‍െറ മൃതദേഹം വഹിച്ച ആംബുലന്‍സുമായി രാമപുരത്തിന്‍െറ കുന്നുകയറും വരെ ഉറ്റസുഹൃത്തുക്കള്‍ പോലും ജോബിനെ അറിഞ്ഞിരുന്നില്ല, അവന്‍െറ അവസ്ഥ മനസിലാക്കിയിരുന്നില്ല, അവന്‍ ആരോടും പറഞ്ഞതുമില്ല...കുന്നിന് മുകളില്‍ ഇനിയും പണിതീരാത്ത വീട്, അഛന്‍ ചെറുപ്പത്തിലേ മരിച്ചു, ഒരു വര്‍ഷം മുന്‍പ് അമ്മയും. അനുജന്‍ ഡോണക്ക് കാര്യമായ ജോലിയില്ല. വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ജോബിനായിരുന്നു. ഒരുകുടുംബത്തിന്‍െറ മുഴുവന്‍ അത്താണിയാകുമ്പോഴും ചിരിച്ച മുഖത്തോടെ അവന്‍ എല്ലാം നേരിട്ടു.
രാമപുരം സെന്‍റ് അഗസ്റ്റിന്‍ പള്ളിയുടെ സെമിത്തേരിയില്‍ അവനെ ഒറ്റക്കാക്കി പിരിയാന്‍ നേരം ഡോണയെ കണ്ടു, നിറമിഴികളോടെ, ചിരിച്ചുകൊണ്ട്...‘ഞങ്ങള്‍ക്ക് ഒരു വിഷമവുമില്ല, എന്തിനാ വിഷമിക്കുന്നെ, അല്ളെങ്കില്‍ തന്നെ വിഷമിച്ചിട്ടെന്ത് കാര്യം, അവന്‍ പോയി, ഏക ആശ്രയമായിരുന്നു, അതും പോയി, പോട്ടെ’...ആരും ആശ്വസിപ്പിക്കാന്‍ ഇല്ലാത്തവന്‍െറ ആശ്വാസവാക്കുകള്‍. കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കണമെന്ന് തോന്നി. എന്തോ, കഴിഞ്ഞില്ല. തോളില്‍ തട്ടി ആശ്വസിപ്പിച്ച് വീട് വിട്ടിറങ്ങി, അവന്‍െറ അനുജനെയും തനിച്ചാക്കി.
രണ്ടാഴ്ചക്ക് ശേഷം ഒരിക്കല്‍കൂടി ആ കുന്ന് കയറി...കൊച്ചിയില്‍ അവന്‍െറ പ്രിയ സഹപ്രവര്‍ത്തകരായിരുന്ന എം.എ. ഷാനവാസ്, എം.ജെ. ബെല്‍ത്ത്സര്‍, കെ.എം. സഹീര്‍ എന്നിവരുമൊത്ത്. വീട്ടിലെ ഭിത്തിയില്‍ അഛന്‍െറയും അമ്മയുടെയും ചിത്രത്തിനൊപ്പം അവനെയും കണ്ടപ്പോള്‍ നെഞ്ചൊന്ന് പിടഞ്ഞു. രാമപുരം സെന്‍റ് അഗസ്റ്റിന്‍ പള്ളിയിലെ അവന്‍െറ കല്ലറയില്‍ ഇനിയും വാടാത്ത പൂക്കള്‍...
‘ബൈജു കൊടുവള്ളിയെ കൊണ്ട് കുറച്ച് ഫോട്ടോ എടുപ്പിക്കണം. മരിക്കുമ്പൊഴെങ്കിലും പത്രത്തില്‍ കൊടുക്കാമല്ളോ’-പിരിയുന്നതിന് രണ്ട് ദിവസം മുന്‍പ് റിയാസിന്‍െറ ചിത്രങ്ങളില്‍ നോക്കി അവന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. അവന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നോ. രാത്രിയുള്ള ബൈക്ക് യാത്രയില്‍ പുത്തന്‍കുരിശിനടുത്തുള്ള ഇടുങ്ങിയ പാലമത്തെുമ്പോള്‍ അവന്‍ ചോദിക്കും -‘മരണപ്പാലം എത്തിയോടാ’. എല്ലാം അറിഞ്ഞിരുന്നിട്ടും ഒന്നും പറയാതെ അവന്‍ പോയത് പോലെ...വെറുതെ വഴക്കുണ്ടാക്കിയതും തല്ലുണ്ടാക്കിയതും എന്തിനാണെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസിലാകുന്നു. എല്ലാം ഓര്‍മകള്‍മാത്രമായല്ളൊ...ഒരിക്കലും തിരിച്ചു കിട്ടില്ളെന്ന് ഉറപ്പുണ്ടായിട്ടും പിന്നെയും കൊതിച്ചു പോവുകയാണ്...നിന്നോടൊപ്പമുള്ള ആ നല്ല ദിനങ്ങള്‍ക്ക് വേണ്ടി...
T.A. Shihab
Madhyamam
kochi
99461 12340
No comments:
Post a Comment